ന്യൂദൽഹി : ദൽഹിയിലെ സിവിൽ ലൈൻ ഏരിയയിലെ മുഖ്യമന്ത്രിയുടെ വസതി ഒഴിയാനെരുങ്ങി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. മുഖ്യമന്ത്രി സ്ഥാനം അതിഷിക്ക് കൈമാറിയതിനെ തുടർന്നാണ് തീരുമാനം.
അദ്ദേഹത്തിന്റെ ന്യൂദൽഹി അസംബ്ലി മണ്ഡലത്തിന് സമീപത്തായി ഒരു വസതി തരപ്പെടുത്താനാണ് പാർട്ടിയും പ്രവർത്തകരും ശ്രമിക്കുന്നത്. എന്നാൽ അനുകൂലമായ ഒരു ഇടം ലഭിക്കുന്നില്ല എന്നതാണ് വസ്തുത.
അതേ സമയം ജനങ്ങളുമായി ബന്ധം നിലനിർത്താൻ എംഎൽഎ ആയ ദൽഹിക്ക് ചുറ്റുവട്ടത്ത് താമസിക്കുന്നതിനാണ് അദ്ദേഹം മുൻഗണന നൽകുന്നതെന്നാണ് പാർട്ടി വക്താക്കൾ അറിയിച്ചത്. നിരവധി എംഎൽഎമാരും കൗൺസിലർമാരും പാർട്ടി പ്രവർത്തകരും സാധാരണക്കാരും അവരുടെ വീടുകൾ എഎപി മേധാവിക്ക് വാഗ്ദാനം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.
സെപ്തംബർ 17 നാണ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. എക്സൈസ് പോളിസി കേസിൽ തിഹാർ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ എഎപി മേധാവി ദിവസങ്ങൾക്ക് ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ അതിഷിയുമായി ചേർന്ന് അവകാശവാദമുന്നയിച്ചത്. തുടർന്ന് സെപ്തംബർ 22 ന് അതിഷി ദൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദൽഹിയിലെ ജനങ്ങളിൽ നിന്ന് അനുകൂലമായ ജനവിധി ലഭിച്ചാൽ മാത്രമേ താൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങുകയുള്ളൂവെന്നാണ് കെജ്‌രിവാൾ പറയുന്നത്.
അതേ സമയം കെജ്‌രിവാളിനോട് ആദരമർപ്പിച്ച് ഒരു ഒഴിഞ്ഞ കസേര സമീപത്തിട്ടാണ് അതിഷി തന്റെ ഓഫീസിൽ ഭരണം നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: