Business

പുത്തന്‍ തലമുറയുടെ സൈക്കിള്‍ ദാഹം തീര്‍ക്കാന്‍ വരുന്നൂ രത്തന്‍ ടാറ്റ; ഇലക്ട്രിക് സൈക്കിളുകള്‍ ഇന്ത്യയുടെ ഹരമാകും

Published by

മുംബൈ: ബോഡി ഫിറ്റാക്കാന്‍ ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാണ് സൈക്കിള്‍. പുതിയ കൗമാരക്കാര്‍ മാത്രമല്ല, കോര്‍പറേറ്റ് മേഖലയില്‍ തൊഴിലെടുക്കുന്ന ഹെല്‍ത് കോണ്‍ഷ്യസ് ആയവരും സൈക്കിള്‍ ചവിട്ടുന്നത് പതിവാക്കിയിരിക്കുകയാണ് നവ ഇന്ത്യയില്‍. ബെംഗളൂരുവില്‍ നിരവധി ടെക്കികള്‍ കാറുകള്‍ക്ക് പകരം സൈക്കിള്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.

ഇക്കഴിഞ്ഞ കൊവിഡ് മഹാമാരിക്കാലത്ത് ലോകമാകെ വീട്ടിലിരുന്നപ്പോള്‍ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ചിന്തിച്ച പലരും അതിനു പറ്റിയ നല്ല മാര്‍ഗ്ഗം സൈക്കിളിംഗാണെന്ന തിരിച്ചറിഞ്ഞിരുന്നു.

ഇലക്ട്രിക് സൈക്കിളുകള്‍ സ്ട്രൈഡറിലൂടെ

കാലം മാറിയതോടെ സൈക്കിളുകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ട് കായികാധ്വാനം കൂടുതൽ വേണ്ടിയിരുന്നിടത്ത് ഇന്ന് പല സൈക്കിളുകളും സ്കൂട്ടർ പോലെ കൊണ്ടുനടക്കാം. ഇപ്പോഴിതാ സൈക്കിളുകളുടെ ലോകത്തേക്ക് ഇലക്ട്രിക് സൈക്കിളുകളും കടന്നുവന്നിരിക്കുന്നു. പെട്രോള്‍ വില വര്‍ധിച്ചതോടെ ഇന്ത്യയിൽ പലരും ഇ-സൈക്കിളുകളിലേക്ക് മാറുകയാണ്. ഹ്രസ്വദൂരത്തില്‍ എത്തിച്ചേരാന്‍ ഏറ്റവും പറ്റിയ വഴി ഇ-സൈക്കിള്‍ തന്നെ. രത്തന്‍ ടാറ്റ തന്നെ ഇ-സൈക്കിളിന്റെ കാര്യത്തില്‍ മുന്‍കയ്യെടുക്കുകയാണ്. ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്‍റര്‍നാഷണൽ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സ്‌ട്രൈഡറിലൂടെയാണ് രത്തന്‍ ടാറ്റ ഇന്ത്യയിലേക്ക് സൈക്കിള്‍ എത്തിക്കുന്നത്.

രണ്ട് ഇലക്ട്രിക് സൈക്കിളുകള്‍…വോള്‍ട്ടിക്ക് എക്സ്, വോള്‍ട്ടിക് ഗോ

ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളില്‍ രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കുകയാണ് ടാറ്റ. വോൾട്ടിക് X, വോൾട്ടിക് ഗോ എന്നീ രണ്ട് പുതിയ ഇ-ബൈക്ക് മോഡലുകളാണ് സ്‌ട്രൈഡർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തേതിന് 32,495 രൂപയും രണ്ടാമത്തെ പ്രീമിയം മോഡലിന് 31,495 രൂപയുമാണ് വില വരുന്നത്. സൈക്കിളുകളുടെ ശരിയായ വിലകളിൽ നിന്ന് 16 ശതമാനം വരെ ഡിസ്കൗണ്ടിട്ടുള്ള വിലയാണിതെന്നും കമ്പനി പറയുന്നു.

വായു മലിനീകരിക്കില്ല, 40 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാം

വായു മലിനീകരണത്തെയും ഗതാഗതക്കുരുക്കിനെയും കുറിച്ചുള്ള ആശങ്കകൾക്കിടയിൽ സുസ്ഥിരമായ മൊബിലിറ്റി പരിഹാരമായി ഇ-ബൈക്കുകളെ പ്രോത്സാഹിപ്പിക്കാനാണ് സ്‌ട്രൈഡറിന്റെ ലക്ഷ്യം. വോൾട്ടിക് X, വോൾട്ടിക് ഗോ എന്നിവയിൽ 48V ഉയർന്ന എഫിഷൻസിയുള്ള ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് സൈക്കിളിന്റെ ബാറ്ററി പായ്‌ക്ക് വെറും മൂന്ന് മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനും സാധിക്കുമെന്നാണ് മറ്റൊരു പ്രത്യേകത.

ഇതിലൂടെ 40 കിലോമീറ്റർ വരെ വേഗത്തില്‍ സൈക്കിളിന് കുതിക്കാനാവും. സ്ത്രീകള്‍ക്ക് പോലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ് വോൾട്ടിക് ഗോ മോഡല്‍. രണ്ട് മോഡലുകളിലും മെച്ചപ്പെട്ട സുരക്ഷയ്‌ക്കായി ഓട്ടോമാറ്റിക് പവർ കട്ട് ഓഫ് ഉള്ള ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാറ്ററിക്ക് രണ്ട് വർഷത്തെ വാറണ്ടിയുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by