തിരുവനന്തപുരം:പരസ്യപ്രതികരണം അരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്കിനെ തൃണവത്കരിച്ച് പി വി അന്‍വര്‍ രംഗത്ത് വന്നതോടെ അന്‍ വറുമായി ഇനി ഒരു ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്ന നിലപാടില്‍ സി പി എം. അന്‍വറിനെതിരെ നിലപാട് കടുപ്പിക്കുമെന്ന സൂചനയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നല്‍കിയത്. കൂടുതല്‍ കാര്യങ്ങള്‍ വെളളിയാഴ്ച വെളിപ്പെടുത്തുമെന്ന സൂചനയാണ് എം വി ഗോവിന്ദന്‍ നല്‍കിയത്.
അന്‍വറിന്റെ തുറന്ന് പറച്ചിലില്‍ സി പി എം കേന്ദ്രങ്ങള്‍ ഞെട്ടിയിരിക്കുകയാണ്. അന്‍വര്‍ പറയുന്നത് സി പി എം പ്രവര്‍ത്തകര്‍ തന്റെ ഒപ്പമുണ്ടെന്നാണ്. ഇത് പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ സാങ്കേതിക നടപടികള്‍ക്ക് സിപിഎമ്മിന് പരിമിതിയുണ്ട്. പാര്‍ട്ടി സംവിധാനം അടിമുടി മുന്നിട്ടിറങ്ങി അന്‍വറിനെ പ്രതിരോധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് ലക്ഷ്യമിട്ട പിവി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ സിപിഎം രാഷ്‌ട്രീയത്തിലും വരും ദിവസങ്ങളില്‍ ചലനങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത.പാര്‍ട്ടി സമ്മേളന കാലമായതിനാല്‍ വലിയ ചേരി തിരിവിന് ഇടയാക്കാനും സാധ്യതയുണ്ട്.
എന്നാല്‍ സി പി എം പഴയത് പോലെയല്ല എന്നതാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രശ്‌നം. കേഡര്‍ സംവിധാനം പഴയത് പോലെയില്ല. പലയിടത്തും ഒത്തുതീര്‍പ്പുകളുണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അന്‍വര്‍ പരസ്യനിലപാടുകളുമായി സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രംഗത്ത് വന്നിട്ടും കാര്യമായ എതിര്‍ സ്വരങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
എംഎല്‍എ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അന്‍വറിന്റെ ശ്രമം.സി പി എം അണികളെ ചേര്‍ത്ത് നിര്‍ത്താന്‍, മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മരിച്ചപ്പോള്‍ തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കാത്തതിനെ കുറിച്ചും അന്‍ വര്‍ ചൂണ്ടിക്കാട്ടി.പിണറായിക്കും കുടുംബത്തിനും യൂറോപ്പില്‍ പോകേണ്ടതിനാലാണ് ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക് എത്തിച്ചതെന്ന ആരോപണവും ഉയര്‍ത്തി. തിരുവനന്തപുരത്ത് നിന്ന് ജനങ്ങളുടെ അന്ത്യാഞ്ജലികള്‍ ഏറ്റുവാങ്ങി കണ്ണൂരിലെത്തിക്കണമെന്നായിരുന്നു കോടിയേരിയുടെ കുടുംബത്തിന്റെയും കണ്ണൂരിലെ നേതാക്കളുടെയും താത്പര്യമെന്ന് അന്‍ വര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: