ഗാല്ലെ: ഉറപ്പായിരുന്ന ജയം അനായാസം കൈക്കലാക്കി ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി. രണ്ട് മത്സര പരമ്പരയില്‍ രണ്ടാമത്തേത് ഇന്നിങ്സിനും 154 റണ്‍സിനുമാണ് ആതിഥേയര്‍ ജയിച്ചത്. ആദ്യ ഇന്നിങ്സിലും ശ്രീലങ്ക വിജയിച്ചിരുന്നു. രണ്ട് മത്സര പരമ്പര 2-0ന് ലങ്ക സമ്പൂര്‍ണമായി കീഴടക്കി.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ കിവീസിന് മുന്നില്‍ 515 റണ്‍സിന്റെ വിജയലക്ഷമാണ് ശ്രീലങ്ക വച്ചത്. ഇതിനെതിരെ 360 റണ്‍സെടുക്കാനേ ന്യൂസിലന്‍ഡിന് സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 602 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ശ്രീലങ്കയ്ക്കെതിരെ സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്സില്‍ വെറും 88 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു.
രണ്ടാം ടെസ്റ്റില്‍ ഇന്നലെ ഗ്ലെന്‍ ഫിലിപ്സിന്റെയും(78) മിച്ചല്‍ സാന്റ്നറുടെയും(67) അര്‍ദ്ധ സെഞ്ചുറികളാണ് കിവീസിന്റെ തോല്‍വി ആഘാതം കുറച്ചത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് സാന്റ്നര്‍ കുറച്ചു കൂടി പിടിച്ചുനില്ക്കാന് നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനുള്ള ബലം അതിനുണ്ടായിരുന്നില്ല. ടിം സൗത്തി(10), അജാസ് പട്ടേല്‍(22) എന്നിവരെ പ്രഭാത് ജയസൂര്യയാണ് പുറത്താക്കിയത്.
ലങ്കന്‍ ഇന്നിങ്സില്‍ ഇരട്ടസെഞ്ചുറിക്ക് അടുത്തുവരെയെത്തിയ പ്രകടനം കാഴ്ച്ചവച്ച കമിന്ദു മെന്‍ഡിസ് കളിയിലെ താരമായി. താരത്തിന്റെ 182 റണ്‍സാണ് ടീമിന് വമ്പന്‍ ടോട്ടല്‍ നേടിക്കൊടുത്തത്. രണ്ട് മത്സരങ്ങളിലും സ്പിന്‍ ബൗളിങ്ങുമായി മികച്ചു നിന്ന പ്രഭാത് ജയസൂര്യ പരമ്പരയുടെ താരമായി.
അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനായ ശ്രീലങ്കയുടെ നിഷാന്‍ പെയ്റിസ് ആയിരുന്നു മത്സരത്തിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഇന്നലെ വീണ അഞ്ചില്‍ മൂന്ന് വിക്കറ്റുകളും നേടിയത് പെയ്റിസ് ആണ്. രണ്ടാം ഇന്നിങ്സില്‍ ആകെ ആറ് വിക്കറ്റുകളാണ് ഈ പുതുമുഖ താരം നേടിയത്. ആദ്യ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും നേടിയിരുന്നു. മത്സരത്തില്‍ താരത്തിന്റെ ആകെ വിക്കറ്റ് നേട്ടം ഒമ്പത് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: