തിരുവനന്തപുരം: അന്തരിച്ച കവിയൂര്‍ പൊന്നമ്മ എപ്പോഴും മുടങ്ങാതെ ധരിക്കാന്‍ ശ്രമിക്കുന്ന ഒന്നുണ്ട്. നെറ്റിയിലെ വലിയ ചുവന്ന പൊട്ട്. കവിയൂര്‍ പൊന്നമ്മ ഇത്രയും വലിയ ചുവന്ന പൊട്ട് തൊടാന്‍ തുടങ്ങിയതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്.
കവിയൂര്‍ പൊന്നമ്മയുടെ അച്ഛന്‍ സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഒരു സംഗീത ഭ്രാന്തനായിരുന്നു. പഴയ എം.കെ. ത്യാഗരാജന്‍ മാസ്റ്ററുടെ പാട്ട് കേട്ടാണ് കവിയൂര്‍ പൊന്നമ്മ വളര്‍ന്നത്. അന്നൊരിയ്‌ക്കല്‍ എം.എസ്. സുബ്ബലക്ഷ്മി കോട്ടയം തിരുനക്കര മൈതാനത്ത് പാടാന്‍ വന്നു. അച്ഛന്‍ കവിയൂര്‍ പൊന്നമ്മയേയും കൂട്ടി സുബ്ബലക്ഷ്മിയുടെ കച്ചേരി കേള്‍ക്കാന്‍ പോയി.
കവിയൂര്‍ പൊന്നമ്മ നോക്കുമ്പോള്‍ എം.എസ്. സുബ്ബലക്ഷ്മി സ്റ്റേജില്‍ തിളങ്ങുകയാണ്. വൈരമൂക്കുത്തി, വൈരക്കമ്മല്‍, വൈര നെക്ലേസ്, വൈര വള, പട്ടുസാരി പുതച്ച്, തല നിറയെ പൂവൊക്കെ വെച്ച്…ഒരു തങ്ക വിഗ്രഹം. സുബ്ബലക്ഷ്മിയുടെ നെറ്റിയിലെ വലിയ ചുവന്ന പൊട്ട് കവിയൂര്‍ പൊന്നമ്മ ശ്രദ്ധിച്ചു.
അന്ന് കവിയൂര്‍ പൊന്നമ്മയ്‌ക്ക് എട്ട് വയസ്സേ ഉള്ളൂ. ആ കുട്ടിയുടെ മനസ്സില്‍ അപ്പോള്‍ ഒരു മോഹമുദിച്ചു. ഈ വൈരകമ്മലും, വൈരമൂക്കുത്തിയും വൈരവളയുമൊക്കെ നമ്മളെക്കൊണ്ട് പറ്റില്ല. കുറഞ്ഞത് സുബ്ബലക്ഷ്മീയുടെ ആ പൊട്ടെങ്കിലും വെയ്‌ക്കേണ്ടേ? അന്നത്തെ സുബ്ബലക്ഷ്മിയുടെ വലിയ ചുവന്ന പൊട്ടിനെ അനുകരിച്ചാണ് കവിയൂര്‍ പൊന്നമ്മ ഈ വലിയ ചുവന്ന പൊട്ട് നെറ്റിയില്‍ തൊടാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: