ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക് സിഇഒമാരുമായി സംവദിച്ചു. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തിലായിരുന്നു സംവാദം.
ആശയവിനിമയം. നിര്‍മിതബുദ്ധിയും ക്വാണ്ടവും, ജൈവസാങ്കേതികവിദ്യയും ജീവിതശാസ്ത്രവും, കമ്പ്യൂട്ടിങ്ങും ഐടിയും ആശയവിനിമയവും, സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു സംവാദം. ആക്സഞ്ചര്‍ സിഇഒ ജൂലി സ്വീറ്റ്, അഡോബ് സിഇഒ ശാന്തനു നാരായണ്‍, എഎംഡി സിഇഒ ലിസ സു, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ തുടങ്ങി പതിനഞ്ച് പേരാണ് വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തത്.
ആഗോളതലത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയെക്കുറിച്ചും ഈ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഭാരതത്തിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിനെക്കുറിച്ചും സിഇഒമാര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. ആഗോള സമ്പദ്‌വ്യവസ്ഥയിലും മാനവവികസനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ശേഷിയുള്ള നൂതനാശയങ്ങള്‍ക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും ചര്‍ച്ചയായി. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ ഭാരതം എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തില്‍ പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ ഉല്‍പ്പാദനം, സെമികണ്ടക്ടര്‍, ബയോടെക്, ഹരിത വികസനം എന്നിവയില്‍, സംഭവിക്കുന്ന സാമ്പത്തിക പരിവര്‍ത്തനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഭാരതത്തെ സെമികണ്ടക്ടര്‍ നിര്‍മാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തെ ബയോടെക് ശക്തികേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ബയോ ഇ-3 നയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
നിര്‍മിതബുദ്ധിയെക്കുറിച്ചു പറഞ്ഞ അദ്ദേഹം, ധാര്‍മികവും ഉത്തരവാദിത്വപൂര്‍ണവുമായ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കുമായി നിര്‍മിതബുദ്ധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഭാരതത്തിന്റെ നയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹ്, പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: