തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും അടിയന്തര നടപടികള്‍ക്കുള്ള ഉത്തരവുകള്‍ ടൈപ്പുചെയ്യാന്‍ ആവശ്യമായ ടൈപ്പിസ്റ്റുകള്‍ പോലുമില്ലെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍. ബാലാവകാശ സംരക്ഷണ കമ്മീഷനും യുണിസെഫും സംയുക്തമായി ‘ഡിജിറ്റല്‍ കാലഘട്ടത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല കണ്‍സള്‍ട്ടേഷനിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭാരിച്ച ചുമതലകളാണ് കമ്മീഷനുള്ളത്. 152 ബ്ലോക്കു പഞ്ചായത്തുകളില്‍ ട്രെയിനിങും അവയര്നെസും സംഘടിപ്പിക്കണം. അതിനുപുറമെ നിലവിലുള്ള നാലായിരത്തോളം പരാതികള്‍ക്ക് പരിഹാരം കാണണം, 700 കുട്ടികളുടെ ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ പരിപാലിക്കണം, ഭിന്നശേഷികുട്ടികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ ഇവ നിര്‍വഹിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ കമ്മീഷനില്ല.
കേരളത്തിലെ എല്ലാ വകുപ്പുകളും ആവിഷ്കരിച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച് എല്ലാ പഞ്ചായത്തുകളിലും എത്തിച്ചു. എന്നാല്‍ ഒരു പഞ്ചായത്തുപോലും കുട്ടികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും നടത്തുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കോടതികളില്‍ പോലും എത്തേണ്ടിവരുന്ന കുട്ടികള്‍ നേരിടുന്നത് വലിയ പ്രശ്നങ്ങളാണ്. ഇതെല്ലാം പരിഹരിക്കാന്‍ വേണ്ടുന്ന സംവിധാനമൊരുക്കണമെന്നും അതിന് എല്ലാപേരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ അവകാശബോധവത്കരണത്തില് മാധ്യമ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മാധ്യമങ്ങള്‍ക്കുവേണ്ടി ഒരവാര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ച് ധനവകുപ്പിന്റെ അംഗീകാരത്തിനുവേണ്ടി സമര്‍പ്പിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനതല കണ്‍സള്‍ട്ടേഷന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കി ബാലാവാകാശ സംരക്ഷണത്തില്‍ ലോക മാതൃക തീര്‍ത്ത സംസ്ഥാനമാണ് കേരളമെന്ന് ് മന്ത്രി ജി ആര് അനില്‍ പറഞ്ഞു.
ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ അധ്യക്ഷനായി. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ മുഖ്യാതിഥിയായി. യൂണിസെഫ് കേരള തമിഴ്നാട് സോഷ്യല്‍ പോളിസി ചീഫ് കെ.എല്‍ റാവു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗം ബി.മോഹന്‍കുമാര്‍ സ്വാഗതം പറഞ്ഞു.
‘സിനിമാ, ടെലിവിഷന്‍ കാലഘട്ടത്തിലെ ബാലാവകാശം’ എന്ന വിഷയത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന്‍ കരുണും, ‘ഡിജിറ്റല്‍ കാലത്തെ ബാലാവകാശം’ എന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജും ‘കുട്ടികളുടെ സ്വകാര്യതയ്ക്കും രഹസ്യസ്വഭാവത്തിനുമുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളിലെ വൈരുധ്യങ്ങള്‍’ എന്ന വിഷയത്തില്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.കെ. സുബൈറും സെഷനുകള്‍ നയിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം കെ.കെ.ഷാജു മോഡറേറ്ററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: