സ്വാഭാവിക അഭിനയത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ തിലകന്റെ ഓര്‍മ ദിവസമാണിന്ന്. തിലകന്‍ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം തികഞ്ഞെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമുള്ള ചര്‍ച്ചകളില്‍ പോലും തിലകന്റെ വാക്കുകള്‍ ഇന്നും സജീവ ചര്‍ച്ചയാകുകയാണ്.
സൈനിക ജീവിത കാലത്ത് തന്റെ കാല്‍ മുറിക്കാന്‍ ഉത്തരവിട്ടതിനെതിരെ പ്രധാനമന്ത്രി നെഹ്രുവിനോട് തുറന്നു പറഞ്ഞ് പ്രതിഷേധിച്ചിട്ടുണ്ട്, തിലകന്‍. ആരെയും കൂസാത്ത എന്തും തുറന്നു പറയുന്ന സിനിമയിലും ജീവിതത്തിലും ഒരുപോലെ ചങ്കൂറ്റം കാണിച്ച മനുഷ്യന്‍. വിശേഷിപ്പിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരുന്ന പ്രതിഭാസമായിരുന്നു, തിലകന്‍. ആരെയും വിസ്മയിപ്പിക്കുന്ന ഡയലോഗ് ഡെലിവെറിയും അനായാസമായ അഭിനയ ശൈലിയും. നാടക സമിതികളില്‍ നിന്ന് വളര്‍ന്ന് മലയാള സിനിമയിലെത്തിയ തിലകന്‍ സമ്മാനിച്ചത് അനവധി അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍., ഒരു മിനിറ്റ് മാത്രമായിരുന്നു തിലകന്റെ ആദ്യ സിനിമയിലെ കഥാപാത്രം സ്‌ക്രീനില്‍ വന്നത്. ചിത്രം ഗന്ധര്‍വ ക്ഷേത്രം. എന്നാല്‍ 1979 – ല്‍ കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലാണ് തിലകന് സജീവ സിനിമാ ജീവിതം തുടരാന്‍ കരുത്തേകിയത്. തച്ചുശാസ്ത്രത്തിന്റെ അവസാനവാക്കായ പെരുന്തച്ചനെ അഭിനയിച്ചു ഫലിപ്പിച്ച മിടുക്ക്.
കിരീടത്തിലെ കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരായി തിലകനെയല്ലാതെ വേറെയാരെങ്കിലും സങ്കല്പിക്കുക പോലും അസാധ്യം. യവനികയിലെ നാടകക്കാരന്‍ വക്കച്ചനെ മലയാളികള്‍ മറക്കില്ല. തിലകന്റെ അപൂര്‍വമായ ഹാസ്യവേഷമാണ് മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയില്‍ കണ്ടത്. ഏത് കഥാപാത്രത്തിനും തിലകന് തന്റേതായ കയ്യൊപ്പ് ചാര്‍ത്താനായി. ക്യാരക്ടര്‍ റോള്‍ മുതല്‍ കോമഡി വരെ അനായാസമായി കൈകാര്യം ചെയ്യാനാവുന്ന മെയ്വഴക്കമാണ് തിലകന്റെ പ്രത്യേകത.
സന്താനഗോപാലം, ഗമനം, തനിയാവര്‍ത്തനം, ധ്വനി, യാത്ര, പഞ്ചാഗ്‌നി തുടങ്ങി ഓര്‍ത്തു വെക്കാവുന്ന എണ്ണമറ്റ കഥാപാത്രങ്ങള്‍. രണ്ടു തവണ മികച്ച നടനടക്കം ഒന്‍പത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍, മികച്ച സഹനടനക്കം 2 ദേശീയ പുരസ്‌കാരങ്ങള്‍. തിലകന്റെ പ്രതിഭക്കുള്ള അംഗീകാരങ്ങള്‍ നിരവധിയാണ്. കര്‍ക്കശ്യത്തിന്റെ ആള്‍രൂപമായി കണക്കാക്കി കലഹിച്ചപ്പോഴും ഓരോ തവണയും തനിക്ക് മാത്രം ചെയ്യാനാവുന്ന വേഷങ്ങളിലൂടെ തിലകന്‍ വിസ്മയിപ്പിച്ചു. വാക്കിലും നോക്കിലും നടപ്പിലുമെല്ലാം സീരിയസ് ഭാവങ്ങള്‍ ആവാഹിച്ച് ജീവിച്ച ആ കലാകാരന്‍ നിര്‍മല ഹൃദയനായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക