ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറും ഭാരതപ്രതിനിധി ഭാവിക മംഗളാനന്ദനും പാകിസ്ഥാനുകൊടുത്ത മറുപടിയും ശ്രീനഗറില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്കിയ മുന്നറിയിപ്പും ശ്രദ്ധേയമാണ്. ഭാരതത്തിനെതിരെ പ്രധാന തന്ത്രമായി അതിര്‍ത്തി കടന്നുള്ള ഭീകരത ഉപയോഗിക്കുന്ന പാകിസ്ഥാന് ഉറപ്പായും അനന്തര ഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഭാരതം ഉറപ്പിച്ചു പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി ഭീകരവാദ സംഭവങ്ങളില്‍ വിരലടയാളം പതിച്ച രാജ്യമാണ് പാകിസ്ഥാനെന്ന് ഐക്യരാഷ്ട്രസഭയില്‍ ഉദാഹരണങ്ങള്‍ നിരത്തി ചൂണ്ടിക്കാട്ടുകയും ചെയ്തു. പാക് അധിനിവേശ കാശ്മീര്‍ വിട്ടുകിട്ടണമെന്നാണ് യുഎന്‍ പൊതുസഭയില്‍ ഉറച്ച ശബ്ദത്തില്‍ ഡോ. ജയശങ്കര്‍ ആവശ്യപ്പെട്ടത്. പാകിസ്ഥാന് മൂന്നായി വിഭജിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. പാകിസ്ഥാന്റെ നിര്‍ദേശപ്രകാരം ഭാരതത്തില്‍ ഭീകരത പടര്‍ത്തുന്നവര്‍ക്ക് ശവസംസ്കാരത്തിന് സ്ഥലം പോലും ഉണ്ടാകില്ലെന്നും ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന് വലിയ പുലിയാണെന്ന് ഇപ്പോഴും വിശ്വസിക്കുകയും വിളിച്ചുപറയുകയും ചെയ്യുന്ന മണിശങ്കര്‍ അയ്യരെപോലുള്ള നേതാക്കള്‍ക്കും വിദേശ രാജ്യത്തുപോയി ഭാരതത്തെ ഇകഴ്ത്തിക്കാട്ടുന്ന പ്രതിപക്ഷ നേതാവിനും ഒക്കെയുള്ള മറുപടികൂടിയാണ് ഈ പ്രസ്താവനകള്‍.
കൂലിക്കെടുത്ത പ്രത്യയശാസ്ത്ര അഞ്ചാംപത്തികളെയും കപടമനുഷ്യാവകാശവാദികളെയും കൂട്ടി അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ പേര് മോശമാക്കുക എന്നതായിരുന്നു പാകിസ്ഥാന് ഏറ്റവും വലിയ വിദേശകാര്യനയതന്ത്രമായി കരുതിയിരുന്നത്. ഭാരതത്തിലെ മറ്റുസ്ഥലങ്ങളെ കഴിയുന്നത്ര ആക്രമണങ്ങളില്‍ നിന്നൊഴിവാക്കി ശ്രദ്ധ കശ്മീരില്‍ കേന്ദ്രീകരിക്കുക, കാശ്മീരികള്‍ക്ക് പണ്ടേ പിന്തുണ പ്രഖ്യാപി
ച്ചിരിക്കുന്നതിനാല്‍ അവിടത്തെ ഇടപെടലുകളെ ന്യായീകരിക്കുക, കശ്മീരിന് സ്വാതന്ത്ര്യം നല്‍കണം എന്ന് ആവശ്യപ്പെടാന്‍ തയ്യാറായ ഭാരത ബുദ്ധിജീവിനിരയെയും മനുഷ്യാവകാശകൂലിപ്പട്ടാളത്തെയും വില നല്കി സജ്ജമാക്കിയിരിക്കുക, എന്നതൊക്കെ ഇതിന്റെ ഭാഗമായിരുന്നു.
കശ്മീരില്‍ ഭാരത സൈനികരെയും പോലീസുകാരെയും കൊല്ലുകയും അക്രമങ്ങള്‍ ഉണ്ടാക്കി ജമ്മു കശ്മീര്‍ വിഷയം ലോകശ്രദ്ധയില്‍ എത്തിക്കുകയും ചെയ്യുക എന്നുള്ള പാകിസ്ഥാന്റെ ബഹുമുഖകപടതന്ത്രം നരേന്ദ്രമോദി അധികാരത്തില്‍ വന്നതു മുതല്‍ പൊളിഞ്ഞു തുടങ്ങി. മോദി അധികാരമേറ്റശേഷം എടുത്ത വിദേശനയവും നടത്തിയ ലോകപര്യടനങ്ങളും ലോക രാജ്യങ്ങള്‍ക്കിടയില്‍ കിട്ടിയ സ്വീകാര്യതയും പാകിസ്ഥാന് പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു. അതിന്റെ ഭാഗമായി ഉണ്ടായ അരക്ഷിതാവസ്ഥയില്‍ നിന്നുകൊണ്ട് മെനഞ്ഞെടുത്ത തന്ത്രമാണ് ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങള്‍. അവിടെയും അപഹാസ്യരായി. അതുകൊണ്ടും പാഠം പഠിക്കാതെ ഒളിഞ്ഞും തെളിഞ്ഞും കശ്മീര്‍ വിഷയം അന്താരാഷ്ട്രവേദികളില്‍ ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് അനുഷ്ഠാനമായി പാകിസ്ഥാന് കരുതിപ്പോന്നു. 370-ാം വകുപ്പ് തിരിച്ചുകൊണ്ടുവരണമെന്ന പാകിസ്ഥാന് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് ഐക്യരാഷ്ടസഭയില് ഭാരതം ചുട്ടമറുപടി കൊടുത്തത്. ഭീകരവാദം, മയക്കുമരുന്ന്, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ആഗോള പ്രശസ്തിയുള്ള പാകിസ്ഥാനെ ‘സൈന്യം നടത്തുന്ന രാജ്യം’ എന്നാണ് ഭാരത പ്രതിനിധി ഭാവിക വിശേഷിപ്പിച്ചത്. ”കൃത്രിമ തെരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള രാജ്യം ജനാധിപത്യപരമായ രാഷ്ട്രീയ തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെക്കുറിച്ചു സംസാരിക്കുന്നത് ഏറ്റവും മോശമായ കാപട്യമാണ്. ഒസാമ ബിന്‍ ലാദനെ ദീര്‍ഘകാലം സ്വീകരിച്ചു സത്കരിച്ച രാജ്യമാണ് ആക്രമണങ്ങളെക്കുറിച്ചു സംസാരിക്കാന്‍ വരുന്നത്. ന്യൂനപക്ഷ വംശഹത്യ നടത്തുകയും അവരെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത രാജ്യമാണ് അസഹിഷ്ണുതയെയും ഭയത്തെയും കുറിച്ച് സംസാരിക്കാന്‍ വരുന്നത്” – കശ്മീരിനെ കുറിച്ച് പാകിസ്ഥാന് പറഞ്ഞതൊന്നും ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അടിവരയിട്ടുകൊണ്ട് ഭാരതം ആവര്‍ത്തിച്ചു.
ഒരു പടികൂടി കടന്നുള്ള മറുപടിയായിരുന്നു യോഗി ആദിത്യനാഥിന്റേത്. ബലൂചിസ്ഥാനും പാക് അധിനിവേശ കശ്മീരും പാകിസ്ഥാന്റെ ഭാഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലന്നും പട്ടിണി കിടന്ന് മരിക്കുന്നതിനുപകരം ജമ്മു കശ്മീരിന്റെ ഭാഗമാകാനാണ് അവര്‍ക്ക് താത്പര്യമെന്നുമാണ് യോഗി പറഞ്ഞത്. അഖണ്ഡ ഭാരതം സാക്ഷാത്കരിക്കുന്നതിന് ഇവര്‍ മുന്നോട്ട് വരുന്നത് അതിമനോഹരമായ കാഴ്ചയാണെന്നും 1960ലെ സിന്ധു നദീജല ഉടമ്പടി പുനഃപരിശോധിക്കാന്‍ ഭാരതം തയാറെടുക്കുകയാണെന്നും യോഗി പറയുന്നത് വെറും തെരഞ്ഞെടുപ്പ് പ്രസ്താവന അല്ലെന്ന് ഉറപ്പ്.
പതിറ്റാണ്ടുകള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും പാകിസ്ഥാന്റെ ഒരു കുതന്ത്രവും അനുവദിക്കില്ല എന്ന മുന്നറിയിപ്പും ആത്മവിശ്വാസവും ആ വാക്കുകളിലുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: