ജമ്മു : നാഷണൽ കോൺഫറൻസ്, കോൺഗ്രസ് പാർട്ടികൾ വിഘടനവാദവും ഭീകരവാദവും പ്രോത്സാഹിപ്പിച്ചപ്പോൾ പ്രധാനമന്ത്രി മോദി ജമ്മു കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവന്നുവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. രാംഗഢ് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഡോ.ദേവേന്ദർ മന്യാലിന്റെ തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെയാണ് സ്മൃതി ഇക്കാര്യം പറഞ്ഞത്.
സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. നേരത്തെ പുറത്ത് വിവാഹം കഴിച്ച ജമ്മു കശ്മീരിലെ സ്ത്രീകൾക്ക് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു, എന്നാൽ ആർട്ടിക്കിൾ 370 , 35 എ എന്നിവ മോദി സർക്കാർ റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ സ്ത്രീകൾക്ക് ഇപ്പോൾ പുറത്ത് വിവാഹം കഴിച്ചതിന് ശേഷവും തുല്യാവകാശമുണ്ടെന്ന് അവർ പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപി സർക്കാർ ഓരോ കുടുംബത്തിലെയും ഏറ്റവും മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18000 രൂപ നൽകുമെന്ന് സ്മൃതി പറഞ്ഞു.
കൂടാതെ ജമ്മു കശ്മീരിനെ രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമാക്കാനുള്ള പാതയിൽ പ്രധാനമന്ത്രി മോദി എത്തിച്ചുവെന്നും ഇറാനി പറഞ്ഞു. ഇതിനു പുറമെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾക്ക് നീതി ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
തീവ്രവാദവും വിഘടനവാദവും ഇപ്പോൾ പഴയ കാര്യങ്ങളാണെന്നും സമാധാനവും സമൃദ്ധിയും എല്ലാവരും ആസ്വദിക്കുന്നുമുണ്ട്. ഈ മേഖലയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി-കിസാൻ നിധി യോജന പ്രകാരം കർഷകർക്ക് 10,000 രൂപയും വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും യാത്രാ അലവൻസുകളും നൽകുമെന്നും അവർ പറഞ്ഞു. കൂടാതെ സ്ത്രീകൾക്ക് ഓരോ വർഷവും രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് അവർ അറിയിച്ചു.
അതേ സമയം ബിജെപി മാത്രമാണ് ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭ്യുദയകാംക്ഷികളെന്നും സമാധാനത്തിനും വികസനത്തിനും ഉറപ്പുനൽകുന്നതെന്നും ചടങ്ങിൽ സംസാരിക്കവെ ബിജെപി സ്ഥാനാർത്ഥി മാന്യാൽ പറഞ്ഞു. ജമ്മു കശ്മീരിൽ ബിജെപി സ്വന്തം നിലയിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്നും മന്യാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: