ന്യൂദല്‍ഹി: സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറല്‍ സെക്രട്ടറിയെ ഇപ്പോള്‍ തീരുമാനിക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് നിലവിലെ ധാരണ. 2025 ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്.
താല്‍ക്കാലികമായി ഒരാള്‍ക്ക് ചുമതല നല്കുന്ന കാര്യമാണ് നേതൃത്വം ആലോചിക്കുന്നത്. പിബിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും പാര്‍ട്ടി നിശ്ചയിച്ച പ്രായപരിധി പിന്നിട്ടതും ജനറല്‍ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസമാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിബിയിലെ ഒരാള്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കുന്നതിനെകുറിച്ച് ചിന്തിക്കാന്‍ കാരണം.
17 അംഗ പിബിയില്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ എന്നിവര്‍ പാര്‍ട്ടി നിശ്ചയിച്ച പ്രായപരിധി പിന്നിട്ടവരാണ്. കേരളത്തില്‍ നിന്നുള്ള എം.എ. ബേബി, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബി.വി. രാഘവലു, ബംഗാളില്‍ നിന്നുള്ള സിഐടിയു നേതാവ് തപന്‍ സെന്‍ എന്നിവര്‍ പിബിയില്‍ ഉള്ളവരില്‍ പ്രായപരിധി കവിയാത്ത മുതിര്‍ന്ന നേതാക്കളാണ്. പിബി, സിസി യോഗങ്ങള്‍ ഇന്ന് ദല്‍ഹിയില്‍ ആരംഭിക്കാനിരിക്കെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: