നൗഷേര : ജമ്മു കശ്മീരിൽ ഭീകരർക്ക് മുന്നറിയിപ്പുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് കല്ലേറ് നടത്തിയവരെയോ ഭീകരരെയോ ഒരിക്കലും മോചിപ്പിക്കില്ലെന്നും തീവ്രവാദം തുടച്ചുനീക്കുന്നതുവരെ പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്നും അമിത് ഷാ പറഞ്ഞു. നൗഷേരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപി സ്ഥാനാർത്ഥി രവീന്ദർ റെയ്നയെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ യുവാക്കളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം അവരെ സിംഹങ്ങൾ എന്ന് വിശേഷിപ്പിച്ചു. എന്നാൽ സംസ്ഥാനത്തെ എൻസി-കോൺഗ്രസ് സഖ്യം അവരുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ അവരുടെ സർക്കാർ രൂപീകരണത്തിന് ശേഷം കല്ലേറുകാരെയും തീവ്രവാദികളെയും മോചിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൂടാതെ ജമ്മു കശ്മീരിൽ ഭീകരവാദത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചാണ് ഫാറൂഖ് അബ്ദുള്ള സംസാരിക്കുന്നത്. എന്നാൽ ഇത് മോദി സർക്കാരാണെന്നും ഭീകരതയെ തങ്ങൾ പാതാളത്തിൽ കുഴിച്ചിടുമെന്ന് അവരോട് പറയാൻ അഗ്രഹിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
കൂടാതെ എൻസിയും കോൺഗ്രസും പാകിസ്ഥാനുമായി ചർച്ചകൾക്കായി ബാറ്റ് ചെയ്യുകയാണെന്ന് ഷാ പറഞ്ഞു. എന്നാൽ ഭീകരവാദം തുടച്ചുനീക്കുന്നതുവരെ പാക്കിസ്ഥാനുമായി ഒരു ചർച്ചയും ഇല്ലെന്ന് ഫാറൂഖ് അബ്ദുള്ളയോടും രാഹുൽ ഗാന്ധിയോടും താൻ പറയാൻ ആഗ്രഹിക്കുന്നു. ഇതിനു പുറമെ അതിർത്തിയിൽ ഭീകരർ വെടിയുതിർത്താൽ തങ്ങൾ ഷെൽ ഉപയോഗിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
സംവരണത്തെക്കുറിച്ചുള്ള എൻസി-കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങളെയും അദ്ദേഹം ആക്ഷേപിച്ചു. പഹാരികൾ, ഗുജ്ജറുകൾ, ദലിതുകൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് നൽകുന്ന സംവരണം തൊടാൻ ആരെയും അനുവദിക്കില്ല. സംവരണത്തിന്റെ ആവശ്യമില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: