എന്റെ പ്രചാരക ജീവിതത്തിന്റെ തുടക്കകാലത്തെ ചില ഓര്‍മകള്‍ പങ്കുവയ്ക്കാനാണിന്നത്തെ ഉദ്യമം. 1959 ല്‍ ഞാന്‍ നിയോഗിക്കപ്പെട്ടത് തലശ്ശേരിയിലേക്കായിരുന്നു. അക്കാലത്ത് ക്ലിപ്തമായ ജില്ല, താലൂക്ക്, തരംതിരിവുകള്‍ പ്രയോഗത്തില്‍ വന്നിട്ടില്ല. മുമ്പത്തെ മലബാര്‍ ജില്ലയിലെ താലൂക്കുകള്‍ അഴിച്ചുപണിയപ്പെട്ടിരുന്നു. കോട്ടയം, കടത്തനാട് കുറുമ്പ്രനാട് താലൂക്കുകളുടെ കുറേ ഭാഗങ്ങള്‍ എന്നിവ കൂടി കണ്ണൂര്‍ ജില്ലയായി സംഘത്തില്‍ പരിഗണിക്കപ്പെട്ടിരുന്നു. അവിടങ്ങളില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച പ്രചാരകന്മാരുടെ ആസ്ഥാനത്തെ അടിസ്ഥാനമാക്കിയായിരുന്നു അതു നിലവില്‍ വന്നത്. കേരള സംസ്ഥാന രൂപീകരണത്തെത്തുടര്‍ന്നു മലബാറിനെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നു മൂന്നു ജില്ലകളാക്കി. കാസര്‍കോട്, ചിറയ്ക്കല്‍, കോട്ടയം താലൂക്കുകള്‍ കണ്ണൂര്‍ ജില്ലയില്‍പ്പെട്ടു. തലശ്ശേരി ആസ്ഥാനമായി മുമ്പ് പ്രവര്‍ത്തിച്ചുവന്ന രാമചന്ദ്രന് കര്‍ത്താ, തുടര്‍ന്നു ആ ചുമതല വഹിച്ച കൃഷ്ണശര്‍മ്മ എന്നിവരാണ് ഞാന്‍ ചുമതല വഹിക്കേണ്ടി വന്ന സ്ഥലങ്ങളിലെ പൂര്‍വസൂരികള്‍. അവര്‍ പതിപ്പിച്ച മുദ്രണം അവിടങ്ങളിലെ സ്വയംസേവകരുടെയും കുടുംബാംഗങ്ങളുടെയും ഉള്‍ത്തടങ്ങളില്‍ ആണ്ടുപതിഞ്ഞിരുന്നു.
1959 ല്‍ ഞാന്‍ തലശ്ശേരിയിലെത്തി ഏറെ കഴിയുന്നതിനു മുമ്പു തന്നെ ഗോരക്ഷാ മഹാഭിയാന്‍ സമിതിയുടെ ഒരു പുതിയ പ്രചാരണ മാസം നടത്തേണ്ടിയിരുന്നു. ചുവരെഴുത്ത്, പ്രചാരണ യാത്രകള്‍, പൊതുയോഗങ്ങള്‍ എന്നിവയായിരുന്നു സാമാന്യ പരിപാടികള്‍. ഒന്നു രണ്ടു യോഗങ്ങളില്‍ ജില്ലാ പ്രചാരകന് വി.പി. ജനേട്ടന്റെ പ്രസംഗം കേട്ടു. കോളജ് പഠനകാലത്ത് തിരുവനന്തപുരത്തെ ചില പ്രസംഗങ്ങളുടെ ഓര്‍മകളും മാഞ്ഞിരുന്നില്ല. രണ്ടുമൂന്നിടങ്ങളില്‍ ജനേട്ടന്റെ കൂടെ ഞാനും പ്രസംഗിച്ചു. അവിടെയായിരുന്നു ”മെയ്ഡന്‍ ഡെലിവറി ഓഫ് സ്പീച്ച്.” രണ്ടു സ്ഥലങ്ങളില്‍ ഞാന്‍ തന്നെ പോയി യോഗത്തില്‍ സംസാരിക്കണമെന്ന നിര്‍ദേശം ലഭിച്ചു. ഒന്ന് കക്കട്ടില്‍. അതു ഞാന്‍ ചുമതലയേല്‍ക്കേണ്ട സ്ഥലമായിരുന്നു. മറ്റൊരു സ്ഥലം കല്പത്തൂര് അഞ്ചാംപീടിക. കക്കട്ടിലേക്ക് പോകാന്‍ തലശ്ശേരിയില്‍നിന്നു കുറ്റിയാടി ബസ്സിലാണു യാത്ര. അക്കാലത്ത് മലബാറിലെ ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകില്ലായിരുന്നു. ബസ് സ്റ്റാന്‍ഡില്‍നിന്നു മുന്‍കൂട്ടി ടിക്കറ്റെടുത്ത് അവര്‍ നിര്‍ദ്ദേശിക്കുന്ന സീറ്റില്‍ തന്നെ ഇരിക്കണം. പകുതിവഴിയെത്തുമ്പോള്‍ പെരിങ്ങത്തൂര്‍ എന്ന സ്ഥലത്തു പുഴ കടക്കണം. യാത്രക്കാര്‍ ഇറങ്ങി ചങ്ങാടത്തില്‍ ബസ്സിനൊപ്പം വേണ്ടിയിരുന്നു അക്കരെയെത്താന്‍. പെരിങ്ങത്തൂരിനെക്കുറിച്ചു തച്ചോളിപ്പാട്ടുകളില്‍ പരാമര്‍ശമുണ്ട്. ഒതേനന് പൊന്നിയന്‍പട പൊരുതാന്‍ പോയപ്പോള്‍ പെരിങ്ങത്തൂരിലെ കടവുതോണി എതിരാളികള്‍ മാറ്റിയിരുന്നു. ഒതേനനാകട്ടെ ഏഴടി പിന്നാക്കം പോയിട്ട് ഒരൊറ്റ മലക്കച്ചാട്ടത്തിനു മറുകരെയെത്തിയെന്നാണ് പാട്ടില്‍ പറയുന്നത്. പുഴയുടെ വീതി നോക്കുമ്പോള്‍, ഒതേനന്റെ ചാട്ടം ഏത് ഒളിമ്പിക് ചാമ്പ്യന്‍ ചാട്ടത്തെക്കാള്‍ മികച്ചതായിരുന്നല്ലോ എന്നു തോന്നിച്ചു.
പിന്നെയും ബസ്സില്‍ യാത്ര തുടര്‍ന്നു. കക്കട്ടില്‍ സഹകരണ ബാങ്കിനു മുന്നില്‍ ബസ് ഇറങ്ങാനായിരുന്നു നിര്‍ദ്ദേശം. അവിടെ പി.കെ. ഒണക്കന്‍ എന്ന സ്വയംസേവകന് കാത്തുനിന്നിരുന്നു. അടുത്ത ചായക്കടയില്‍ നിന്ന് ഒരു ആപ്പ് (ഹാഫ്) ചായയും കഴിച്ചു. ആറു കിലോമീറ്ററെങ്കിലും നടന്ന് ചീക്കോന്നുമ്മല്‍ എന്ന സ്ഥലത്തെത്തി. അവിടെയാണ് സംഘശാഖയുള്ളത്. അവിടത്തെ ശാഖയില്‍ പങ്കെടുക്കുകയും, കഴിയുന്നത്ര സ്വയംസേവക ഭവനങ്ങള്‍ സന്ദര്‍ശിക്കുകയുമായിരുന്നു പരിപാടികള്‍. ആ ഗ്രാമത്തിലെ പൊതുവിവരങ്ങള്‍ അറിയാന്‍ ശ്രമം നടത്തി. അവിടെ ‘ഹിന്ദു’ക്കള്‍ മാത്രമേയുള്ളൂ. കൂടാതെ നായര്‍ വീടുകളും, ഒരു നമ്പൂരിശ്ശന്റെ മനയുമുണ്ട്. മാപ്പിളമാര്‍ കച്ചവട സാധനങ്ങളുമായി വരുന്നവരാണ്. ഹിന്ദുക്കളില്‍ സാമ്പത്തികമായി മെച്ചത്തിലുള്ള ആയെടത്തില്‍ കരുണന്റെ റേഷന്‍ കടയിലാണ് ശിക്ഷ് ഒണക്കന്‍ ജോലി ചെയ്യുന്നത്. ഒണക്കന്‍ എലിമെന്ററി പഠിപ്പ് കഴിഞ്ഞയാളാണ്. കരുണന് കോണ്‍ഗ്രസ്സാണെങ്കിലും ഒണക്കന്റെ ആത്മാര്‍ഥതയും സത്യസന്ധതയും മൂലം വിശ്വസ്തനായി കൂടിയിരിക്കുകയാണ്. ശാഖാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നതിനാല്‍ ഒണക്കന്‍ ഒരു പഴയ സൈക്കിള്‍ സ്വന്തമാക്കിയിരുന്നു.
അന്നാട്ടിലെ ശാഖ സന്ധ്യയ്ക്കാണ് നടന്നത്. ധാരാളം യുവാക്കള്‍ പങ്കെടുക്കുന്ന ശാഖ. പകല്‍ മുഴുവന്‍ കൃഷിപ്പണി കഴിഞ്ഞ് കുളിച്ചാണ് ശാഖയില്‍ എത്തുക. അവരെ പരിചയപ്പെട്ടതും രസകരമായി. പൊക്കന്‍, ഒണക്കന്‍, ചാത്തു, ചന്തു, ചെക്കോട്ടി, ചെക്കായി, കറപ്പന്, കണ്ണന്, കുഞ്ഞിക്കണ്ണന്, കുമാരന്, കമ്മാരന്, രാമന്, കൃഷ്ണന് എന്നിങ്ങനെയാണ് പേരുകള്‍. അവിടെ ഒരു ചാമക്കാലായില്‍ കണ്ണനുണ്ടായിരുന്നു. ഇപ്പോള്‍ അതേ വീട്ടുപേരുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ വിവരങ്ങള്‍ ടിവിയില്‍ കാണാറുണ്ട്. അവിടത്തെ പറമ്പുകളിലും, പാടങ്ങളിലും മറ്റും ചാമ കൃഷി ചെയ്യാറുണ്ടായിരുന്നു. അതിന്റെ കൊയ്ത്തുകഴിഞ്ഞ ഇടമാണ് ചാമക്കാല. അവിടത്തെ ഒരു വീട്ടില്‍നിന്ന് എനിക്കു ചാമക്കഞ്ഞി കിട്ടിയിരുന്നു.
എന്റെ മുത്തച്ഛന് മരിച്ചതിന്റെ ആശൗചകാലം (പുല) അവസാനിച്ചതിന്റെ തലേന്ന്, അരിഭക്ഷണം നിഷിദ്ധമാകയാല്‍ ചാമച്ചോറാണ് മുത്തശ്ശി തയാറാക്കിത്തന്നത്.
ചീക്കോന്നുമ്മല്‍ എന്ന സ്ഥലത്തുനിന്ന് അടുത്ത പ്രധാന സ്ഥലം കൈവേലിയാണ്. കമ്യൂണിസ്റ്റ് കേന്ദ്രമായിരുന്നു അത്, അന്നും ഇന്നും അങ്ങനെതന്നെ. വെറുതെ ഒന്നു സ്ഥലം കണ്ടുവരാന്‍പോലും എന്നെ സ്വയംസേവകര്‍ അനുവദിച്ചില്ല. വര്‍ഷങ്ങള്‍ക്കുശേഷം സി.കെ. പത്മനാഭന് അവിടെ പ്രസംഗിച്ചപ്പോള്‍ സഖാക്കള്‍ അക്രമാസക്തരായി എന്നു കേട്ടിട്ടുണ്ട്.
ചീക്കോന്നുമ്മലിനടുത്ത് വട്ടോളി എന്ന സ്ഥലത്ത് സംസ്കൃത വിദ്യാലയം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു. ഇന്നത് കോളജ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. മലബാറിലെങ്ങും അബ്രാഹ്മണ പണ്ഡിതന്മാരുടെ ഉത്സാഹത്തില്‍ ഉന്നത സംസ്കൃത പാഠശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ശ്രീനാരായണ ഗുരുദേവന്റെ പ്രത്യേക അഭിനന്ദനത്തിന് പാത്രമായ സ്ഥാപനമാണത്. അവിടെയടുത്തു ഒരു പത്മനാഭന് വൈദ്യരുടെ വീട്ടില്‍ ഒരു രാത്രി തങ്ങാന്‍ അവസരമുണ്ടായി. ആള് സംഘവിരോധിയാണെന്നു സ്വയംസേവകര്‍ പറഞ്ഞിട്ടും ഞാന്‍ അങ്ങോട്ടു കയറിചെന്നു താമസിക്കുകയായിരുന്നു. വൈദ്യരുടെ അഞ്ചും ഏഴും വയസ്സുള്ള കുട്ടികള്‍ അച്ഛനുമായി സംസാരിച്ചത് സംസ്കൃതത്തിലായിരുന്നു.
ഈ അനുഭവത്തിന് വിപരീതമായ ഒരു സംഭവം ആദ്യകാല സ്വയംസേവകനായ നിലമ്പൂരിലെ ടി.എന്‍. ഭരതേട്ടന് പറഞ്ഞത് ഓര്‍മ്മവരുന്നു. നിലമ്പൂരിലെ മാനവേദന് ഹൈസ്കൂള്‍ ഏറനാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു. പ്രശസ്തമായ കോവിലകം അതിനെ അത്ര നിഷ്കര്‍ഷയോടെ പരിപാലിച്ചുവന്നു. എല്ലാ നിലയ്ക്കും ഏറ്റവും മികവു പുലര്‍ത്തിയ പലരും അവിടെ പഠിച്ചവരായിരുന്നു. വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ വര്‍ധിച്ചുവന്നപ്പോള്‍ ആ സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കോവിലകത്തിനു പ്രയാസമായി. പത്തേക്കര്‍ സ്ഥലമടക്കം അതു സര്‍ക്കാരിനു കൈമാറാന്‍ കോവിലകം സന്നദ്ധമായി. ഒറ്റ വ്യവസ്ഥ മാത്രമാണ് അവര്‍ അതിനുന്നയിച്ചത്. സംസ്കൃതം പഠിക്കാന്‍ വ്യവസ്ഥയുണ്ടാകണമെന്നത്. ഭരതേട്ടനും മറ്റു ചിലരും തങ്ങളുടെ കുട്ടികള്‍ സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കാന്‍ ആഗ്രഹിച്ചു. വേണ്ടത്ര യോഗ്യതയുള്ള അദ്ധ്യാപകരെ സര്‍ക്കാര്‍ നിയമിക്കായ്കയാല്‍, കുട്ടികള്‍ മലയാളം ക്ലാസിലിരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. സംസ്കൃതം പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ ആ തസ്തിക വേണ്ടെന്നുവയ്ക്കാനായിരുന്നു ഭരണനേതൃത്വത്തിലുള്ളവരുടെ താല്പര്യം. വട്ടോളി സംസ്കൃത സ്കൂളിന് ആ ഗതികേടുണ്ടാവില്ല എന്നാണെന്റെ വിശ്വാസം. മലയാളത്തിന് നിഘണ്ടു ചമച്ച ഗുണ്ടര്‍ട്ടിനെയും, ഡച്ചു പണ്ഡിതന്മാര്ക്ക് ഹോര്‍ട്ടിക്കുസ് മലബാറിക്കൂസ് നിര്‍മിക്കാന്‍ സഹായിച്ച ഇട്ടി അച്ചുതന് വൈദ്യരെയും തിരുവിതാംകൂര്‍ രാജാവില്‍നിന്ന് പ്രശസ്തിപത്രം ലഭിച്ച നരിക്കുനി ഉണ്ണീരിക്കുട്ടി വൈദ്യരെയും സൃഷ്ടിച്ച കേരളത്തിലെ പിന്നാക്ക സമുദായത്തിലെ സാധാരണക്കാരുള്ള സ്ഥലമാണ് നരിപ്പറ്റയും വട്ടോളിയും പോലുള്ളവ.
മുന്‍പു പറഞ്ഞ പി.കെ. ഒണക്കന്‍ നാഗ്പൂരിലെ പൂജനീയ ഡോക്ടര്‍ജിയുടെ സ്മൃതിമന്ദിര ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ആരുടെയും സഹായം സ്വീകരിക്കാതെ ഞങ്ങളോടൊപ്പം വന്നുവെന്ന വസ്തുതകൂടി ഇതോടൊപ്പം അനുസ്മരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: