ഭദോഹി : ഉത്തർപ്രദേശിലെ സൂര്യാവ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതന ഹനുമാൻ ക്ഷേത്രത്തിലെ എഴുപത്തിയഞ്ച് വയസുള്ള പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടോടെയാണ് വയോധികനായ സീതാറാമിന്റെ രക്തത്തിൽ കുളിച്ച് കിടക്കുന്ന മൃതദേഹം മുറിയിൽ കണ്ടെത്തിയത്.
ബവാൻ ബിഘ കുളത്തിന് സമീപം നിർമ്മിച്ച ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നും പൂജാരി സീതാറാം ക്ഷേത്രവളപ്പിലെ മുറിയിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ക്ഷേത്രത്തിൽ നിന്ന് നിരവധി മണികളും സംഭാവന പെട്ടികളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ചിലർ ആരാധനയ്‌ക്കായി ക്ഷേത്രത്തിൽ പോയപ്പോൾ പൂജാരിയെ കണ്ടില്ലെന്ന് എഎസ്പി തേജ് വീർ സിംഗ് പറഞ്ഞു. അവർ അദ്ദേഹത്തിന്റെ മുറിയിൽ ചെന്നപ്പോൾ പൂജാരിയെ മരിച്ച നിലയിൽ കാണുകയായിരുന്നു.
30 വർഷം മുമ്പാണ് ബീഹാറിൽ നിന്ന് സീതാറാം ഇവിടെ എത്തിയതെന്നും ക്ഷേത്രം നോക്കുന്നതിനും പൂജ നടത്തുന്നതിനുമുള്ള ഉത്തരവാദിത്തം നാട്ടുകാർ അദ്ദേഹത്തെ ഏൽപ്പിച്ചതായും ഓഫീസർ പറഞ്ഞു. അന്നുമുതൽ ക്ഷേത്രപരിസരത്താണ് താമസം.
നേരത്തെ ക്ഷേത്രപരിസരത്ത് മോഷണം, അനാശാസ്യം എന്നിവയെ കുറിച്ച് പൂജാരി നിരവധി പരാതികൾ പോലീസിന് നൽകിയിരുന്നു. എന്നാൽ ഇതിന് വേണ്ട നടപടിയെടുത്തിരുന്നില്ല. തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാല് പോലീസുകാരെ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം ഡിപ്പാർട്ട്മെന്റ് ഉടൻ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
മുൻപ് പൂജാരി സമർപ്പിച്ചിരുന്ന പരാതികളിൽ ഉൾപ്പെട്ടിരുന്ന പ്രതികളാവാം ഒരു പക്ഷേ കൊലപാതകികൾ എന്നാണ് പോലീസ് അനുമാനം. കൊലയാളികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചുവെന്ന് എഎസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: