ചെന്നൈ: ചെസ് ഒളിംപ്യാഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന് സ്വര്‍ണം നേടിത്തന്ന ഭാരത താരങ്ങള്‍ തിരികെ നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഭാരത താരങ്ങളായ ഡി. ഗുകേഷ്, ആര്‍. പ്രജ്ഞാനന്ദ, സഹോദരി വൈശാലി നാരായണന്‍ എന്നിവര്‍ക്ക് വമ്പന്‍ സ്വീകരണമാണ് ഒരുക്കിയത്.
ചരിത്രത്തിലെ ആദ്യ സ്വര്‍ണം ഇരട്ട നേട്ടമായി കണ്ടാടാന്‍ ഭാരത ടീമിന് സാധിച്ചു. ഞായറാഴ്‌ച്ച നടന്ന നിര്‍ണായക മത്സരത്തോടെ പുരുഷ ടീമും പിന്നാലെ വനിതാ ടീമും സ്വര്‍ണം നേടി. ചൈനയ്‌ക്ക് ശേഷം ആദ്യമായാണ് ടൂര്‍ണമെന്റിന്റെ ഒരേ പതിപ്പില്‍ തന്നെ പുരുഷ വനിതാ ടീമുകള്‍ സ്വര്‍ണം നേടുന്നത്. ഇതിന് മുമ്പ് ഭാരതം പുരുഷ ഇനത്തില്‍ രണ്ട് തവണ വെങ്കലവും വനിതാ വിഭാഗത്തില്‍ ഒരുതവണ വെങ്കലവും നേടിയിട്ടുണ്ട്.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും വെന്നിക്കൊടിപാറിച്ചുകൊണ്ട് ഇന്നലെ വെളുപ്പിനോടെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗുകേഷ്, പ്രജ്ഞാനന്ദ, വൈശാലി, ടീം നായകന്‍ ശ്രീനാഥ് നാരായണന്‍ എന്നിവരെ ഉത്സവപ്രതീതിയിലാണ് നാട് വരവേറ്റത്.
ഗുകേഷ് ആണ് ഇക്കുറി ഭാരത നിരയില്‍ വലിയ പ്രഭാവം ഉണ്ടാക്കിയത്. 18കാരനായ ഗുകേഷ് ചൈനയുടെ ഡിങ് ലിറെനുമായി നവംബറില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കൊമ്പുകോര്‍ക്കാനിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ നേടിയ വിജയത്തോടെയാണ് ഗുകേഷ് വരവറിയിച്ചത്. രണ്ട് ഇനങ്ങളിലും സ്വര്‍ണം നേടാനായത് വലിയ പ്രത്യേകതയാകുന്നു എന്നായിരുന്നു ചെന്നൈയിലെത്തിയ ഗുകേഷിന്റെ ആദ്യ പ്രതികരണം.
പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും ആണ് ആദ്യം എത്തിയത്. ചെസ് ഒളിംപ്യാഡില്‍ ആദ്യമായി സ്വര്‍ണം നേടാനായതില്‍ സന്തോഷം പ്രകടിപ്പിച്ച പജ്ഞാനന്ദ ഇത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വെങ്കലമെഡലുമായി തൃപ്തിപ്പെടേണ്ടിവന്നതിന്റെ ഓര്‍മ്മ പങ്കുവച്ചുകൊണ്ടാണ് വൈശാലി സംസാരിച്ചത്. അത് വളരെ വേദന നിറഞ്ഞ സമയങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് വിഭാഗങ്ങളിലും സ്വര്‍ണം നേടി ചരിത്രം കുറിക്കാനായതിന്റെ ആഹ്ലാദം ചെറുതല്ലെന്ന് താരം പറഞ്ഞു.
നമുക്ക് ലോകത്തെ ഏത് വമ്പന്‍മാരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള പുതുതലമുറയാണ് നമുക്കിന്നുള്ളതെന്നായിരുന്നു ഭാരത ക്യാപ്റ്റന്‍ ശ്രീനാഥ് നാരായണന്റെ പ്രതികരണം. ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്‌സി എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ക്യാപ്റ്റന്റെ വാക്കുകള്‍. ഇപ്പോള്‍ നമുക്ക് ഒളിംപ്യാഡില്‍ സ്വര്‍ണം കിട്ടി. ഇനി ആവശ്യം ലോക ചാമ്പ്യന്‍പട്ടമാണ്. ഗുകേഷിലൂടെ അതിനായി നമുക്ക് കാത്തിരിക്കാം- ശ്രീനാഥ് പറഞ്ഞുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: