Kerala

എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കാനുള്ള തീരുമാനം ;മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍

Published by

കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കാനുള്ള കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി തീരുമാനത്തിനെതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍.മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാടും ആശ ഹൈക്കോടതിയെ അറിയിക്കും.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ ഹിയറിംഗ് നിയമപ്രകാരമായിരുന്നില്ലെന്ന് ആശാ ലോറന്‍സ് വാദം ഉന്നയിക്കുമെന്നാണ് സൂചന.നേരത്തെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കാനുളള മൂത്തമകന്റെയും പാര്‍ട്ടിയുടെയും തീരുമാനത്തിനെതിരെ ആശ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉപദേശക സമിതി രൂപീകരിച്ച് വിഷയം തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.തുടര്‍ന്നാണ് സമിതി പരാതിക്കാരെ കേട്ടശേഷം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനുള്ള തീരുമാനമെടുത്തത്.

നേരത്തെ, എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കാന്‍ തീരുമാനമെടുത്ത മകള്‍ സുജാത മെഡിക്കല്‍ കോളേജ് കമ്മിറ്റിക്ക് മുന്‍പില്‍ രേഖാമൂലം തീരുമാനമൊന്നും അറിയിച്ചിരുന്നില്ല. കുടുംബപ്രശ്‌നമായതോടെ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ താത്പര്യപ്പെടുന്നതായി വാക്കാല്‍ കമ്മിറ്റിക്ക് മുന്‍പില്‍ അറിയിക്കുകയായിരുന്നു.

രോഗബാധിതനായ വേളയില്‍ മതാചാരപ്രകാരം സംസ്‌കാരം നടത്താന്‍ ലോറന്‍സ് ആഗ്രഹിച്ചുവെന്നും ഇത് തെളിയിക്കുന്ന ഓഡിയോ റെക്കോര്‍ഡ് ഉണ്ടെന്നും സുജാത സൂചിപ്പിച്ചു.എന്നാല്‍ അത് പിന്നീട് നഷ്ടപ്പെട്ടു. മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കണമെന്നായിരുന്നു ലോറന്‍സിന്റെ താത്പര്യമെന്ന്് മൂത്ത മകന്‍ അഡ്വ. സജീവന്‍ മൊഴി നല്‍കി. ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് ഉപദേശക സമിതി അറിയിച്ചുവെന്ന് ആശ ലോറന്‍സ് വെളിപ്പെടുത്തി.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക