Parivar

നൂറ്…. തൊണ്ണൂറ്…… അമ്പത്

Published by

കാവാലം ശശികുമാര്‍

ഒരിക്കല്‍, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാം സര്‍ സംഘചാലക് ഗുരുജി എന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ക്ക് കടുത്ത പനി ബാധിച്ചു; 103 ഡിഗ്രി ഫാരന്‍ ഹീറ്റ്. ഡോക്ടര്‍മാര്‍ സമ്പൂര്‍ണ വിശ്രമം വിധിച്ചു. ഗുരുജി പുസ്തകവായന തുടര്‍ന്നു. വിലക്കിയവരോട് പറഞ്ഞു: ”പനി അതിന്റെ പണി ചെയ്യട്ടെ, ഞാന്‍ എന്റെയും ചെയ്യാം.” ഗുരുജി നയിച്ച പ്രസ്ഥാനത്തിന്, ആര്‍ എസ് എസ്സിന് 2025-ല്‍ അതിന്റെ കര്‍മ്മപഥത്തില്‍ 100 വര്‍ഷമാവുകയാണ്.
ദേശീയ പ്രസ്ഥാനങ്ങളുടെ ആശയവും പരിപാടികളും ജനങ്ങളിലെത്തിക്കാന്‍ മറ്റു മാധ്യമങ്ങള്‍ മടിച്ചപ്പോഴാണ് ജന്മഭൂമി പത്രത്തിന്റെ തുടക്കത്തിന് ആവശ്യവും അവസരവും ഉണ്ടായത്. എന്നാല്‍, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സര്‍വ മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ വന്നു. ജന്മഭൂമിക്ക് വിലക്കുണ്ടായി, പൂട്ടി. ജന്മഭൂമിയുടെ ആശയാദര്‍ശക്കാര്‍ പക്ഷേ, ‘കുരുക്ഷേത്ര,’ ‘സുദര്‍ശനം’ എന്നിങ്ങനെയുള്ള മാധ്യമങ്ങളിലൂടെ പ്രവര്‍ത്തിച്ച് ലക്ഷ്യം നിറവേറ്റുന്നത് തുടര്‍ന്നു. 2025-ല്‍ ജന്മഭൂമിക്ക് 50 വര്‍ഷമാവുകയാണ്.
ജന്മഭൂമി പത്രത്തിന്റെ അടിക്കല്ലുകള്‍ പാകിയവരില്‍ മുഖ്യനായ, പത്രം തുടങ്ങാന്‍ ഓഹരി പിരിക്കുന്നതുമുതല്‍ മുഖ്യ പത്രാധിപര്‍ എന്ന ചുമതലവരെ വഹിച്ച, നാരായണ്‍ജി എന്ന പി. നാരായണന് നവതി, 90 വയസ്സ്, കഴിഞ്ഞിരിക്കുന്നു. പത്രത്തിന്റെ ചരിത്രത്തേക്കാള്‍ പ്രായമുണ്ട് ഈ പത്രത്തിനു വേണ്ടി, അതൊരാശയമായിരിക്കെ, അതിനായി പ്രവര്‍ത്തിച്ചു തുടങ്ങിയ നാരായണ്‍ജിയുടെ ജന്മഭൂമി ജീവിതത്തിന്. ഇപ്പോഴും പത്രത്തില്‍ മുടങ്ങാതെ പംക്തിയെഴുതിക്കൊണ്ടിരിക്കുന്നു, ‘പ്രതിഭാസ’മായി മാറിക്കഴിഞ്ഞ ഈ പ്രതിഭ.

.
2025-ല്‍ നൂറെത്തുന്ന ആര്‍എസ്സ് എസ്സിന്റേയും അന്‍പത് ആകുന്ന ജന്മഭൂമിയുടേയും തൊണ്ണൂറു കടന്ന നാരായണ്‍ജിയുടേയും ദൗത്യങ്ങള്‍ക്ക് സമാനതയുണ്ട്; ഒരു ആദര്‍ശത്തിന്റെ, ആശയത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള യജ്ഞമാണവ. ഈ ത്രയത്തിന് ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധപിടിക്കാന്‍ ആഡംബരത്തിന്റെ പളപളപ്പിന്റെ ചെപ്പടിവിദ്യകളില്ല. ആരുടേയും ലാളനയും പരിഗണനയും അനര്‍ഹമായ പോഷണവും ലഭിച്ചല്ല, നേടിയല്ല വളര്‍ന്നത്. ആര്‍ക്കുമുന്നിലും തല കുനിക്കേണ്ടി വന്നിട്ടില്ല, മുട്ടുമടക്കിയിട്ടുമില്ല. അതതുരംഗത്ത് ഈ ‘ത്രയ’ത്തിന്റെ പ്രവൃത്തി പഥവും ‘കഠിനകണ്ടകാകീര്‍ണ്ണ’വുമായിരുന്നു.
നാരായണ്‍ജിയുടെ നവതിയാഘോഷം നടത്തിയത് ജന്മനാടായ തൊടുപുഴയില്‍ നാട്ടുകാരാണ്. വിപുലമായ പരിപാ
ടിയില്‍ പങ്കെടുത്ത് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് പറഞ്ഞു: ”സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്‌ക്കും എ.പി. ഉദയഭാനുവിനും ശേഷം ഒരു പത്രത്തിനായി ഇത്രയും ത്യാഗം സഹിച്ച മറ്റൊരു പത്രാധിപര്‍ വേറേ നാരായണ്‍ജിയെപ്പോലെയില്ല. ഇത്രയും ജ്ഞാനിയായ ഒരു പത്രപ്രവര്‍ത്തകനെ വേറേ കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാഷാ പാണ്ഡിത്യം എത്ര പറഞ്ഞാലും തീരില്ല.” മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടറും കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനുമായിരുന്ന, നാരായണ്‍ജി കോഴിക്കോട്ട് പത്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവിടെ പത്രപ്രവര്‍ത്തകനായുണ്ടായിരുന്ന തോമസ് ജേക്കബിന്റെ സാക്ഷ്യപത്രത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ജന്മഭൂമി പത്രമാണ് 1984 ല്‍ കേരളത്തിലാദ്യമായി ഫോട്ടോ കമ്പോസിങ് എന്ന കമ്പ്യൂട്ടര്‍ ആധാരിതമായ പോസ്റ്റ് പ്രിന്റിങ് സംവിധാനം സമാരംഭിച്ചത്. അന്ന് ഉദ്ഘാടന വേളയില്‍ അതിന്റെ പ്രവര്‍ത്തനം കണ്ടറിയുവാന്‍ മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു വന്നിരുന്നു. ഇങ്ങനെ ഒരേ മേഖലയിലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്നവരുടെ വിലയിരുത്തലുകള്‍ക്ക് വേറിട്ടൊരു മൂല്യവുമുണ്ടല്ലോ.
ജീവചരിത്രങ്ങളും ആത്മകഥകളും ശ്രദ്ധിച്ചിട്ടുണ്ടോ? അത്തരം എഴുത്തുകളുടെ എണ്ണം പരിശോധിച്ചാല്‍ 60 ശതമാനവും സ്വജീവിതാനുഭവങ്ങള്‍ മാത്രമാണ്. ഓരോ എഴുത്തിലും 50 ശതമാനത്തിലധികം വൈകാരികമായിരിക്കും. 20 ശതമാനം ‘തികച്ചും വ്യക്തിപരവും.’ ജീവചരിത്രങ്ങളില്‍ സാമാന്യ ചരിത്രം കുറവായിരിക്കും. നാടിന്റെ, രാജ്യത്തിന്റെ കാലഘട്ടത്തിന്റെ ചരിത്രമായിമാറുന്ന ജീവചരിത്രങ്ങളാണ് കാലാതിവര്‍ത്തിയാകുന്നത്. അവ സര്‍വ്വകാലത്തും നിഘണ്ടുവോ അടിസ്ഥാന വസ്തുതാ പരിശോധന രേഖയോ പോലെ ആയിത്തീരും. ലാല്‍ കൃഷ്ണ അദ്വാനിയുടെ ‘മൈ കണ്‍ട്രി, മൈ ലൈഫ്’ എന്ന ആത്മകഥ ആ ഗണത്തില്‍ ഉദാഹരിക്കാവുന്ന ഉത്തമ ഗ്രന്ഥമാണ്. നാരായണ്‍ജി ആത്മകഥ എഴുതിയിട്ടില്ല, ജീവചരിത്രവും. പക്ഷേ, കേരളത്തിന്റെ രാഷ്‌ട്രീയ- മാധ്യമ ചരിത്രം സത്യസന്ധമായി, രാഷ്‌ട്രീയ പക്ഷപാതമില്ലാതെ എഴുതിയതിലെല്ലാം നാരായണ്‍ജിയുണ്ട്, ഉണ്ടാകേണ്ടതാണ്. ഇങ്ങനെ ജീവിതവും ചരിത്രവും അനുഭവവും ഇഴപിരിച്ച് ജീവിച്ചിട്ടുള്ളവര്‍ കുറവാണ്. രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, മികച്ച സംഘാടകന്‍, മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, പരിഭാഷകന്‍, വായനക്കാരന്‍, ഭാഷാനിപുണന്‍, ചിന്തകന്‍, നിരീക്ഷകന്‍ എന്നിങ്ങനെ ബഹുവിധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ആള്‍ എന്നതല്ല നാരായണ്‍ജിയുടെ വിശേഷണം. വ്യാപരിച്ചതിലെല്ലാം വിജയിച്ചയാളെന്നതാണ്. അത് എല്ലാവര്‍ക്കും അത്ര സാധ്യമായിട്ടുള്ളതല്ല.
മഹാകവി കുമാരനാശാന്റെ ‘നളിനി’ എന്ന ഖണ്ഡകാവ്യത്തിന്റെ തുടക്കത്തില്‍ നായകന്‍ ദിവാകരനെ അവതരിപ്പിക്കുന്ന അഞ്ച് ശ്ലോകങ്ങളുണ്ട്. സര്‍വസംഗ പരിത്യാഗിയായി സംന്യാസിയായി മാറിയ ദിവാകരന്‍ തന്റെ പൂര്‍വാശ്രത്തിലെ ജീവിത സ്ഥലത്തേക്ക് വരുന്നതാണ് തുടക്കം. അതിലെ ഒരു ശ്ലോകം ഇങ്ങനെയാണ്:
”പാരിലില്ല ഭയമെന്നു,മേറെയു-/
ണ്ടാരിലും കരുണയെന്നുമേതിനും-/
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമാര്‍ന്ന മുഖകാന്തിയാലവന്‍”
അഞ്ചു ശ്ലോകങ്ങളില്‍ ദിവാകരന് വിശേഷണമായി ആശാന്‍ പറയുന്ന പലതും നാരായണ്‍ജിക്ക് ചേരുമെങ്കിലും ഈ ശ്ലോകത്തില്‍ എനിക്ക് ആ വ്യക്തിത്വം കൂടുതല്‍ കാണാന്‍ കഴിയുന്നു. സംഘടനാ പ്രവര്‍ത്തനത്തിലെ ചങ്കൂറ്റം, അദ്ദേഹത്തെ എന്തെല്ലാം സാഹസികത ചെയ്യിച്ചിട്ടുണ്ട്! എതിര്‍ ചിന്തക്കാരില്‍നിന്ന്‌സംഘടനാ പ്രവര്‍ത്തനത്തില്‍, ആശയത്തിലും ആദര്‍ശത്തിലും മാത്രമല്ല, കായികമായും നേരിട്ട എതിര്‍പ്പുകള്‍ ചെറുതല്ല, അതിലൊന്നും നാരായണ്‍ജി ഭയന്നില്ല. ആരോടും കാരുണ്യവും കരുതലും ഏറെയാണ്. ഏത് കാര്യത്തിനും പോന്നയാളെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തു.

ഭാഷാ- സാഹിത്യ പ്രേമി

സാഹിത്യം വിഷയമായ സാഹചര്യത്തില്‍, ജന്മഭൂമി ഏറെ പ്രാധാന്യം രാഷ്‌ട്രീയത്തോടൊപ്പം കൊടുക്കുന്ന സാംസ്‌കാരിക- സാഹിത്യ പ്രവര്‍ത്തനവും ഏറെക്കാലം പത്രാധിപരും മുഖ്യ പത്രാധിപരുമായിരുന്ന നാരായണ്‍ജിയും സാഹിത്യവും തമ്മിലുള്ള ചാര്‍ച്ചയെക്കുറിച്ച് പറയാം. നല്ല വായനക്കാരന്‍ മാത്രമല്ല, മിക്ക എഴുത്തുകാരെക്കുറിച്ചും കൃത്യമായ അവലോകനം നടത്തി വ്യക്തമായ അഭിപ്രായം സ്വരൂപിച്ചിട്ടുള്ളയാളുമാണ് അദ്ദേഹം.
ഒരിക്കല്‍ ന്യൂസ് ഡസ്‌കില്‍ ഉച്ചവേളയില്‍ സംസാരിച്ചിരിക്കെയാണ് ടി. പത്മനാഭന്റെ പുതിയ കഥ അന്നിറങ്ങിയ വാരികയില്‍ വന്ന വിവരം ആരോപറഞ്ഞത്. നാരായണ്‍ജി അതിനകം അത് വായിച്ചുകഴിഞ്ഞിരിക്കുന്നു! ഞങ്ങള്‍ തുടക്കക്കാര്‍ അത്ഭുതം പൂ
ണ്ടിരിക്കെ നാരായണ്‍ജി പറയുന്നു: ‘ശ്രദ്ധിച്ചിട്ടുണ്ടോ, പത്മനാഭന്റെ കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ കുറവാണ്, ‘അയാള്‍’ എന്നായിരിക്കും മിക്ക കഥകളിലും കഥാപുരുഷന്‍ പരാമര്‍ശിക്കപ്പെടുക.’ അന്നുവരെ ഞങ്ങള്‍ അങ്ങനെയൊരു നിരീക്ഷണം നടത്തിയിരുന്നില്ല, ആരും പറഞ്ഞു കേട്ടിട്ടുമില്ലായിരുന്നു. നാരായണ്‍ജിയുടെ ഭാഷാ പരിജ്ഞാനം അസാമാന്യമാണ്. കേരളത്തില്‍ പത്രങ്ങള്‍ക്ക് ശൈലീപുസ്തകം ഉണ്ടാക്കുന്നതു സംബന്ധിച്ച് 1980 കളില്‍ സര്‍ക്കാര്‍ തലത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും പ്രസ് അക്കാദമിയും മറ്റും ചര്‍ച്ച നടത്തുമ്പോള്‍ അതില്‍ നാരായണ്‍ജി സക്രിയനായിരുന്നു. ആദ്യം ശൈലീ പുസ്തകം തയാറാക്കിയ പത്രങ്ങളില്‍ ഒന്നായിരുന്നു ജന്മഭൂമി. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു: ”മറ്റു പത്രങ്ങള്‍ പൊതുവായി ഭാഷാ പ്രയോഗത്തിന് പുസ്തകം തയാറാക്കിയേക്കും. അത് ജന്മഭൂമിക്കും സ്വീകാര്യമാകാം. എന്നാല്‍, ജന്മഭൂമിക്ക് ഉപയോഗിക്കേണ്ടിവരുന്ന വാക്കുകളും പ്രയോഗങ്ങളുമുണ്ടാകും. ഉദാഹരണത്തിന് സംഘത്തിന്റെ ഘടനയില്‍ ഉത്തരവാദിത്വങ്ങള്‍ പറയുമ്പോള്‍ പ്രസിഡന്റും സെക്രട്ടറിയുമൊന്നുമല്ല, അത് സര്‍ സംഘചാലകും സര്‍കാര്യവാഹും ബൗദ്ധിക് പ്രമുഖും ഒക്കെയാണ്. അത് തെറ്റിക്കാതെ ജന്മഭൂമിയില്‍ വരണം. മറ്റു പത്രങ്ങള്‍ക്ക് അത് കണ്ട് ഒരേപോലെ ഉപയോഗിക്കാനും കഴിയണം. ആ ലക്ഷ്യമായിരുന്നു എനിക്ക്.”
ഇത്രമാത്രം വിപുലമായ വായനയും ഭാഷാ നിപുണതയും നാരായണ്‍ജി എങ്ങനെ നേടി എന്നത് അതിശയമാണ്. പ്രത്യേകിച്ച് പത്താംക്ലാസുകഴിഞ്ഞ് മലയാളം പഠിച്ചിട്ടില്ലാത്തയാള്‍. ഡിഗ്രിക്ക് പഠിച്ചത് ഊര്‍ജ്ജ തന്ത്രമായിരുന്നു. രണ്ടാംഭാഷ ഹിന്ദിയും. മലയാളം അങ്ങനെ ശാസ്ത്രീയമായി പഠക്കേണ്ടതില്ല എന്ന ന്യായമായിരുന്നു. പക്ഷേ, പത്താം ക്ലാസിലൊക്കെ പഠിക്കുമ്പോഴേ കിട്ടിയ ഏതുപുസ്തകങ്ങളും വായിക്കുന്ന ശീലക്കാരനായി
രുന്നു. നാരായണ്‍ജി ഓര്‍മ്മിക്കുന്നു: ”അന്നൊക്കെ മലയാളരാജ്യം, മാതൃഭൂമി ഒക്കെ അച്ഛന്‍ വീട്ടില്‍ വരുത്തുമായിരുന്നു. അച്ഛന്‍ അദ്ധ്യാപകനായിരുന്നു. അന്ന് സ്‌കൂളില്‍നിന്നും വായനശാലകളില്‍നിന്നുമൊക്കെ വീട്ടില്‍ പുസ്തകം കൊണ്ടുവരും. ഞാന്‍ അതൊക്കെ വായിക്കും. ആര്‍. നാരായണപ്പണിക്കരുടെ കേരള ഭാഷാ സാഹിത്യ ചരിത്രം (7 ഭാഗങ്ങള്‍) ഞാന്‍ കുട്ടിക്കാലത്ത് വായിച്ചിട്ടുണ്ട്. മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രം (5 ഭാഗങ്ങള്‍) ഞാന്‍ വായിച്ചിട്ടുണ്ട്. അത്തരം വായനകള്‍ എനിക്ക് ഇഷ്ടമായിരുന്നു. അക്കാലത്ത് പ്രസിദ്ധമായ എല്ലാ പുസ്തകങ്ങളും വായിച്ചു. പില്‍ക്കാലത്ത് അത് തുടര്‍ന്നു.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തര്‍ജ്ജമ ചെയ്ത മഹാഭാരതം ഒരു മാസികയില്‍ അച്ചടിച്ചുവന്നു. ആ മാസിക അച്ഛന്റെ ഒരു കൂട്ടുകാരന്‍ വരുത്തുമായിരുന്നത് വീട്ടില്‍ കൊണ്ടുവന്നിരുന്നു. ഞാന്‍ അത് പലകാലങ്ങളിലായി (ഭാഷാ ഭാരതം നാല് വാള്യം) വായിച്ചു. പിന്നീട് ആ തര്‍ജ്ജമ മുഴുവനും കോളെജ് വിദ്യാഭ്യാസത്തിന് മുമ്പ് വായിച്ചു. അത് എന്റെ ചിന്തയേയും സങ്കല്‍പ്പത്തേയും ഏറെ സ്വാധീനിച്ചു. സംഘത്തിന്റെ പ്രവൃത്തി പദ്ധതിയില്‍ ഉപയോഗിക്കുന്ന പല വാക്കുകളും പേരുകളും മഹാഭാരതത്തില്‍ കണ്ടു. ഉദാഹരണത്തിന് കായിക പരിശീലനത്തില്‍, വ്യവസ്ഥയില്‍, ആജ്ഞയില്‍ ഒക്കെ അത് കാണാന്‍ കഴിഞ്ഞു. ശാരീരിക ചലനങ്ങളിലുള്ള ഉഡ്ഡീനം, പ്രഡീനം, തുടങ്ങിയ പേരുകള്‍, വാഹിനി, തതി, ആനക്, ദുന്ദുഭി, ഗോമുഖ്, ഘോഷ് തുടങ്ങിയ വാക്കുകള്‍ ഒക്കെ എന്നെ ഏറെ രസിപ്പിച്ചു, അടുപ്പിച്ചു.
പില്‍ക്കാലത്ത് സംഘത്തിന്റെ സഹ സര്‍കാര്യവാഹായിരുന്ന ഏക്നാഥ് റാനഡെയുമായി ഒന്നിച്ചുണ്ടായ സമയത്ത് റാനഡെജി പറഞ്ഞു, നിങ്ങള്‍ മഹാഭാരതം വായിക്കണം, ഗുണകരമാകുമെന്ന്. ഞാന്‍ മലയാള പരിഭാഷാ വായിച്ചിട്ടുള്ള കാര്യം പറഞ്ഞപ്പോള്‍ സംസ്‌കൃതത്തില്‍ത്തന്നെ വായിക്കണമെന്ന് നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ പഠനകാലത്ത് സംസ്‌കൃതം പഠിക്കാന്‍ ചേര്‍ന്നെങ്കിലും തുടരാനായില്ല. അതിനാല്‍ സംസ്‌കൃതത്തില്‍ വായന നടന്നില്ല. ആ വിഷമം ഇന്നുമുണ്ട്.”

ജന്മഭൂമിക്കുവേണ്ടി

നാരായണ്‍ജിയാണ് ജന്മഭൂമിക്കുവേണ്ടി ജനങ്ങള്‍ക്കിടയില്‍ ആദ്യമായി പ്രവര്‍ത്തിക്കാനിറങ്ങിയത്. കേരളത്തിലെമ്പാടും മൂലധനം പിരിക്കാന്‍ നടന്നു. 10 രൂപയായിരുന്നു ഷെയര്‍ നിരക്ക്. ഒരാളില്‍നിന്ന് 100 രൂപയെങ്കിലും നേടിയെടുക്കണമെന്നായിരുന്നു ലക്ഷ്യം. ജനങ്ങള്‍ ജന്മഭൂമി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു, ജനങ്ങള്‍ക്കും ജനസംഘത്തിനും
ജന്മഭൂമിപോലൊരു പത്രം വേണമെന്ന് വാദിച്ച് സ്ഥാപിച്ചതിനു പിന്നില്‍ രാമന്‍പിള്ളസ്സാറെന്ന കെ. രാമന്‍പിള്ളയായിരുന്നുവെന്ന് നാരായണ്‍ജി ഓര്‍മ്മിക്കുന്നു: ”ഗുരുവായൂരിനടുത്തെ ചാവക്കാട്ട് മണത്തലയില്‍ നടന്ന സാമൂഹ്യ- രാഷ്‌ട്രീയ തര്‍ക്കവും അത് സംഘര്‍ഷമായതും കോടതി ഇടപെട്ടതുമൊക്കെ കേരളത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട സംഭവങ്ങളാണ്. മുസ്ലിം പള്ളിക്കുമുന്നിലൂടെ ക്ഷേത്രാചാരത്തിന്റെ ഭാഗമായുള്ള ഗ്രാമ പ്രദക്ഷിണ യാത്ര പാടില്ലെന്ന് ചില മതതീവ്ര ചിന്തകര്‍ നിലപാടെടുത്തു. അതിനെതിരേ ജനസംഘം മുന്‍നിന്ന് ജനകീയ പ്രക്ഷോഭം നയിച്ചു. പരമേശ്വര്‍ജി എന്ന പി. പരമേശ്വരന്‍, ഭരതേട്ടന്‍ എന്ന ടി.എന്‍. ഭരതന്‍, രാമന്‍പിള്ളസ്സാറെന്ന കെ. രാമന്‍പിള്ള, നാരായണ്‍ജി തുടങ്ങിയ ജനസംഘക്കാരും മറ്റ് സംഘടനാ പ്രവര്‍ത്തകരും നേതാക്കളും ഹൈന്ദവ മതവിശ്വാസികളും ഒന്നിച്ചു. പ്രക്ഷോഭം വിജയിച്ചു. ജനസംഘത്തിന്റെ സ്വീകാര്യത വര്‍ദ്ധിച്ചു. തൊട്ടുപിന്നാലെ ചാവക്കാട്ട് ഉപതെരഞ്ഞെടുപ്പ് വന്നു. ടി.എന്‍. ഭരതന്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി. ഒരു ഘട്ടത്തല്‍ അദ്ദേഹം ജയിച്ചേക്കുമെന്ന പ്രതീതി വന്നു. പക്ഷേ, തെരഞ്ഞെടുപ്പിനു തലേന്ന്, മാതൃഭൂമി പത്രത്തില്‍, ജനസംഘത്തെ ആക്ഷേപിച്ചും ആരോപിച്ചും നെടുങ്കന്‍ ലേഖനവും ജനസംഘം സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചുവെന്ന് വാര്‍ത്തയും വന്നു. മാധ്യമപ്രവര്‍ത്തനത്തിലൂടെയുള്ള ആ രാഷ്‌ട്രീയച്ചതിയില്‍, ജനസംഘത്തിന് കെട്ടിവെച്ച കാശ് പോലും കിട്ടാതെപോയി. തെരഞ്ഞെടുപ്പ് അവലോകനത്തില്‍ ജനസംഘത്തിന് ഒരു പത്രം വേണ്ടതിന്റെ ആവശ്യകത കെ. രാമന്‍പിള്ള വിശദമായി വിവരിച്ചു. അന്ന് കേസരി വാരികയായി പിച്ചവെച്ചുവരുന്നുണ്ടായിരുന്നു.
പിന്നീട് ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം 1967 ല്‍ കോഴിക്കോട്ട് നടത്തി. കേസരി മാത്രമായിരുന്നു ഒപ്പം, മറ്റെല്ലാ മാധ്യമങ്ങളും എതിരായിരുന്നു. എന്നാല്‍ മാതൃഭൂമി ഒരു പണി ചെയ്തു. പണ്ഡിറ്റ് ദീനദയാല്‍ജി അവിടെ നടത്തിയ പ്രസംഗം പൂര്‍ണ്ണമായി മലയാളത്തിലാക്കി, അച്ചടിച്ച് സായാഹ്ന പ്രത്യേക പതിപ്പായി വിറ്റു. 10,000 കോപ്പിയെങ്കിലും വിറ്റ് പണവും പത്രത്തിന് പിന്തുണയും നേടി. മാധ്യമത്തിന്റെ ശക്തിയും സാധ്യതയും ആവശ്യകതയും കൂടുതല്‍ ഊന്നിപ്പറയാന്‍ ഇത് ഇടനല്‍കി. ഒരു മാസം കഴിഞ്ഞ് തലശ്ശേരിയില്‍ ജനസംഘം സംസ്ഥാന സമിതിയോഗം ചേര്‍ന്നു. അപ്പോള്‍ പി
ന്നെയും ദിനപത്ര വിഷയം വന്നു. അന്ന് ജനസംഘച്ചുമതലക്കാരനായിരുന്ന പരമേശ്വര്‍ജി, നമുക്ക് ഒരു പത്രം വേണമെന്ന ആവശ്യത്തെ തത്ത്വത്തില്‍ പിന്തുണച്ചു, അനുഭാവപൂ
ര്‍വം പരിഗണിക്കാമെന്ന് മറുപടി നല്‍കി. അത് ഒരു ദിനപത്രത്തിന്റെ തുടക്കത്തിനുള്ള തുടക്കമായി.
അത് ജന്മഭൂമിയായി പില്‍ക്കാലത്ത് മാറിയെന്നത് വസ്തുത. അതിനിടയില്‍ ഒട്ടേറെ സംഭവിച്ചു. അതുകൊണ്ടാണ് ജന്മഭൂമിയേക്കാള്‍ കൂടുതല്‍ വര്‍ഷം ജന്മഭൂമി രൂപപ്പെടുത്തിയ നാരായണ്‍ജിക്ക് ജന്മഭൂമിക്കാര്യത്തിലുണ്ടെന്ന് പറയാന്‍ കാരണം.

ഏറെച്ചുരുക്കിപ്പറഞ്ഞാല്‍ ജന്മഭൂമിയുടെ ചരിത്രം
ഇങ്ങനെ:
1975 ഏപ്രില്‍ 28 നാണ് ജന്മഭൂമി സായഹ്നപ്പതിപ്പായി കോഴിക്കോട്ടുനിന്ന് ശുഭാരംഭം കുറിച്ചത്. അതായത്, 2025 ഏപ്രി
ല്‍ 28 ന് ജന്മഭൂമിക്ക് പ്രായക്കണക്കില്‍ അമ്പതാകും. പത്രം ഒരു വര്‍ഷം പിറന്നാള്‍ ആഘോഷിക്കുകയാണ്. 2024 ഒക്‌ടോബറില്‍ കോഴിക്കോട്ട് സുവര്‍ണ്ണ ജയന്തിയുടെ ആഘോഷം തുടങ്ങുന്നു.
യഥാര്‍ത്ഥ ദേശീയതയുടെ പ്രചാരണം നടത്തുന്ന മലയാള ദിനപത്രത്തിന്റെ അഭാവമാണ് ജന്മഭൂമിയുടെ സ്ഥാപനത്തിന് പ്രേരകമായ മുഖ്യ ഘടകം. 1948-ല്‍, ഗാന്ധിഹത്യ ആരോപിച്ച് ആര്‍എസ്എസ്സിനെ നെഹ്റു സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍, സകല മാധ്യമങ്ങളും അതേറ്റുപാടുകയും സംഘത്തിനെതിരായ ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു. ഗാന്ധിഹത്യയില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ നിരോധനം നിരുപാധികം പിന്‍വലിച്ചു. ഈ കാലത്ത് സംഘത്തെ അനുകൂലിക്കാന്‍ പോയിട്ട്, വിമര്‍ശനങ്ങള്‍ ന്യായയുക്തമാക്കാന്‍പോലും മാധ്യമങ്ങള്‍ തയാറായില്ല. ഈ പശ്ചാത്തലത്തില്‍ സംഘത്തിന്റെ ഭാവാത്മകവശങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ പ്രചാരണമാധ്യമങ്ങള്‍ ആവശ്യമാണെന്ന് പല പ്രമുഖ പ്രവര്‍ത്തകര്‍ക്കും തോന്നി. 1951-ല്‍ കോഴിക്കോട്ടെ ചിലരുടെ ഉത്സാഹത്തില്‍ തുടങ്ങിയ ‘കേസരി’ വാരിക മലയാളത്തില്‍ അത്തരത്തിലുള്ള ആദ്യ പ്രസിദ്ധീകരണമായി.
ഭാരതീയ ജനസംഘം സ്ഥാപകനായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, കശ്മീരിന്റെ പ്രത്യേക അധികാരപദവിയായ 370 ാം വകുപ്പ് റദ്ദാക്കി, കശ്മീരിനെ ഭാരതത്തില്‍ പൂര്‍ണമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം നടത്തി ഷേഖ് അബ്ദുള്ളയുടെ കാരാഗൃഹത്തില്‍ വീരമൃത്യുവരിച്ചു. ആ ബലിദാനത്തിന്റെ പ്രാധാന്യം കോണ്‍ഗ്രസും മറ്റ് മതേതര രാഷ്‌ട്രീയ കക്ഷികളും പത്രമാധ്യമങ്ങളും ചെറുതാക്കി ചിത്രീകരിച്ചു.
1967, മറ്റൊന്നുകൊണ്ടും ശ്രദ്ധേയമായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്തകക്ഷി മുന്നണിയില്‍ മുസ്ലിം ലീഗും, ക്രിസ്ത്യന്‍ സാമുദായിക താല്‍പ്പര്യസംരക്ഷണത്തിനായി നിലവില്‍ വന്ന കേരള കോണ്‍ഗ്രസും പ്രമുഖ ഘടകങ്ങളായി കോണ്‍ഗ്രസിനെ എതിര്‍ക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഏറെക്കുറേ ഒരേവഴിക്ക് നീങ്ങി. ഭാരതീയ ജനസംഘവും അത് പ്രതിനിധാനം ചെയ്യുന്ന ആദര്‍ശ സംഹിതയും മാര്‍ക്സിസ്റ്റ് പക്ഷപാതമുള്ള മാധ്യമങ്ങളുടെ അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് പാത്രമായി. അസത്യങ്ങളും, അര്‍ദ്ധസത്യങ്ങളും നിറഞ്ഞ, അത്യന്തം പ്രകോപനപരമായ പ്രചാരണമാണവര്‍ നടത്തിയത്. ഈ പ്രചാരണങ്ങള്‍ നേരിടാന്‍ വാരിക മാത്രം പോരെന്നുവന്നു. ദിനപത്രം കൂടിയേ കഴിയൂ എന്ന് സംഘപരിവാറിലെ പല പ്രമുഖ പ്രവര്‍ത്തകര്‍ക്കും തോന്നിയതിന്റെ ഫലമാണ് ‘ജന്മഭൂമി’. നേരത്തേ വിശദീകരിച്ച ചാവക്കാട് തെരഞ്ഞെടുപ്പനുഭവവും കാരണമായി.
പത്രം എങ്ങനെയെന്നതിനെപ്പറ്റി പലതലത്തില്‍ ചര്‍ച്ച നടന്നു. അന്നു ജനസംഘത്തിന്റെ അഖില ഭാരതീയ ഉപാധ്യക്ഷനായ പി. പരമേശ്വരന്‍, ഓ. രാജഗോപാല്‍, പി. നാരായണന്‍, കെ. രാമന്‍പിള്ള, യു. ദത്താത്രേയ റാവു, കെ.ജി. വാധ്യാര്‍ തുടങ്ങിയവരാണ് ഇക്കാര്യത്തില്‍ ഉത്സാഹിച്ചത്. എറണാകുളത്തെ പ്രമുഖ സ്വാതന്ത്ര്യ സമരഭടനായിരുന്ന കെ.വി. വിട്ടപ്പപ്രഭു നടത്തിവന്ന ‘രാഷ്‌ട്ര വാര്‍ത്ത’ സായാഹ്നദിനപത്രം കെ.ജി. വാധ്യാരും ടി.എം.വി. ഷേണായിയും ചേര്‍ന്ന് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. അന്ന് ജേണലിസം വിദ്യാര്‍ത്ഥിയായി കൊച്ചിയില്‍ ഉണ്ടായിരുന്ന കുമ്മനം രാജശേഖരന്‍ പത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചു.
കോഴിക്കോട്ട് ശ്രമങ്ങള്‍ അപ്പോഴും നടന്നുകൊണ്ടിരുന്നു. ‘വിളംബരം’ എന്ന പേരില്‍ പത്രം നടത്താന്‍ ഔദ്യോഗിക അനുമതിയും കിട്ടി. യു. ദത്താത്രേയറാവു എംഡിയും നാരായണ്‍ജി മാനേജരുമായാണ് അനുമതി ലഭിച്ചത്. മദര്‍ലാന്‍ഡ് എന്ന പേരിന്റെ മലയാളം മാതൃഭൂമിയുള്ളതിനാല്‍ മറ്റൊരു പേരിനെക്കുറിച്ചായി ആലോചന. അങ്ങനെ രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഇന്ത്യയോട് ചില പേരുകള്‍ക്ക് അപേക്ഷിച്ചു. വിളംബരം, പ്രഗതി, എന്നീ പേരുകള്‍ക്കാണ് അപേക്ഷിച്ചത്. ആ ടൈറ്റിലുകളില്‍ പ്രഗതി പിന്നീട് ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രസിദ്ധീകരണമായി. നാരായണ്‍ജി പത്രാധിപരായും ദത്താത്രേയ റാവു പ്രകാശകനായുമാണ് ഔദ്യോഗിക രേഖ തയാറായത്. ദിനപത്രം നടത്താന്‍ ആവശ്യമായ സാമ്പത്തിക ഭദ്രത സമ്പാദിക്കാന്‍ കഴിയുമോ എന്ന ആശങ്കമൂലം ആ ശ്രമം ഉപേക്ഷിച്ചു.
തുടര്‍ന്ന്, കൂടുതല്‍ ആസൂത്രിതമായ പരിശ്രമം തുടങ്ങി. കോഴിക്കോട്ട് ദത്താത്രേയറാവുവാണ് മുന്‍കൈയെടുത്തത്. അദ്ദേഹം ചീഫ് പ്രമോട്ടറായും, സി. പ്രഭാകരന്‍, പുന്നത്തുചന്ദ്രന്‍, എം. ശ്രീധരന്‍, കെ.സി. ശങ്കരന്‍, വി.സി. അച്യുതന്‍ മുതലായവര്‍ പ്രമോട്ടര്‍മാരായും ‘മാതൃകാ പ്രചാരണാലയം’ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി 1973 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എറണാകുളത്തെ ‘രാഷ്‌ട്രവാര്‍ത്ത’ മാതൃകാ പ്രചാരണാലയത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി.
പത്രത്തിന്റെ പേര് എന്തായിരിക്കണം പത്രാധിപര്‍ ആരായിരിക്കണം എന്ന കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായി. ‘വിളംബരം’ എന്ന പേര് കൈവശമുണ്ടായിരുന്നുവെങ്കിലും കുറേക്കൂടി മെച്ചമായ പേര് വേണമെന്ന് പലരും അഭിപ്രായപ്പെട്ടു. അങ്ങനെയിരിക്കെ തൃശൂരില്‍ ‘ജന്മഭൂമി’ എന്ന പേരില്‍ നടന്നുവന്ന മാസിക മുടങ്ങിക്കിടക്കുകയാണെന്ന വിവരം കിട്ടി. നവാബ് രാജേന്ദ്രനായിരുന്നു ഉടമ. ഇതറിഞ്ഞ ഉടന്‍ നാരായണ്‍ജിയും ദത്താത്രേയ റാവവും തൃശൂരിലെത്തി. അപ്പോള്‍ത്തന്നെ നവാബിനെക്കണ്ട് 500 രൂപ നല്‍കി പേര് നാരായണ്‍ജിയുടെ പേര്‍ക്ക് തൃശൂര്‍ രജിസ്ട്രാഫീസില്‍ തീറാധാരം ചെയ്തു. ജന്മഭൂമി എന്നെഴുതിയ മെറ്റല്‍ ബോര്‍ഡ് അടക്കമാണ് വാങ്ങിയത്.
സായഹ്‌ന പത്രം തുടങ്ങി രണ്ടുമാസത്തിനുള്ളില്‍ അടിയന്തരാവസ്ഥ വന്ന് ജന്മഭൂമി പൂട്ടി. പിന്നീട് എറണാകുളത്തുനിന്ന് പുനപ്രസിദ്ധീകരണം ആരംഭിക്കുമ്പോള്‍ ഈ പേരും ഉടമസ്ഥതയുമൊക്കെ ഔദ്യോഗികമായി അനുവദിച്ചു കിട്ടുന്നതിന് ദല്‍ഹിയില്‍ പോയി. അത് അടിയന്തരാവസ്ഥ കഴിഞ്ഞ് ജനതാ പാര്‍ട്ടി അധികാരത്തിലെത്തി, എല്‍.കെ. അദ്വാനി വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായിരിക്കുന്ന സമയമാണ്. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയുടെ ഉപദേശമനുസരിച്ച് ആര്‍എന്‍ഐയില്‍ അപേക്ഷ നല്‍കി. ജന്മഭൂമിയെന്നൊരു പത്രം ഗുജറാത്തില്‍ നിന്നുണ്ടെന്നും അതിനാല്‍ ഇംഗ്ലീഷില്‍ ജന്മഭൂമി എന്നതിന് രണ്ട് ‘ഒ’ ഉള്ള സ്‌പെല്ലിംഗോടു കൂടിയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്. അപ്പോള്‍ തിരുവനന്തപുരത്ത് വി.പി. ഖാദര്‍ എന്നയാളും ജന്മഭൂമിയെന്ന ടൈറ്റില്‍ വാങ്ങിയിട്ടുണ്ടെന്ന് അറിയിഞ്ഞു.
അപ്പോള്‍ത്തന്നെ കെ. രാമന്‍ പിള്ളയെ വിവരമറിയിച്ചു. എങ്ങനെയെങ്കിലും ആ ടൈറ്റില്‍ വാങ്ങണമെന്ന് പറഞ്ഞു. രാമന്‍ പിള്ള ഖാദറിനെക്കണ്ട് 500 രൂപ നല്‍കി അത് സ്വന്തം പേരിലേക്ക് തീറെഴുതി വാങ്ങി. പിന്നീട് ആ എതിര്‍പ്പില്ലാ രേഖയോടൊപ്പം (എന്‍ഒസി) ആര്‍എന്‍ഐയ്‌ക്ക് അയച്ചു. അങ്ങനെ ജന്മഭൂമിയെന്ന പേര് കരസ്ഥമാക്കിയതിനു ശേഷമാണ് നാരായണ്‍ജി ദല്‍ഹിയില്‍നിന്ന് പോന്നത്. എറണാകുളത്ത് നിന്ന് പത്രം തുടങ്ങാനായി രാമന്‍പിള്ള അത് നാരായണ്‍ജിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കൊടുത്തു. പിന്നീട് ഇംഗ്ലീഷി സ്‌പെല്ലിംഗ് ഇന്നത്തെപ്പോലെ ‘ജെഎഎന്‍എംഎബിഎച്ച്‌യുഎംഐ’ എന്നാക്കി മാറ്റി.
നവാബിന്റെ പത്രം, ‘ജന്മഭൂമി’ വില്‍ക്കാനുണ്ട് എന്ന് അറിയാന്‍ കാരണക്കാരായത് തൃശൂരില്‍നിന്നുള്ള ജനസംഘം പ്രവര്‍ത്തകന്‍ സി.പി. സുബ്രഹ്മണ്യന്‍, തൃപ്രയാറില്‍നിന്നുള്ള പ്രവര്‍ത്തകന്‍ ധര്‍മ്മപാലന്‍ എന്നിവരായിരുന്നു. സുബ്രഹ്മണ്യന്‍ നടത്തിയിരുന്ന ‘സിലോണ്‍’ ഹോട്ടലാണ് അതിന് കളമൊരുക്കിയത്.
പത്രാധിപരായി, കണ്ണൂരില്‍ താമസിച്ചിരുന്ന പി.വി.കെ. നെടുങ്ങാടിയെ കണ്ടെത്തി. കൊച്ചിയില്‍ ‘പ്രതാപ്’മാസിക അദ്ദേഹം നടത്തിയിരുന്നു, കേരളത്തില്‍ സംഘപ്രവര്‍ത്തനമാരംഭിച്ച കാലമായിരുന്നു അത്. അന്ന്, ‘ആര്‍എസ്എസ് എന്ത്?എന്തിന്?’ എന്ന പേരില്‍ അദ്ദേഹമെഴുതിയ ലഘുപുസ്തകമായിരിക്കും ഒരു പക്ഷേ, സംഘത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ആദ്യ പ്രസിദ്ധീകരണം. ‘രാമസിംഹന്‍ മുതല്‍ ശബരിമലവരെ’ എന്ന അദ്ദേഹത്തിന്റെ പുസ്തകവും ശ്രദ്ധേയമായിരുന്നു. കണ്ണൂരില്‍ നിന്ന് പ്രസിദ്ധം ചെയ്ത ‘സാരഗ്രാഹി’, ‘ദേശമിത്രം’, ‘സുദര്‍ശനം’ എന്നീ പത്രങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ദേശീയതയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ നിഷ്ഠയും പത്രാധിപര്‍ പദവിയിലേക്ക് അദ്ദേഹത്തെ നിയോഗിക്കാന്‍ പ്രേരണയായി.
കോഴിക്കോട്ട് കല്ലായി റോഡിലുള്ള ‘ജയഭാരത്’ അച്ചുകൂടത്തിലാണ് പത്രം അച്ചടിച്ചത്. ‘കേസരി’ വാരികയും അവിടെയായിരുന്നു അച്ചടി. ജയഭാരതം മാനേജര്‍ അവിടെ ജന്മഭൂമിക്കായി ഒരു മുറിയില്‍ പ്രവര്‍ത്തന സൗകര്യവും കൊടുത്തു. പത്രാധിപരാകാന്‍, മാരാര്‍ജി എന്ന കെ.ജി. മാരാരാണ് നെടുങ്ങാടിയുമായി ചര്‍ച്ചകള്‍ നടത്തിയത്. നാരായണ്‍ജി പിന്നീട് കണ്ണൂരിലെ വീട്ടില്‍ചെന്ന് നെടുങ്ങാടിയെ ക്ഷണിച്ചു. പത്രാധിപര്‍ നെടുങ്ങാടിയും മാനേജ്‌മെന്റ് കാര്യങ്ങള്‍ക്കായി നാരായണ്‍ജിയും താമസിച്ചത് ബീച്ച് റോഡിലെ അലങ്കാര്‍ ലോഡ്ജിലായിരുന്നു.
ഈ ലോഡ്ജ് എം.പി. വീരേന്ദ്രകുമാറിന്റെ മുത്തച്ഛന്‍ അനന്തയ്യ ഗൗഡരുടേതായിരുന്നു. അദ്ദേഹത്തെ ചെന്ന് കണ്ട്, ജന്മഭൂമിക്കായി രണ്ടുമുറികള്‍ വാടകയ്‌ക്ക് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വാടകക്കരാറൊന്നുമില്ലാതെ, നിങ്ങള്‍ക്ക് എത്രകാലം ആവശ്യമുണ്ടോ അത്രകാലം ഉപയോഗിക്കാമെന്ന് അനുമതി നല്‍കി രണ്ട് മുറികള്‍ അനുവദിക്കുകയായിരുന്നുവെന്ന് നാരായണ്‍ജി ഓര്‍മ്മിക്കുന്നു.
നെടുങ്ങാടിക്ക് സഹായത്തിന് നാദാപുരത്തിനടുത്തുള്ള കക്കട്ടില്‍ രാമചന്ദ്രന്‍ എന്ന എബിവിപി പ്രവര്‍ത്തകന്‍ നിയോഗിക്കപ്പെട്ടു. കോഴിക്കോട് സിറ്റി ലേഖകനായി പി.
ടി. ഉണ്ണിമാധവനെ നിയമിച്ചു. ദത്താത്രേയറാവു പ്രിന്ററും പബ്ലിഷറും പി.വി.കെ. നെടുങ്ങാടി പത്രാധിപരുമായി. പുത്തൂര്‍മഠം ചന്ദ്രന്‍ എന്ന യുവാവ് അന്ന് കോപ്പറേറ്റീവ് കോളെജില്‍നിന്ന് പഠിത്തം കഴിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. ജനസംഘം പ്രവര്‍ത്തനത്തിലൊക്കെ സഹകരിക്കുന്ന കാലം. പുത്തൂര്‍മഠത്തെ അസിസ്റ്റന്റ് എഡിറ്ററാക്കി. നല്ലളം സ്വദേശിയായിരുന്ന കായലോട്ട് സിദ്ധാര്‍ത്ഥനായിരുന്നു ആദ്യത്തെ പ്രധാന ഏജന്റ്. അദ്ദേഹം ദിവസവും വൈകിട്ട് 200 കോപ്പി ജന്മഭൂമിവരെ വിറ്റിരുന്നു.
ജന്മഭൂമിക്ക് കോഴിക്കോട്ടുനിന്നുള്ള മറ്റു പത്രങ്ങള്‍ക്കില്ലാത്ത ചില സംവിധാനങ്ങള്‍ അന്നുണ്ടായിരുന്നുവെന്ന് നാരായണ്‍ജി ഓര്‍മ്മിക്കുന്നു: അന്ന് വൈകിട്ട് പത്രമിറക്കും. കാലത്ത് 12 മണിവരെയുള്ള വിവരങ്ങള്‍ നഗരത്തില്‍നിന്നും മറ്റുമായി ഉണ്ണിമാധവന്‍ ശേഖരിക്കും. മറ്റ് പലവഴിക്കായി പത്രാധിപരും മറ്റും ചേര്‍ന്ന് വാര്‍ത്തകള്‍ സംഘടിപ്പിക്കും. ഉച്ചയ്‌ക്കത്തെ ആകാശവാണി വാര്‍ത്തകള്‍ പ്രധാനപ്പെട്ട വിവരശേഖരണ സംവിധാനമായിരുന്നു. അങ്ങനെ വൈകിട്ട് നാലുമണിയോടെ പത്രം തയാര്‍.
നാലരയക്ക് അന്ന് പാലക്കാട്ടേക്കും അഞ്ചരയക്ക് കണ്ണൂരേക്കും കോഴിക്കോട്ടുനിന്ന് ട്രെയിനുണ്ടായിരുന്നു. ഈ വണ്ടികളില്‍ ജന്മഭൂമി അവിടങ്ങളില്‍ എത്തിച്ചു. അന്നുണ്ടായിരുന്ന മറ്റു സായാഹ്ന പത്രങ്ങളില്‍ ഒന്ന് പ്രദീപമായിരുന്നു, അതിന് രാഷ്‌ട്രീയമായി ഇടതുപക്ഷ ചായ്‌വ്. മറ്റൊന്ന് മൊയ്തു മൗലവിയുടെ അല്‍ – അമീന്‍, കോണ്‍ഗ്രസ് പക്ഷവും. അന്ന് വാര്‍ത്തകള്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്തിരുന്നത് ജന്മഭൂമിയാണ്.
അക്കാലത്തെ രണ്ട് അനുഭവങ്ങള്‍ നാരായണ്‍ജി പറയുന്നു; ”പത്രപ്രവര്‍ത്തനത്തില്‍, ജന്മഭൂമി പ്രവര്‍ത്തനത്തില്‍, എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന രണ്ട് സംഭവങ്ങളുണ്ട്. ഒന്ന്: ‘ജെ പി’ എന്ന ജയപ്രകാശ് നാരായണന്‍ കോഴിക്കോട് സന്ദര്‍ശിച്ചു. അന്ന് സാമൂതിരി ഹൈസ്‌കൂളില്‍ ആര്‍എസ്എസ് ഒടിസി ശിബിരം നടക്കുകയായിരുന്നു. ജെപി അന്ന് ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിനെതിരേ ജനകീയ പ്രക്ഷോഭം നയിച്ച് ലോകശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.  ജെപിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് കേരളത്തില്‍ നേതൃത്വം നല്‍കിയിരുന്ന പ്രൊഫ.എം.പി. മന്മഥനുമൊന്നിച്ചാണ് ശിബിരം സന്ദര്‍ശിച്ചത്. അവിടെവെച്ചാണ് പ്രസിദ്ധമായ പ്രസ്താവന ജെപി നടത്തിയത്. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം ഞാന്‍ പല ഘട്ടങ്ങളിലും നേരിട്ട് കണ്ടിട്ടുള്ളതും ആ സംഘടനയുടെ സേവനമനസ്സും പദ്ധതിയും ദുരിതാശ്വാസ പ്രവര്‍ത്തന സന്നദ്ധതയും ശേഷിയും പ്രവര്‍ത്തകരുടെ സവിശേഷതയും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുമുന്‍നിര്‍ത്തി ഞാന്‍ പറയുകയാണ്,”ആര്‍എസ്എസ്സിനെ വര്‍ഗ്ഗീയമെന്ന് വിളിക്കുന്നെങ്കില്‍ എന്നെയും അങ്ങനെ വിളിക്കാം,” എന്ന്.
ജന്മഭൂമിക്ക് ആ സന്ദര്‍ശനവാര്‍ത്ത അന്ന് ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. അത് മറ്റാര്‍ക്കും സാധിച്ചതുമില്ല. അത് വലിയൊരു നേട്ടമായിരുന്നു.
എന്നാല്‍, മറ്റൊരനുഭവവുമുണ്ടായി. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് സംഘത്തിന്റെ അന്നത്തെ പ്രാന്ത പ്രചാരക് ഭാസ്‌കര്‍ റാവുജിയില്‍നിന്ന് നല്ല വഴക്കു കിട്ടിയതാണത്. അന്ന് കോഴിക്കോട്ടെ ശിബിരത്തില്‍ ഗുരുജി പങ്കെടുത്ത് ബൗദ്ധിക് നടത്തി. അതിന്റെ ഫോട്ടോയും വാര്‍ത്തയും ജന്മഭൂമിയില്‍ പ്രസിദ്ധം ചെയ്തു. സംഘപ്രവര്‍ത്തകര്‍ക്ക് മാത്രമുള്ള ബൗദ്ധിക് പത്രത്തില്‍ വന്നതിനായിരുന്നു താക്കീത് നല്‍കിയത്. അക്കാലത്തത് സംഘടനാ രീതിയുടെ ലംഘനമായിരുന്നു.”
കോഴിക്കോട് ടൗണ്‍ഹാളില്‍ 1975 ഏപ്രില്‍ 28 ന് നടന്ന ഭവ്യമായ ചടങ്ങിലാണ് ‘ജന്മഭൂമി’ സായാഹ്ന പതിപ്പായി പ്രകാശനം ചെയ്തത്. അന്നത്തെ മാതൃഭൂമി എംഡി: വി.എം. നായര്‍, മലയാള മനോരമയുടെ റസിഡന്റ് എഡിറ്റര്‍ മൂര്‍ക്കോത്തു കുഞ്ഞപ്പ, പ്രദീപം പത്രാധിപര്‍ തെരുവത്ത് രാമന്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി.എം. കൊറാത്ത്, പി. പരമേശ്വരന്‍ മുതലായ പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു. രണ്ടുമാസമേ ആ സായാഹ്ന പതിപ്പിന് ആയുസുണ്ടായുള്ളു! അപ്പോഴേക്കും ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, പിന്നാലെ,സര്‍ക്കാരിനെ എതിര്‍ത്തതിന് ജന്മഭൂമി അധികൃതര്‍ സീല്‍വെച്ചു.
അക്കാലത്തെ പത്രത്തിന്റെയും പത്രാധിപരുടെയും ധൈര്യവും വീര്യവും മാതൃകയാണ്, മറ്റാരും കാണിക്കാത്ത ചങ്കൂറ്റം അന്നും ജന്മഭൂമി പ്രകടിപ്പിച്ചു. ദേശീയ തലത്തില്‍ കിട്ടാവുന്ന വാര്‍ത്തകള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചു. സംഘടനാ സംവിധാനത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. എ.കെ. ആന്റണി അന്ന് കെപിസിസി പ്രസിഡന്റാണ്. ‘അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നവരെ അകത്താക്കും’ എന്ന് അന്ന് ആന്റണി ഭീഷണി പ്രസ്താവിച്ചു. അതിനെതിരേ ജന്മഭൂമി മുഖപ്രസംഗം എഴുതി. ‘ആന്റണിയുടെ പാറ്റിവെടി’ എന്നായിരുന്നു മുഖപ്രസംഗത്തിന്റെ തലക്കെട്ട്. ജന്മഭൂമി നിരോധിക്കപ്പെട്ടു, പിന്നീട് കൊച്ചിയില്‍നിന്ന് പ്രഭാത ദിനപത്രമായി അടിയന്തരാവസ്ഥ കഴിഞ്ഞ് തുടങ്ങി. ഇന്ന് ഒമ്പത് എഡിഷനുകളുമായി, കേരളത്തിലെ മുഖ്യ പത്രങ്ങളിലൊന്നായി, സുവര്‍ണ്ണ ജയന്തി ആഘോഷിക്കുകയാണ്.

റേഡിയോക്കമ്പം

നാരായണ്‍ജിയുടെ റേഡിയോ പ്രേമത്തിന് ‘ചരിത്രപര’മായ പ്രാധാന്യവുമുണ്ട്. വാര്‍ത്താ കാര്യത്തില്‍ പരാമര്‍ശിക്കുമ്പോള്‍ നാരായണ്‍ജിയെ ‘ബിബിസി’ എന്നും ചിലര്‍ പറയാറുണ്ടായിരുന്നു. റേഡിയോ കേള്‍ക്കുക നാരായണ്‍ജിയുടെ നിത്യചര്യയായിരുന്നു. ആകാശവാണിയുടെ സമയക്രമം അദ്ദേഹത്തിന്റെ ജീവിതത്തിലെ ചിട്ടകൂടിയായിരുന്നു. എറണാകുളത്ത് ജന്മഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ തൊട്ടപ്പുറത്തെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ മാധവ് നിവാസിലാണ് നാരായണ്‍ജിക്ക് ഉച്ചയൂണ്. 12.30 ന്റെ ഉച്ചവാര്‍ത്ത ജന്മഭൂമിയില്‍ കേട്ട ശേഷം ഉണ്ണാനിറങ്ങും. ഒരുമണിയുടെ ദല്‍ഹി വാര്‍ത്ത കാര്യാലയത്തില്‍. രണ്ടും മുടക്കിക്കണ്ടിട്ടില്ല. അല്ലാത്ത സമയത്ത് പതിഞ്ഞ് ശബ്ദത്തില്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി വാര്‍ത്തകള്‍-പരിപാടികള്‍ കേട്ടുകൊണ്ടാവും മറ്റുജോലികള്‍. ‘എവിടെ നാരായണ്‍ജിയുണ്ടോ, അവിടെ റേഡിയോ ഉണ്ട്,’ എന്നൊരു പരസ്യ വാക്യത്തിനുപോലും സ്‌കോപ്പുണ്ടായിരുന്നു.
ഇതിനെക്കുറിച്ച് നാരായണ്‍ജിയോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: ”റേഡിയോ എനിക്കൊരു കൂട്ടാണ്. സായാഹ്നപത്രം നടത്തുമ്പോള്‍ റേഡിയോ ഏറെ സഹായിച്ചിരുന്നു. അന്ന് റേഡിയോയ്‌ക്ക് ലൈസന്‍സ് വേണം. കോഴിക്കോട്ട് സംഘടനാപ്രവര്‍ത്തനത്തിലുണ്ടായിരിക്കെ ഒരു പ്രവര്‍ത്തകന്‍, പുന്നത്ത് ചന്ദ്രന്‍, നഗരത്തില്‍ ഇലക്‌ട്രോണിക്‌സ് വസ്തുക്കളുടെ കട തുടങ്ങി. അവിടെ കൊച്ചുപോക്കറ്റ് റേഡിയോ കണ്ടു. അത് വാങ്ങാന്‍ തീരുമാനിച്ചു. ലൈസന്‍സൊക്കെ ചന്ദ്രന്‍തന്നെ എടുത്തുതന്നു. അത് എന്റെ സന്തത സഹചാരിയായിരുന്നു. മീഡിയം വേവ് സ്‌റ്റേഷന്‍ പരിപാടികളേ കിട്ടൂ. കോഴിക്കോടാണെങ്കില്‍ ആ സ്‌റ്റേഷന്‍ കിട്ടും. തൃശൂര്‍ കിട്ടും. എറണാകുളത്ത് അക്കാലത്ത് സ്‌റ്റേഷനില്ല, അതിനാല്‍ ആലപ്പുഴയാണ് കിട്ടുക.
റേഡിയോ കേള്‍വിക്ക് വലിയ ചരിത്രമുണ്ട്. ഈ മീഡിയം വേവില്‍ ബിബിസി വാര്‍ത്തകിട്ടുമായിരുന്നുവെന്നതാണ് പ്രത്യേകത. എറണാകുളത്ത് ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം, അന്ന് യാദവറാവു ജോഷിജിയും സ്ഥലത്തുണ്ട്. കേരളത്തിലെ ഒട്ടെല്ലാ പ്രചാരകന്മാരുമുണ്ട്. അന്ന്, കാലത്ത് ഞങ്ങള്‍ ഭാരവാഹിത്വമുള്ള ജനസംഘക്കാര്‍ എറണാകുളത്ത് ജനസംഘം ഓഫീസില്‍ രാത്രി എത്തി, കുളികഴിഞ്ഞ് എളമക്കര കാര്യാലയത്തിലേക്ക് പോകാന്‍ സജ്ജരാവുകയാണ്. ഞാന്‍ കാലത്ത് അഞ്ചരയ്‌ക്ക് ബിബിസി ട്യൂണ്‍ ചെയ്തു. അവിടത്തെ സമയവുമായി നമുക്ക് നാലര മണിക്കൂര്‍ വ്യത്യാസമുണ്ടല്ലോ. അപ്പോള്‍ അവിടെ അര്‍ദ്ധരാത്രി കഴിഞ്ഞു. ആ വാര്‍ത്തയിലൂടെയാണ്, ഭാരതത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും നേതാക്കള്‍ അറസ്റ്റിലായതും മറ്റും ഞങ്ങള്‍ അറിഞ്ഞത്. ഉടനെ വിവരം ഒപ്പമുണ്ടായിരുന്ന പരമേശ്വര്‍ജിയേയും ഓ. രാജേട്ടനേയുമൊക്കെ അറിയിച്ചു. പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജിയെ അറിയിച്ചു, കാര്യാലയത്തില്‍ പറഞ്ഞു. അന്നൊന്നും കമ്യൂണിക്കേഷന്‍ സംവിധാനം ഇന്നത്തെപ്പോലെ ഇല്ലെന്നോര്‍ക്കണം. അങ്ങനെ റേഡിയോ നി
ര്‍ണ്ണായകമായിട്ടുണ്ട് എനിക്ക്.”

അടിയന്തരാവസ്ഥയില്‍

അടിയന്തരാവസ്ഥ ജന്മഭൂമിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ കാലമായിരുന്നു. പത്രത്തിന്റെ ദൗത്യംതന്നെ ദേശീയതയുടെ ശബ്ദവം സന്ദേശവും ജനങ്ങളിലെത്തിക്കുകയായിരുന്നു. ജനങ്ങളെ ഒരു വാര്‍ത്തയും സത്യസന്ധമായി അറിയിക്കരുതെന്ന നിര്‍ബന്ധമായിരുന്നു അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധി നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടായിരുന്നത്. പ്രബലമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും നയിക്കുന്നവരോടുമുള്ള നിലപാടും ബന്ധവവും രാഷ്‌ട്രീയ ചരിത്രമാണ്. അങ്ങനെ സത്യം അറിയിക്കുന്ന ദൗത്യം, വിലക്കുകളും നിയന്ത്രണങ്ങളും മറികടന്ന് ജന്മഭൂമി നിര്‍വഹിച്ചു. പ്രതിപക്ഷ നേതാക്കളായ അടല്‍ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ വാര്‍ത്ത ആദ്യം അച്ചടിച്ചത് മലയാളത്തില്‍ ജന്മഭൂമിയായിരുന്നു. ഒടുവില്‍ പത്രം പോലീസ് റെയ്ഡ് ചെയ്ത് പൂട്ടി. അന്ന് പത്രത്തിന്റെ ഓഫീസിലേക്ക് പതിവുപോലെ എത്തിയപ്പോള്‍ പോലീസിന്റെ സാന്നിദ്ധ്യം കണ്ട് കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കിയ പു
ത്തൂര്‍മഠം ചന്ദ്രന്‍ ഒട്ടും പരിഭ്രമിക്കാതെ പത്രമോഫീസിന് അടുത്തുള്ള മറ്റൊരു ഓഫീസിലെ ജീവനക്കാരനെന്ന മട്ടില്‍ കെട്ടിടത്തില്‍ കയറി, പോലീസറിയാതെ ജന്മഭൂമിയുടെ രേഖകളും രജിസ്റ്ററും മറ്റും മാറ്റി. അതിനാല്‍ പോലീസിന്റെ റെയ്ഡില്‍ അവര്‍ക്ക് രേഖകളൊന്നും കൈക്കലാക്കാന്‍ കഴിഞ്ഞില്ല. പില്‍ക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍, അതും പിആര്‍ഡി എന്ന വാര്‍ത്താ വിതരണ സംവിധാനത്തില്‍ പുത്തൂര്‍മഠം ഉദ്യോഗസ്ഥനായി വിരമിച്ചു.
പക്ഷേ, ജന്മഭൂമി അടിയന്തരാവസ്ഥാ ചരിത്രത്തില്‍ പലതരത്തില്‍ ഇടം നേടി. പത്രത്തിന്റെ മാനേജര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന നാരായണ്‍ജിയേയും പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയേയും പോലീസ് പാതിരാത്രിയില്‍ വിളിച്ചുണര്‍ത്തി, താമസിച്ചിരുന്ന അലങ്കാര്‍ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തു. കണ്ണട വെക്കാതെ ഒന്നും കാണാന്‍ കഴിയില്ലെന്ന സ്ഥിതിയിലായിരുന്ന പത്രാധിപരെ കണ്ണുകെട്ടി, കൈവിലങ്ങിട്ടാണ് പോലീസ് കൊണ്ടുപോയത്, നാരായണ്‍ജി പറയുന്നു, ”രാത്രിയുറക്കത്തിന്റെ വേഷംമാറാന്‍ പോലും അവര്‍ സമ്മതിച്ചില്ല.”
മുമ്പ് പറഞ്ഞതുപോലെ, ജന്മഭൂമിയുടെ ദൗത്യം മറ്റുപല മാര്‍ഗ്ഗത്തില്‍ നിര്‍വഹിക്കപ്പെട്ടു. ‘കുരുക്ഷേത്ര’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച രഹസ്യ പത്രികകള്‍ അത് ഭംഗിയായി ചെയ്തു. അടിയന്തരാവസ്ഥയിലെ കേരളത്തിന്റെ ചരിത്രങ്ങളില്‍ അതുണ്ട്. പക്ഷേ, ചരിത്രമെല്ലാം സ്വന്തംവരുതിക്കും താല്‍പര്യത്തിനും മാത്രമായി എഴുതിയവരും എഴുതിച്ചവരും അതൊക്കെ തമസ്‌കരിച്ചു. പത്രത്തിന്റെ മാനേജരായിരിക്കെ നാരായണ്‍ജി അങ്ങനെ അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍ വാസം അനുഭവിച്ചത് മറ്റൊരു ചരിത്രം.
ഒടുവില്‍ അവിടെയും തോറ്റതിനെത്തുടര്‍ന്ന് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചു. 1977 നവംബര്‍ 14ന് എറണാകുളത്ത് പരിമിതമായ സൗകര്യങ്ങളുമായി ജന്മഭൂമി പ്രഭാത പത്രമായി തുടങ്ങി. സുവര്‍ണ്ണ ജയന്തി ആഘോഷിക്കുന്ന ജന്മഭൂമിക്കിപ്പോള്‍ കേരളത്തില്‍ എറണാകുളം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, കൊല്ലം, പത്തനംതിട്ട, എഡിഷനുകളുണ്ട്. കേരളത്തിന് പുറത്ത് ബെംഗളൂരുവിലും; അങ്ങനെ ഒമ്പത് എഡിഷനുകള്‍.
പത്രാധിപര്‍ എന്ന് എല്ലാവരാലും അറിയപ്പെട്ടിരുന്ന പി.വി.കെ. നെടുങ്ങാടി, പ്രൊഫ.എം.പി. മന്മഥന്‍, വി.എം. കൊറാത്ത് എന്നിവരുടെ പത്രാധിപത്യകാലത്തിനുശേഷം ജന്മഭൂമിയുടെ തുടക്കത്തിനുള്ള ആലോചനമുതല്‍ ഇപ്പോഴും ജന്മഭൂമിയുടെ ഭാഗമായ പി. നാരായണന്‍ പത്രാധിപരായി. ആശയമായി വന്ന ജന്മഭൂമിയെ കമ്പനിരൂപീകരിച്ച്, കേരളമാകെ സഞ്ചരിച്ച് ഓഹരിപിരിച്ച്, പത്രപ്രവര്‍ത്തകനായി, മാനേജരായി, പത്രാധിപരായി, മുഖ്യപത്രാധിപരായി അദ്ദേഹം വിരമിച്ചു.
പിന്നീട് മുഖ്യപത്രാധിപര്‍ സ്ഥാനത്ത് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സേവനവും ജന്മഭൂമിക്ക് ലഭിച്ചു. അദ്ദേഹത്തിനു ശേഷം 2013 ജനുവരി വരെ ഹരി.എസ്.കര്‍ത്ത ചീഫ് എഡിറ്ററായി. ഹരി.എസ്. കര്‍ത്താ, ജന്മഭൂമിയുടെ തിരുവനന്തപുരത്തെ രണ്ടാമത്തെ ലേഖകനായിരുന്നു. അദ്ദേഹം പിന്നീട് ഇംഗ്ലീഷ് ജേണലിസത്തിലേക്ക് തിരിഞ്ഞു. പിന്നീട് ജന്മഭൂമി മുഖ്യപത്രാധിപരായി. തുടര്‍ന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തക ലീലാ മേനോന്‍ 2017 ല്‍ചീഫ് എഡിറ്ററായി. 2007 മുതല്‍ എഡിറ്ററായിരുന്നു. ലീലാ മേനോന്‍ 2018 ജൂണ്‍ മൂന്നിന് ചീഫ് എഡിറ്ററായിരിക്കെ അന്തരിച്ചു. കേരളത്തില്‍, എന്നല്ല ഒരു ദിനപത്രത്തിന്റെ ആകെ ചരിത്രത്തില്‍ത്തന്നെ, വനിതയെ എഡിറ്ററും ചീഫ് എഡിറ്ററുമാക്കിയ ഏക ദിനപത്രം ജന്മഭൂമിയാണ്.
മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതുവരെ, കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ തേരാളിയായ കുമ്മനം രാജശേഖരനായിരുന്നു ജന്മഭൂമിയുടെ ചെയര്‍മാന്‍. കെ.ജി. മാരാര്‍, ഒ. രാജഗോപാല്‍, കെ. രാമന്‍പിള്ള, പി.പി. മുകുന്ദന്‍ തുടങ്ങിയവര്‍ ജന്മഭൂമിയുടെ തലപ്പത്തുണ്ടായിരുന്നു പല കാലങ്ങളിലായി. അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള (ഇപ്പോള്‍ ഗോവ ഗവര്‍ണര്‍), പി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ മാനേജിങ് എഡിറ്റര്‍ സ്ഥാനത്തുണ്ടായിരുന്നു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണനാണ് ഇപ്പോള്‍ മാനേജിങ് ഡയറക്ടര്‍. കെ.ആര്‍. ഉമാകാന്തന്‍ മാനേജിങ് എഡിറ്റര്‍. കെ.എന്‍.ആര്‍. നമ്പൂതിരിയാണ് എഡിറ്റര്‍.

സുവര്‍ണ്ണ ജയന്തി

ജന്മഭൂമി സുവര്‍ണ്ണ ജയന്തിയാഘോഷങ്ങള്‍ക്ക് തുടക്കമിടുകയാണ്. 2024 ഒക്‌ടോബര്‍ 14 ന്, പത്രത്തിന് പ്രാരംഭം കുറിച്ച കോഴിക്കോട്ടുനിന്ന് അഖില ഭാരതീയാടിസ്ഥാനത്തിലുള്ള സുവര്‍ണ്ണ ജയന്തി ആഘോഷങ്ങള്‍ തുടങ്ങും. കേരളത്തില്‍നിന്നുള്ള ഭാരതത്തിന്റെ പ്രതീകമായി മാറിയ വനിതാരത്‌നം പി.ടി. ഉഷയാണ് ഈ ഉദ്ഘാടനാഘോഷ സമിതിയുടെ ചെയര്‍പേഴ്‌സണ്‍. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ കണ്‍വീനര്‍. ജന്മഭൂമി സവര്‍ണ ജയന്തി ആഘോഷിക്കുമ്പോള്‍ നവതി ആഘോഷിക്കുന്ന, ജന്മഭൂമിയുടെ തുടക്കക്കാരില്‍ മുഖ്യനായ നാരായണ്‍ജി എന്ന പി. നാരായണന്‍ അതില്‍ ഇപ്പോഴും മുടങ്ങാതെ പംക്തി, ‘സംഘപഥത്തിലൂടെ’, എഴുതിക്കൊണ്ടിരിക്കുന്നുവെന്നതാണ് മറ്റൊരു സുവര്‍ണ്ണ ചരിത്രം.
നാരായണ്‍ജി എഴുതുന്ന ‘സംഘപഥത്തിലൂടെ’ മലയാള പത്രപ്രവര്‍ത്തനത്തിലെ ചരിത്രമാണത്, ഒരു പരമ്പര 22 വര്‍ഷം തുടരുക. എല്ലാ ഞായറാഴ്ചയിലും വായനക്കാരില്‍ പലരും അതിനു കാത്തിരിക്കുക. നോവലല്ല, വെറും നേരംകൊല്ലിയുമല്ല. അതിനപ്പുറം ലോക-ദേശ ചരിത്രവും പ്രാദേശിക ചരിത്രവും വ്യക്തിചിത്രവും വരച്ചു കാണിക്കുന്ന പരമ്പര. അത് ഒരു വലിയ സംഘടനയുടെ ചരിത്രംകൂടിയായി വളരുകയാണ്; 100 വര്‍ഷം തികയുന്ന ദേശീയ പ്രസ്ഥാനമായ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ചരിത്രമായി. ഇപ്പോഴും തുടരുകയാണത് ജന്മഭൂമിയുടെ വാരാദ്യപ്പതിപ്പില്‍. ആയുസ്സ് പൂര്‍ത്തിയായതോടെ വിസ്മൃതിയിലായ അതിസാധാരണക്കാര്‍പോലും നക്ഷത്ര ശോഭയോടെ സംഘപഥത്തിലൂടെ തെളിയുകയാണ്. അവര്‍ സംഘചരിത്രത്തില്‍ അടയാളപ്പെടുത്തലുകളിലൂടെ ചിരപ്രതിഷ്ഠ നേടുകയാണ്. അസാധാരണമാണ് ഈ ‘നാരായണ’ ദൗത്യം.
നാരായണ്‍ജിയുടെ നവതി, ‘സംഘപഥത്തിലെ നാരായണം’ എന്നു പേരിട്ട് ജന്മനാടായ തൊടുപുഴയില്‍ നാട് ആഘോഷിച്ചു. ആര്‍എസ്എസ് മുന്‍ സഹ സര്‍കാര്യവാഹ് വി. ഭാഗയ്യ, പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, മുന്‍ ഡിജിപി ജേക്കബ് തോമസ്, രാഷ്ടീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ജനസംഘം- ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കെ. രാമന്‍പിള്ള, തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, ബിജെപി ദേശീയ നിര്‍വാഹ സമിതിയംഗം കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് പങ്കെടുത്ത പ്രമുഖര്‍. ആഘോഷ പരിപാടികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും നാട്ടുകാരും അണിചേര്‍ന്നു. അത് ജന്മഭൂമിയാഘോഷമായിരുന്നു, രാഷ്‌ട്രീയ സ്വയംസേവക സംഘ ആഘോഷമായിരുന്നു. അങ്ങനെയാണ് ഈ ‘ത്രിത്വം’ ഒന്നിച്ചിരിക്കുന്നത്, അത് ശ്രുതിതന്ത്രികള്‍പോലെയാണ്.
ചിലര്‍ അങ്ങനെയാണ്. ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ക്കു പുറമേ ഏറ്റെടുക്കുന്ന ദൗത്യങ്ങളും വന്‍ വിജയമാക്കും. അവര്‍ക്ക് അടങ്ങിയിരിക്കാനാവില്ല. പൊതുനന്മയ്‌ക്കായി, സ്വാര്‍ത്ഥം മറന്ന്, ആരും നിര്‍ബന്ധിക്കാതെതന്നെ ആവശ്യങ്ങളറിഞ്ഞ്, കര്‍ത്തവ്യങ്ങള്‍ തരിച്ചറിഞ്ഞ്, ശ്രുതബോധത്തോടെ സ്വയം പ്രവര്‍ത്തിക്കും. അങ്ങനെയാണ് സ്വയംസേവകത്വ ഭാവം ഉണ്ടാകുന്നത്, സ്വയംസേവകന്‍ ജനിക്കുന്നത്. അത് ആരുമായുള്ള കരാറല്ല, ആത്മഭാവമാണ്. അത് ഉണ്ടാക്കിയെടുക്കാനുള്ള പരിശീലനങ്ങളാണ് ആര്‍എസ്എസ്സിന്റെ ദൈനംദിന പ്രവര്‍ത്തനം. അത് ആദര്‍ശമായാല്‍, ആത്മാവില്‍ കയറിയാല്‍, ആവേശമായി മാറിയാല്‍ പിന്നെ എല്ലാമായി. അങ്ങനെയുള്ള അനേകായിരങ്ങളില്‍ ഒരാളായിമാറി നാരായണ്‍ജി. ആര്‍എസ്എസ് പ്രചാരകനായിരിക്കെ, ജനസംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തനത്തിലായിരിക്കെയാണ് ജന്മഭൂമിയുടെ ദൗത്യം ഏല്‍പ്പിച്ചത്. മൂന്നും വിജയകരമായി നയിച്ചു. ഒപ്പം വായനയും സമ്പര്‍ക്കവും അടക്കം സാദ്ധ്യമായതെല്ലാം ചെയ്തു. അടിയന്തരാവസ്ഥയായിരുന്നു അനുഭവ പരമ്പരകളുടെ തീച്ചൂളയായത്. ആ ജീവിതാനുഭവങ്ങളുടെ ഒരംശമെങ്കിലും പറഞ്ഞുതീര്‍ക്കാന്‍ എളുപ്പമല്ല, അത്രയുണ്ട്. സംഗ്രഹിച്ചു പറയാന്‍, 2017 ല്‍ ജന്മഭൂമി വാര്‍ഷികപ്പതിപ്പിനുവേണ്ടി നാരായണ്‍ജിയുമായി നടത്തിയ സുദീര്‍ഘ സംഭാഷണത്തില്‍ നിന്ന് ചിലഭാഗം ഇങ്ങനെ:
കെ. രാമന്‍ പിള്ളയ്‌ക്കായിരുന്നു സംസ്ഥാനത്തെ അടിയന്തരാവസ്ഥാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ജനസംഘത്തില്‍നിന്നുള്ള ചുമതല. നാരായണ്‍ജി ആദ്യം തൃശൂര്‍ ജില്ലയില്‍ നിയോഗിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു. സി.കെ. പത്മനാഭനായിരുന്നു ജില്ലയിലെ ചുമതല. പില്‍ക്കാലത്ത് ബിജെപി
യുടെ വൈസ് പ്രസിഡന്റുവരെയായ ഒരു നാരായണയ്യരും പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. അന്ന് നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളില്‍ ചില സംഭവങ്ങള്‍ രസകരവുമാണ്. ”ഇപ്പോള്‍ പോലീസ് പിടിക്കപ്പെടുമെന്ന അവസ്ഥയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. അന്ന് എനിക്ക് ചെറിയ താടിയൊക്കെയുണ്ട്; നാരായണയ്യര്‍ക്കും. പോലീസ് പിടിയിലാകാതിരിക്കാന്‍, ആര്‍എസ്എസ് പ്രവര്‍ത്തനത്തിലൊന്നുമില്ലെന്നു വരുത്താനുള്ള ശ്രമങ്ങളും പലരും നടത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ഒരു പരിപാടിയില്‍ അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണാകരനെ സ്വീകരിക്കുന്ന ചടങ്ങില്‍ മാലയിടാന്‍ നാരായണയ്യര്‍ ചെന്നു. ഒരു നാരായണന്‍ (ഞാന്‍) ഒളിപ്രവര്‍ത്തനത്തില്‍ സജീവമാണെന്ന് പോ
ലീസിനറിയാമായിരുന്നു. ആ നാരായണനാണെന്ന് കരുതി അവര്‍ നാരായണയ്യരെ പിടികൂടി ജയിലിലാക്കി. അന്ന് നമ്മുടെ പ്രവര്‍ത്തകരും നേതാക്കളും അനുഭവിച്ച പീഡനങ്ങളില്‍ ചിലതിന് സാക്ഷിയായി, ചിലത് കേട്ടറിഞ്ഞു. ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്ന ചിലരുടെ കരച്ചിലുകളുണ്ട്; പോലീസ് പി
ടിയിലായവര്‍ക്കു കിട്ടിയ പീഡനത്തിന്റെ ഫലം. കാസര്‍കോട് ജില്ലയില്‍ കെ. കുഞ്ഞിക്കണ്ണന്‍ (ഇപ്പോള്‍ ജന്മഭൂമിയുടെ തിരുവനന്തപുരം റസിഡന്റ് എഡിറ്റര്‍, കണ്ണൂര്‍ സ്വദേശി) ഒന്നിച്ചായിരുന്നു എന്റെ പ്രവര്‍ത്തനം. അക്കാലത്തെ കണ്ണൂര്‍ സത്യഗ്രഹവും ഉദുമ കൃഷ്ണനെന്ന പ്രവര്‍ത്തകനേയും ഒരു ഗ്രാമത്തെയാകയും എം.ജി.എ. രാമന്‍ എന്ന പോലീസ് മേധാവി തച്ചുതകര്‍ത്ത സംഭവവും ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാക്കുന്നതാണ്, നാരായണ്‍ജി ഓര്‍മ്മിക്കുന്നു.

പൂര്‍ണ്ണമായി ജന്മഭൂമിയിലേക്ക്

അടിയന്തരാവസ്ഥ കഴിഞ്ഞ് ജന്മഭൂമി വീണ്ടും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. സംഘത്തിന്റെ മുതിര്‍ന്ന ഉത്തരവാദിത്വം വഹിച്ചിരുന്ന എസ്.എസ്. ഭണ്ഡാരി, ഭാസ്‌കര്‍ റാവു, മാധവ്ജി, ഹരിയേട്ടന്‍, രാജേട്ടന്‍ (ഒ. രാജഗോപാല്‍), പരമേശ്വര്‍ജി തുടങ്ങിയ മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ ആലോചിച്ച് എറണാകുളത്തുനിന്ന് ജന്മഭൂമി പുനപ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. തുടര്‍ന്ന് 20 വര്‍ഷക്കാലം നാരായണ്‍ജി ജന്മഭൂമിയില്‍.
”പത്രപ്രവര്‍ത്തനം അതിനുമുമ്പ് എനിക്ക് അറിയില്ലായിരുന്നു. പഠിച്ചു, പരിശീലിച്ചു; വായിച്ചും മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍നിന്ന് അറിഞ്ഞും അനുഭവിച്ചും. അതൊരു ചലഞ്ചായി ഏറ്റെടുത്തു. ആദ്യം പത്രത്തിനു ഷെയര്‍ പിരിക്കലായിരുന്നു. പിന്നെ എഡിറ്റോറിയല്‍ ചുമതലയിലേക്ക്.”
നാരായണ്‍ജി സ്വയം പത്രപ്രവര്‍ത്തകനായി എന്നു പറയുമ്പോള്‍, ഇന്നത്തെ അക്കാദമിക് പരിശീലനം നേടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ”ഓ, അങ്ങനെയാണോ,” എന്നുതോന്നാം. അന്ന് അങ്ങനെയൊക്കെയായിരുന്നു. ഇന്നത്തെപ്പോലെ സാങ്കേതിക പരിശീലനങ്ങള്‍ അത്ര സങ്കീര്‍ണമായിരുന്നില്ല. എന്നാല്‍ നാരായണ്‍ജിയുടെ ദൗത്യം ഒരു പുതിയ പത്രം തുടങ്ങുകയായിരുന്നു. അതിന് ഏറെ പുസ്തകങ്ങള്‍ വായിച്ചു. ആളുകളോട് സംസാരിച്ചു. ഒരു പ്രധാന പത്രസ്ഥാപനത്തിലെ അറ്റന്‍ഡര്‍ മുതല്‍, അക്ഷരം നിരത്തുന്ന അച്ചുകൂടത്തിലെ ജോലിക്കാര്‍ മുതല്‍, എഡിറ്ററുമായിവരെ പല മണിക്കൂറുകള്‍ ദിവസങ്ങള്‍ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. ഒരു പത്രസ്ഥാപനത്തില്‍ സകല മേഖലയിലും പരിശീലനം നേടി, ഒരു പുതിയ പത്രം തുടങ്ങാന്‍ പ്രവര്‍ത്തിച്ച ഒരാള്‍ വേറേ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.
നാരായണ്‍ജി പറയുന്നു: ”ജന്മഭൂമിയുടെ വേതനം പറ്റുന്ന ചുമതലകള്‍ ലഭിച്ചപ്പോള്‍ സംഘപ്രചാരകനായി തുടരുന്നത് അനുചിതമാണെന്നു തോന്നി. പ്രാന്ത പ്രചാരക് ഭാസ്‌കര്‍ റാവുവിനെ വിവരം അറിയിച്ച് പ്രചാരക പദവി വിടാന്‍ അനുമതി വാങ്ങി. സാങ്കേതികമായി മാത്രമേ പ്രചാരകനല്ലാതാകുന്നുള്ളു, മനസും ചിന്തയും പ്രചാരകന്റേതുതന്നെ ആയിരിക്കുമെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. 1979-ല്‍ എറണാകുളത്തെ മുതിര്‍ന്ന കാര്യകര്‍ത്താവ് എം.എ. വിജയന്റെ അനുജത്തി രാജേശ്വരിയെ സഹധര്‍മ്മിണിയായി സ്വീകരിച്ചു. പൂജനീയ സര്‍സംഘചാലക് ദേവറസ്ജിയടക്കമുള്ള മുതിര്‍ന്ന, സംഘപരിവാര്‍ നേതാക്കളുടെയെല്ലാം ആശീര്‍വാദം ലഭിച്ചു,” നാരായണ്‍ജി പറയുന്നു.
2000-ല്‍ ജന്മഭൂമിയില്‍നിന്ന് നാരായണ്‍ജി വിരമിച്ചു. പക്ഷേ വിരമിച്ചില്ല; നാരായണ്‍ജി സാങ്കേതികമായി മാത്രമായിരുന്നു വിരമിച്ചതെന്നുവേണമല്ലോ പറയാന്‍. അദ്ദേഹം പു
തിയ പ്രവര്‍ത്തന മേഖലയിലേക്ക്. അന്നത്തെ വിപുലമായ പ്രസ്ഥാനമായി മാറിക്കൊണ്ടിരുന്ന സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സംസ്ഥാനത്തെമ്പാടും യാത്രചെയ്ത് സെമിനാറുകളും ക്ലാസുകളും ക്യാമ്പുകളും
നടത്തി. ലഘുലേഖകള്‍, പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തയാറാക്കി. അതിനിടയില്‍ വിശ്വസംവാദ കേന്ദ്രം എന്ന അഖിലേന്ത്യാ വാര്‍ത്താ വിനിമയ സംവിധാനത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഇതിനെല്ലാം ഇടയില്‍ കേസരിയിലും ജന്മഭൂമിയിലും മറ്റു സംഘ പ്രസിദ്ധീകരണങ്ങളിലും എഴുത്തു തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ, ഇടയ്‌ക്ക് പിടിപെട്ട സ്‌ട്രോക്ക് ഒരു ഷോക്കായി. എങ്കിലും നാരായണ്‍ജി അതിനെ അതിജീവിച്ചു. ഇപ്പോഴും എഴുത്തിലും വായനയിലും സജീവമാണ്, ജന്മഭൂമി വാരാദ്യപ്പതിപ്പ് അതിന് സാക്ഷ്യം.
നാരായണ്‍ജിയുടെ ഭാര്യ എം.എ. രാജേശ്വരി എറണാകുളം മുളവുകാട് മഠത്തില്‍ കുടുംബാഗമാണ്. പരേതനായ മുല്ലശ്ശേരില്‍ അപ്പുനായരുടെയും പരേതയായ മഠത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകള്‍. തികച്ചും സംഘകുടുംബം. മൂത്ത സഹോദരന്‍ എം.എ. വിജയന്‍ (പച്ചാളം വിജയന്‍) കൊച്ചി മഹാനഗര്‍ ഘോഷ് പ്രമുഖ് ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനത്തിന് വിധേയനായി. ഇളയ സഹോദരന്‍ എം.എ. കൃഷ്ണകുമാര്‍ (ഉണ്ണി) കൊച്ചി മഹാനഗര്‍ കാര്യവാഹായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ ജനസംഘം പ്രവര്‍ത്തകയായിരുന്നു. വിനോദിനിയമ്മ, ദേവകിയമ്മ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാരായണ്‍ജിക്ക് രണ്ടു മക്കളാണ്. മൂത്ത മകന്‍ മനു നാരായണന്‍ അമേരിക്കയിലെ ജാക്‌സണ്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍. നാഷ്‌വെല്ലില്‍ താമസം. ഭാര്യ നീനു മനു തൊടുപുഴ മുതലക്കോടം ഇരണിക്കല്‍ കുടുംബാംഗം.  മക്കള്‍ ആമിയും അമേയയും.
രണ്ടാമന്‍ അനു നാരായണന്‍ പത്രപ്രവര്‍ത്തകന്‍. ഭാര്യ പ്രീനാ ലക്ഷ്മി.  ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്റര്‍. തൊടുപുഴ പന്നിമറ്റം പാറയ്‌ക്കല്‍ കുടുംബാംഗം. മകള്‍ ഈശ്വരി.എ. നാരായണന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts