മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്ക് പിന്തുണയറിയിച്ച് പോസ്റ്ററുകള്‍ പ്രചരിക്കുന്നു. പ്രവാസി സഖാക്കള്‍ ചുള്ളിയോടിന്റെയും ചങ്ങാതിക്കൂട്ടം വാട്‌സ്ആപ്പ് കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകള്‍ പുറത്തിറങ്ങിയത്. പിവി അൻവറിന്റെ എടവണ്ണയിലെ വീടിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡിന് പുറമെ മലപ്പുറം ചുള്ളിയോടും ബോര്‍ഡുകള്‍ സ്ഥാപിച്ചു.
‘അന്‍വറിന്റെ കൈയും കാലും വെട്ടാന്‍ വരുന്ന അടിമകളോടൊന്ന് പറഞ്ഞേക്കാം, അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അന്‍വറായി ജീവിക്കുന്നതാണ്’, ‘അച്ചടക്കത്തിന്റെ വാള്‍ത്തല ആദ്യമുയരേണ്ടത് അന്‍വറിനെതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണ്’. എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികള്‍.
അതിനിടെ പി.വി അൻവറിന് പരസ്യ പിന്തുണയുമായി സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ഇഎ.സുകുവും അൻവറിനെ പിന്തുണച്ചെത്തി. പിവി അൻവര്‍ ഇന്ന് വൈകിട്ട് നിലമ്പൂരിൽ രാഷ്‌ട്രീയ വിശദീകരണ യോഗം ചേരുന്നത് സംബന്ധിച്ച അറിയിപ്പും ഇ,എ സുകു ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
തലപ്പത്തുള്ളവർ മാത്രമല്ല പാർട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പി.വി അൻവറിന്റെ കൂടെ ഉറച്ചു നിൽക്കുമെന്നും ഇ.എ സുകു ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സുകു പാർട്ടി അംഗത്വം കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുതുക്കിയിരുന്നില്ല.
കഴിഞ്ഞദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ അന്‍വറിനെതിരേ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: