മുംബൈ: 2025 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന കളിക്കാര്‍ക്ക് ഒരു ഗെയിമിന് ഏഴര ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. മാച്ച് ഫീ എന്ന നിലയ്‌ക്കാണ് ഈ തുക ലഭിക്കുക. ഐപിഎല്‍ ഫ്രാഞ്ചൈസി നല്‍കുന്ന കരാര്‍ തുകയ്‌ക്ക് പുറമെയായിരിക്കും മാച്ച് ഫീ കിട്ടുക. അതായത് ഒരു കളിക്കാരന്‍ ടീമിന് വേണ്ടി എല്ലാ ലീഗ് മത്സരങ്ങളിലും കളിക്കുകയാണെങ്കില്‍ മാച്ച് ഫീയില്‍ നിന്നും മാത്രമായി അയാള്‍ക്ക് ഒരു കോടി അഞ്ച് ലക്ഷം നേടാനാകും.
“ഐപിഎല്ലിലെ സ്ഥിരതയും ചാമ്പ്യൻമാരുടെ മികച്ച പ്രകടനവും ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായി ഐപിഎല്‍ കളിക്കാർക്ക് ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ മാച്ച് ഫീയായി നല്‍കുന്നതിന് സന്തോഷമുണ്ട്! ഒരു സീസണിൽ എല്ലാ ലീഗ് മത്സരങ്ങളും കളിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിന് തന്റെ കരാർ തുകയ്‌ക്ക് പുറമെ 1.05 കോടി മാച്ച് ഫീ ഇനത്തിലും അധികമായി.ലഭിക്കും. ഐപിഎല്ലിനും ഞങ്ങളുടെ കളിക്കാർക്കും ഇതൊരു പുതിയ യുഗമാണ്,” പുതിയ തീരുമാനത്തെക്കുറിച്ച് ജയ് ഷാ സമൂഹമാധ്യമത്തില്‍ കുറിച്ചു.
മികച്ച കളിക്കാരെ ഐപിഎല്ലില്‍ എത്തിക്കാനും കളിക്കാരക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുള്ള പ്രചോദനം നല്‍കാനുമാണ് ജയ് ഷാ ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത്. ഇതോടെ ജയ് ഷായുടെ മികച്ച തീരുമാനങ്ങളുടെ കൂട്ടത്തില്‍ മറ്റൊരു പൊന്‍തൂവലായി മാറുകയാണ് ഈ തീരുമാനം. മാത്രമല്ല, ഐപിഎല്ലില്‍ കളിക്കളത്തിലിറങ്ങാന്‍ സാധിക്കാത്ത യുവ കളിക്കാർക്ക് ശമ്പള പരിധി ഉള്ളതിനാൽ ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന തുകയല്ലാതെ മറ്റൊന്നും ലഭിക്കാറില്ല. നാമമാത്രമായ തുകയ്‌ക്ക് കരാറിലേര്‍പ്പെടുന്ന ഇത്തരം യുവതാരങ്ങള്‍ക്ക് മാച്ച് ഫീ നിലവിൽ വരുന്നതോടെ, ഒരു മത്സരം കളിച്ചാൽ 7.5 ലക്ഷം രൂപ അധികമായി ലഭിക്കും, അതുവഴി ഐപിഎല്ലിൽ കളിക്കുന്നത് അവർക്ക് കൂടുതൽ ലാഭകരമായ അനുഭവമായി മാറും.
ക്രിക്കറ്റില്‍ ബിസിനസ് കലര്‍ത്തി എല്ലാവര്‍ക്കും വിജയാനുഭവം പകരുന്ന ജയ് ഷാ തന്ത്രം വീണ്ടും
ബിസിസിഐ സെക്രട്ടറി എന്ന നിലയില്‍ ജയ് ഷാ ഇതുവരെ നടപ്പാക്കിയ എല്ലാ പദ്ധതികളും തീരുമാനങ്ങളും മികച്ച വിജയം നേടിയിട്ടുണ്ട്. അതേ സമയം മാധ്യമശ്രദ്ധയില്‍ പെടാതെ മാറി നിന്ന് നിശ്ശബ്ദം പ്രവര്‍ത്തിക്കുന്ന ആളുമാണ് ജയ് ഷാ.
2019 ഒക്ടോബറിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിയെത്തുന്നത്. ബിസിസിഐയുടെ തലപ്പത്തിരിക്കുമ്പോള്‍ അദ്ദേഹം നടപ്പാക്കിയതാണ് വനിതകളുടെ ഐപിഎല്‍. അത് വന്‍സാമ്പത്തിക വിജയമായി മാറി. അതുപോലെ 50-ഓവര്‍ ലോകകപ്പ് ഇന്ത്യയില്‍ മികച്ച രീതിയില്‍ നടത്തി. ഐപിഎല്ലിന് വേണ്ടി ബ്രോഡ്കാസ്റ്റിങ്ങ് കരാറുകള്‍ കൃത്യമായി നടത്തി. ബിസിസിഐയ്‌ക്ക് വേണ്ടി നടപ്പാക്കിയ ബ്രോഡ്കാസ്റ്റിങ്ങ് കരാറുകളും കിറുകൃത്യമായിരുന്നു. അങ്ങിനെ തൊട്ടതെല്ലാം ജയ് ഷാ പൊന്നാക്കി. 2021ല്‍ എഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായും ജയ് ഷാ എത്തി. അത് എസിസിയുടെയും സുവര്‍ണ്ണകാലമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക