ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിനു പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരര്‍ ലക്ഷ്യമിടുന്നുണ്ട്.
നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ലോഞ്ച് പാഡ് സോനാറില്‍ വിവിധ സംഘങ്ങളില്‍പ്പെട്ട നാലോ അഞ്ചോ ഭീകരര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിനു തയാറായി നില്‍ക്കുന്നു. അവര്‍ക്ക് ഒരു ഗൈഡുമുള്ളതായാണ് സൂചന. പാക് അധീനിവേശ കശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഭീകരരാണ് ആക്രമണത്തിനൊരുങ്ങുന്നത്. അതിനിടെ ബരാമുള്ളയിലെ ആപ്പിള്‍ തോട്ടത്തില്‍ നിന്ന് രണ്ടു ഭീകരരെ സൈന്യം പിടികൂടി. പ്രദേശത്ത് ഇനിയും ഭീകര സാന്നിധ്യമുണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ നടത്തുന്നു.
ജമ്മുകശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടമായപ്പോള്‍ സമാധാനപരമായി നടത്താതിരിക്കാനാണ് ഭീകരരുടെ ശ്രമം. വിജയകരവും സമാധാനപരവുമായി തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കിയാല്‍ അത് ഭീകരര്‍ക്കും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കും വലിയ തിരിച്ചടിയാകും. അതിനാലാണ് ചാവേര്‍ ആക്രമണങ്ങള്‍ക്കു ശ്രമിക്കുന്നത്.
മൂന്നു ഘട്ടമായുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടം പൂര്‍ത്തിയായി. സപ്തം. 18നും 25നുമായിരുന്നു ആദ്യ രണ്ടു ഘട്ടങ്ങള്‍. ഇന്നാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ്. ഏഴു ജില്ലകളിലായി 40 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. 415 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 5060 പോളിങ് സ്‌റ്റേഷനുകള്‍ വോട്ടെടുപ്പിനായി തയാറായിക്കഴിഞ്ഞു. 20,000 ജീവനക്കാരെയാണ് പോളിങ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഒക്ടോ. എട്ടിനാണ് ഫല പ്രഖ്യാപനം. ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഈ മണ്ഡലങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: