ജോയി അരിനല്ലൂര്‍
ഏകാകിയായ നെടുംപാറയുടെ മടിയിലെ മഴക്കാടില്‍ കാറ്റ് ചീറിയടിച്ചു. വെയിലേറ്റ് വീഴുന്ന മഴത്തുള്ളികള്‍, പൊന്സൂചികള്പോലെ ഇലച്ചാര്‍ത്തില്‍ വീണു ചിതറി. പിന്നെ ഒരു അലര്‍ച്ചയോടെ ഒരു പെയ്ത്ത്.
കാടിനപ്പുറത്തെ കോട്ടപോലെ നിലകൊള്ളുന്ന കരിമ്പാറയുടെ പാര്‍ശ്വത്തില്‍ നിന്നൊരു വിളി ”ഹോയ് ഹോയ്….” കരിങ്കല്‍ ക്വാറിയില്‍ തമിര് വച്ച് പാറപൊട്ടിക്കുന്നവന്റെ മരണവിളി. ധും… മഴ നനഞ്ഞൊരു സ്ഫോടനം… കൂറ്റന്‍ പാറക്കല്ലുകള്‍ വലിയ ശബ്ദത്തോടെ തെറിച്ചുവീണു. കല്ച്ചീളുകള് അസ്ത്രം കണക്കേ പാഞ്ഞുപോയി.
കാടിനു കാവലായ വന്യമൃഗങ്ങള്‍ കാടിറങ്ങി കൃഷിയും വീടുകളും നശിപ്പിക്കുകയും മനുഷ്യരെ ഉപദ്രവിക്കുകയും ചെയ്തിരിക്കെ ക്വാറികള്‍ക്കെതിരെ പരാതി നല്കിയവന് കുത്തേറ്റ് മരിക്കുകയും അവന്റെ സഹോദരി ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തത് അയാളോര്‍ത്തു.
ഉള്ളൊന്നു പിടഞ്ഞു. മഴക്കാടിന്റെയും കാട്ടുപക്ഷികളുടെയും ചിത്രശലഭങ്ങളുടെയും സൗന്ദര്യം ക്യാമറയില്‍ പകര്ത്താനാണയാള് കാടുകയറിയത്. പക്ഷേ ഭയം അയാളെ ഗ്രസിച്ചിരുന്നു. ഇനി മലയിറങ്ങാം; ഒറ്റയടിപ്പാതയിലൂടെ കാട്ടുവള്ളികള്‍ വകഞ്ഞുമാറ്റി അയാളിറങ്ങി നടന്നു. അപ്പോഴാണയാള്‍ പുല്‍പ്പരപ്പിലെ പിടച്ചില്‍ ശ്രദ്ധിച്ചത്. കല്‍ച്ചീളു തറച്ച് പ്രാണനുവേണ്ടി പിടയുന്ന ഒരു മുയല്ക്കുരുന്ന്. അയാളതിനെ കയ്യിലെടുത്തു. കുരുന്ന് പ്രാണന് രക്ഷിക്കാനാരെയെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ അയാള്‍ ഓടി.
മണ്‍പാതയുടെ എതിര്‍വശത്തുനിന്ന് ഒരു ജീപ്പ് വന്നുന്നിന്നു. വനം വകുപ്പിന്റെ വണ്ടിയാണ്. അയാള്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് അവര്‍ അയാളെ വണ്ടിയില്‍ കയറ്റി. മേല്‍വിലാസം കുറിച്ചെടുത്തു.
ഏതോ ഉന്നതന് റസ്റ്റ് ഹൗസില്‍ ഡിന്നറിനുണ്ടെന്ന് അവരുടെ സംഭാഷണത്തില്‍ നിന്ന് മനസ്സിലായി. ജീപ്പിന്റെ സീറ്റിനടിയില്‍ ചാക്ക് കെട്ടില്‍ എന്തോ പിടയുന്നതയാള്‍ കണ്ടു. ചാക്കിന്റെ തുള വീണ സുഷിരത്തില്നിന്നും ഒരു മാനിന്റെ പിന്കാലുകള് അയാള്‍ കണ്ടു. കാംപ് ഫയറിനുള്ള ഒരു കെട്ട് വിറകും. ”നിന്നെപ്പോലെ അനധികൃതമായി കാടുകയറിയതാണിവന്” എന്നൊരു ഗാര്‍ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: