തിരുവനന്തപുരം: ബോളിവുഡിന്റെ പ്രിയ താരജോഡികളായ ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ മകള്‍ റാഹയെ ഉറക്കാന്‍ പാടുന്നത് കൈത്രപ്രം രചിച്ച് മോഹന്‍ സിതാര ഈണം പകര്‍ന്ന ‘ഉണ്ണി വാവാവോ’..ആണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഈ ഗാനം മലയാളികള്‍ക്കിടയില്‍ പുതിയ ആവേശമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഒരു പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉണ്ണി വാവാവോ ഉയര്‍ന്നിരിക്കുന്നു.
സിബി മലയിലിന്റെ ‘സാന്ത്വനം’ എന്ന സിനിമയില്‍ അത്യാവശ്യമായ താരാട്ട് പാട്ടിന് ട്യൂണിടാന്‍ ആലുവ പാലസില്‍ തങ്ങിയ മോഹന്‍ സിതാര രാത്രി മുറിയുടെ വാതിലിന് പുറത്ത് പ്രേതത്തെ കണ്ട് ഭയന്നുവിറച്ചുപോയി. രണ്ട് ദിവസത്തോളം അദ്ദേഹം അവിടെ പനിച്ചുകിടന്നു. അതിന്റെ പിറ്റേന്ന് മോഹന്‍ സിതാര സിംപിളായി ഊണം പകര്‍ന്ന ഗാനമായിരുന്നു ഉണ്ണി വാവാവോ….. ഒരു അമ്മയുടെ വാത്സല്യം മുഴുവനായി ഒപ്പിയെടുത്ത് പകര്‍ന്ന് നല്‍കിയ ഗാനം. ഈണമിട്ട ശേഷമാണ് കൈതപ്രം ഗാനത്തിന്റെ ട്യൂണിനൊപ്പിച്ച് വരികള്‍ എഴുതിയത്. സാധാരണ വീട്ടമ്മമാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ വരികള്‍ വേണമെന്നത് സിബി മലയിലിന് നിര്‍ബന്ധമായിരുന്നു.
ഇവിടെ മോഹന്‍ സിതാരയ്‌ക്ക് ഈ ട്യൂണ്‍ സൃഷ്ടിക്കുമ്പോള്‍ കൂടെ ഗിറ്റാര്‍ മീട്ടിയ ഒരു യുവാവുണ്ടായിരുന്നു. അയാളാണ് ഇന്ന് സ്വതന്ത്ര സംഗീതസംവിധായകനായ അലക്സ് പോള്‍.
കൈതപ്രം ഗാനത്തിലേക്ക് ആവാഹിച്ചത് കൃഷ്ണസങ്കല്‍പം
മോഹന്‍ സിതാര ട്യൂണിട്ട ശേഷമാണ് കൈതപ്രം വരികള്‍ എഴുതിയത്.
ഉണ്ണി വാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലി കണ്ണും പൂട്ടി പൂഞ്ചേലാടാന്‍ വാ…
അമ്മമാര്‍ എപ്പോഴും മക്കളെ കൃഷ്ണനായി കാണാനാണ് ആഗ്രഹിക്കുക. അതുകൊണ്ടായിരിക്കാം കൈതപ്രം കൃഷ്ണസങ്കല്‍പത്തേയും ഈ താരാട്ട് പാട്ടിലേക്ക് കൊണ്ടുവന്നത്. അതുകൊണ്ടായിരിക്കാം ഈ താരാട്ട് അത്രമേല്‍ ജനപ്രിയമായത്.
“മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ
വാവാവോ പാടി വരൂ”
അനുപല്ലവിയിലും വെണ്ണകട്ട് അറിയാതെ ഉറങ്ങുന്ന കണ്ണന്‍ തന്നെ വീണ്ടും കടന്നുവരുന്നു.
ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്
“മദ്രാസിലെ എവിഎം സ്റ്റുഡിയോയിലായിരുന്നു ഇതിന്റെ റെക്കോഡിങ്ങ്. ഒരു ദിവസം രണ്ട് പാട്ടുകളാണ് ഇവിടെ എടുക്കുക. ഉണ്ണി വാവോ റിഹേഴ്സല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തബല ബൂത്തില്‍ നിന്നും ഒരു അപശബ്ദം കേള്‍ക്കുന്നു. ഒരാള്‍ അടിച്ചുഫിറ്റായി താംബരിന്‍ മീട്ടുകയായിരുന്നു. പിന്നീട് അയാളെ സ്റ്റുഡിയോയില്‍ നിന്നും പുറത്താക്കിയാണ് ടേക്ക് എടുത്തത്.” മോഹന്‍ സിതാര പറയുന്നു.
ശങ്കരാഭരണത്തിലൊരുക്കിയ താരാട്ട് പാട്ട്
ശങ്കരാഭരണം രാഗത്തിലാണ് മോഹന്‍ സിതാര ഈ താരാട്ട് ഗാനം ചിട്ടപ്പെടുത്തിയത്. മ്യൂസിക് തെറപ്പിയില്‍ മനസ്സിന്റെ മുറിവുണക്കാന്‍ ഉപയോഗിക്കുന്ന രാഗമാണ്. വാസ്തവത്തില്‍ താരാട്ടും അത് കേള്‍ക്കുന്ന കുട്ടിയില്‍ പരമാവധി സൗഖ്യം പകരുക തന്നെയല്ലേ ചെയ്യുന്നത്. പൊതുവേ മനസ്സിന് സന്തോഷം പകരുന്ന രാഗമാണ് ശങ്കരാഭരണം.
താരാട്ട്പാട്ടുകളുടെ തമ്പുരാന്‍
മലയാള സിനിമയില്‍ താരാട്ട് പാട്ടുകളുടെ തമ്പുരാനായി അറിയപ്പെടുന്ന സംഗീത സംവിധായകനാണ് മോഹന്‍ സിതാര. താരാട്ട് പാട്ടുകള്‍ സൃഷ്ടിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ മോഹന്‍ സിതാരയ്‌ക്കുണ്ട്. ആ കഴിവ് ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച ഗാനമാണ് ഉണ്ണി വാവാവോ എന്ന് പറയാം. താരാട്ട് പാട്ടുകളിലേക്ക് മോഹന്‍ സിതാരയെ കൈപിച്ചുയര്‍ത്തിയത് അമ്മയും അമ്മ പാടിക്കൊടുത്ത താരാട്ടുപാട്ടുകളും തന്നെയാണ്.
മോഹന്‍ സിതാര അതേക്കുറിച്ച് ഓര്‍മ്മിക്കുന്നത് ഇങ്ങിനെ:”എന്റെ കുട്ടിക്കാലം വലിയ സമൃദ്ധിയുടേതായിരുന്നില്ല. ഒരു പാട് ദാരിദ്ര്യമൊക്കെ അനുഭവിച്ചിട്ടുണ്ട്. വിശപ്പിന്റെ തളര്‍ച്ചയില്‍ ഉറക്കം വരാതെ ഞാന്‍ അമ്മയുടെ മടിയില്‍ കിടക്കും. അമ്മ എന്റെ തുടയില്‍ ചെറുതായി താളം പിടിച്ചുകൊണ്ട് ഏതെങ്കിലും ഒരു താരാട്ട് മൂളും. കണ്ണീരിന്റെ നനവുള്ള, സ്നേഹത്തിന്റെ ആര്‍ദ്രമായ മൂളല്‍. ”
മോഹന്‍ സിതാരയുടെ ആദ്യ ഗാനം തന്നെ ഒരു താരാട്ട് പാട്ടായിരുന്നു. “രാരീരാരീരം രാരോ….പാടീ രാക്കിളി പാടീ…..” എന്ന ഗാനം. തന്റെ താരാട്ടുപാട്ടുകള്‍ക്ക് പിന്നില്‍ വിശന്നു മയങ്ങിപ്പോയ ബാല്യത്തിന്റെ അടര്‍ന്നു വീണ കണ്ണീരിന്റെ നനവ് കൂടിയുണ്ടായിരുന്നുവെന്നാണ് മോഹന്‍ സിതാരയുടെ അനുഭവസാക്ഷ്യം.
‘സാന്ത്വനം’ എന്ന സിനിമയില്‍ യേശുദാസും ചിത്രയും ഉണ്ണി വാവാവോ പാടുന്നുണ്ട്. രണ്ടും ആലാപനങ്ങള്‍ക്കൊണ്ട് വ്യത്യസ്തമാണെങ്കിലും രണ്ടിലും താരാട്ടിന്റെ അസുലഭമായ സൗഖ്യം ഉറങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: