ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ ഇലക്ടോറല്‍ ബോണ്ടിലൂടെ പണം തട്ടിപ്പറിച്ചെന്ന കെട്ടിച്ചമച്ച കേസിന്റെ അന്വേഷണം കര്‍ണ്ണാടക ഹൈക്കോടതി തടഞ്ഞു. ഭാരതീയ ന്യായസംഹിതയുടെ 286ാം വകുപ്പ് പ്രകാരം അതിക്രമത്തിന് ഇരയായ വ്യക്തിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നതുള്‍പ്പെടെയുള്ള ചില സുപ്രധാനകാര്യങ്ങള്‍ ഉണ്ടായാലേ പണം തട്ടിപ്പറിച്ചുവെന്ന കുറ്റത്തില്‍ അന്വേഷണം നടത്താന്‍ സാധിക്കൂവെന്ന് ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്ന പറഞ്ഞു. ഈ കേസില്‍ ജെ.പി.നദ്ദ, മുന്‍ കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കട്ടീല്‍ എന്നിവര്‍ക്കെതിരായ അന്വേഷണവും ഹൈക്കോടതി സ്റ്റേ ചെയ്തു.
എന്നാല്‍ പരാതിക്കാരനെതിരെ അത്തരം നേരിട്ടുള്ള ഭീഷണിപ്പെടുത്തല്‍ ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ പണം തട്ടിപ്പറിച്ചതിന് കേന്ദ്രധനമന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന മജിസ്ട്രേറ്റ് ഉത്തരവ് പരിഗണിക്കാന്‍ കഴിയില്ലെന്നും നാഗപ്രസന്ന പറഞ്ഞു.
ഹൈക്കോടതിയുടെ അടുത്ത വാദം കേള്‍ക്കല്‍ വാരെ ഈ കേസില്‍ അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നതായും ജസ്റ്റിസ് നാഗപ്രസന്ന ഉത്തരവിട്ടു. ഒക്ടോബര്‍ 22ന് ഹൈക്കോടതി വീണ്ടും ഈ കേസില്‍ വാദം കേള്‍ക്കും.
ഇഡി റെയ്ഡ് നടത്തും എന്ന് ഭീഷണിപ്പെടുത്തി ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കമ്പനികളെക്കൊണ്ട് ബലം പ്രയോഗിച്ച് ഇലക്ടോറല്‍ ബോണ്ടുകള്‍ വാങ്ങിച്ചു എന്നാണ് പരാതിക്കാരന്‍ നിര്‍മ്മല സീതാരാമനും ജെ.പി. നദ്ദയ്‌ക്കും നളിന്‍കുമാര്‍ കട്ടീലിനും എതിരെ ആരോപിച്ചത്. പരാതിക്കാരന് വേണ്ടി സീനിയര്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. ഇഡി റെയ്ഡ് നടത്തും എന്ന് ഭീഷണിപ്പെടുത്തി കമ്പനികളെക്കൊണ്ട് ഇലക്ടോറല്‍ ബോണ്ടുകള്‍ വാങ്ങിക്കുന്നത് പണം തട്ടിപ്പറിക്കുന്നതിന് സമാനമാണെന്ന പ്രശാന്ത് ഭൂഷന്റെ വാദം ഹൈക്കോടതി മുഖലവിലയ്‌ക്കെടുത്തില്ല. ധാര്‍മ്മിക ഉത്തരവാദിത്വം കണക്കിലെടുത്ത് നിര്‍മ്മല സീതാരാമന്‍ രാജിവെയ്‌ക്കണമെന്ന് വരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: