ന്യൂദല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തില്‍ തന്നെ, അതായത് 2027ല്‍ തന്നെ ഇന്ത്യ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയാകുമെന്നുറപ്പുണ്ടെന്നും ഇന്ത്യ 2027ല്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറുമെന്നും ലൂയിസ് കൂജിസ് പറയുന്നു. യുഎസും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയായിരിക്കും ആഗോളതലത്തില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തി. പുതിയ ഉല്‍പാദനമേഖലയിലെ കരുത്ത് കൈമുതലാക്കി 2030ല്‍ ഏഴ് ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയാകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്
വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്ക് വര്‍ധിക്കുന്നതിനാലും ആഭ്യന്തര സേവിംഗ്സ് വര്‍ധിക്കുന്നതിനാലും വിതരണശൃംഖലയിലെ വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുമെന്നതിനാലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് എസ് ആന്‍റ് പി ഗ്ലോബല്‍ എന്ന അമേരിക്കന്‍ സാമ്പത്തിക വിശകലന കമ്പനിയുടെ വിദഗ്ധന്‍ ലൂയിസ് കൂജീസ്. 7 ശതമാനത്തിലോ അതിനേക്കാള്‍ വേഗത്തിലോ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും എസ് ആന്‍റ്പി ഗ്ലോബലിന്റെ ഏഷ്യാപസഫിക് വിഭാഗം ചീഫ് ഇക്കണോമിസ്റ്റ് കൂടിയായ ലൂയിസ് കൂജീസ് പറഞ്ഞു.
അടിസ്ഥാനസൗകര്യരംഗത്തെ വെല്ലുവിളികള്‍ പരിഹരിച്ചാല്‍ ഇന്ത്യ കുതിയ്‌ക്കും
അടിസ്ഥാനസൗകര്യവികസനം (റോഡ്, റെയില്‍വേ, പാലങ്ങള്‍, വിമാനത്താവളങ്ങള്‍ മുതലായവ), സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഘടകങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് പരിഹരിക്കാനായാല്‍ ഇന്ത്യയുടെ വളര്‍ച്ചാ വേഗം ഇനിയും കൂടുമെന്നും ലൂയിസ് കൂജീസ് പറഞ്ഞു. വിതരണശൃംഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായാല്‍ ഇന്ത്യയ്‌ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ വേഗത്തില്‍ വളരാനാകും.-ലൂയിസ് കൂജീസ് വ്യക്തമാക്കുന്നു.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ഇന്ത്യ തന്നെ
ആഗോളതലത്തില്‍ രാജ്യങ്ങളുടെ വളര്‍ച്ചാവേഗം കുറഞ്ഞിരിക്കുന്ന ഇക്കാലത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ഇന്ത്യയുടേത് തന്നെയാണ്. വ്യാപാരം മെച്ചപ്പെട്ടതും പ്ലാന്‍റുകളിലും യന്ത്രങ്ങളിലും വന്‍തോതില്‍ വിദേശത്ത് നിന്നുള്ള നിക്ഷേപം നടക്കുന്നതിനാലും ഉല്‍പാദനം വര്‍ധിച്ചതിനാലും 2024ല്‍ 7.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നതാണ് ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വിലയിരുത്തല്‍. വലിയ ജനസംഖ്യയുള്ള രാജ്യമായതിനാല്‍ ഒരു വലിയ ആഭ്യന്തരവിപണി ഇന്ത്യയ്‌ക്കുള്ളതിനാല്‍ പ്രാദേശിക ഉല‍്പാദകര്‍ക്ക് വളരാനാകുമെന്നും ലൂയിസ് കൂജീസ് പറയുന്നു.
സുസ്ഥിര വളര്‍ച്ച സാധ്യമാക്കാന്‍ ഇടത്തരക്കാരുടെ ഉല്‍പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കണം
ഇന്ത്യയിലെ തന്നെ ഇടത്തരം കുടുംബങ്ങള്‍ ആഗ്രഹിക്കുന്ന ഉല്‍പന്നങ്ങളാണ് ഇന്ത്യ നിര്‍മ്മിക്കുന്നതെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ സുസ്ഥിരമാകും. ഇപ്പോള്‍ ഇന്ത്യ ഉല്‍പന്നങ്ങള്‍ക്കായി മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളെ ആശ്രയിക്കുന്നു സ്ഥിതിയുണ്ടെന്നും ലൂയിസ് കൂജീസ് അഭിപ്രായപ്പെടുന്നു.
ഉല്‍പാദനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഇന്ത്യ കൂടുതല്‍ ഇതേക്കുറിച്ച് ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. ഇന്ത്യയ്‌ക്ക് ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ആഗോളവിപണിയില്‍ മറ്റ് രാജ്യങ്ങളുടെ ഉല്‍പന്നങ്ങളുമായി മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്ന് നോക്കേണ്ടതുണ്ട്. അതുപോലെ നികുതി കൂട്ടാതെ തന്നെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്‍പന്നങ്ങളുമായി മത്സരിച്ച് പിടിച്ച് നില്‍ക്കാനും സാധിക്കണമെന്നും ലൂയിസ് കൂജീസ് ഉപദേശിക്കുന്നു.
ഇന്ത്യ ഉല്‍പാദനത്തിലേക്ക് കടന്നത് കൃത്യസമയത്ത് തന്നെ
ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളെ ആശ്രയിക്കുന്നതില്‍ നിന്നും യുഎസ് പോലുള്ള പാശ്ചാത്യരാജ്യങ്ങള്‍ പിന്മാറിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യ ഉല്‍പാദന രംഗത്തേക്ക് കൂടുതലായി കടന്നുവന്നിരിക്കുന്നത്. പല ബഹുരാഷ്‌ട്ര കമ്പനികളും ചൈനയില്‍ നിന്നും മാറി അവരുടെ ഉല്‍പാദനകേന്ദ്രങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയ്‌ക്ക് പുറമെ മറ്റൊരു ഉല്‍പാദന കേന്ദ്രം എന്ന നിലയില്‍ പാശ്ചാത്യരാജ്യങ്ങള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്. ആഗോള വിതരണശൃംഖലകളില്‍ അടിസ്ഥാനപരമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇത് ആളുകള്‍ ചിന്തിക്കുന്നതുപോലെ അത്ര വേഗത്തില്‍ നടപ്പാവില്ലെന്നും ലൂയിസ് കൂജീസ് മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കയിലെ നാണ്യപ്പെരുപ്പവും വിലക്കയറ്റവും നോക്കുമ്പോള്‍ അത്ര സുഖകരമായി തോന്നുന്നില്ല. അതേ സമയം ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വിലക്കയറ്റവും നാണ്യപ്പെരുപ്പവും അത്ര പ്രശ്നമായി തോന്നുന്നില്ല. ഇന്ത്യയുടെ പ്രധാനമേഖലകളിലെ വിലക്കയറ്റം അത്ര പ്രശ്നമായി തോന്നുന്നില്ലെന്നും ലൂയിസ് കൂജീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: