വാഷിങ്ടണ്‍ : ഇന്ത്യയിലേക്ക് അമൂല്യമായ 297 പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കിയതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും യുഎസും സാംസ്‌കാരിക സ്വത്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനും പുരാതന വസ്തുക്കള്‍ അവയുടെ ഉത്ഭവ സ്ഥലത്തേക്ക് തിരികെ നല്‍കുന്നതിനുമുള്ള കരാറില്‍ നേരത്തെ ഒപ്പുവച്ചിരുന്നു. എക്‌സ് അക്കൗണ്ടിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിന് നരേന്ദ്രമോദി നന്ദി അറിയിച്ചത്.
ഡെലവേയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബൈഡന്‍ വില്‍മിങ്ടണിലെ അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ചയ്‌ക്ക് ആതിഥേയത്വം വഹിച്ചു.
ക്വാഡ് മീറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടക്കുന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ മോദി ന്യൂയോര്‍ക്കിലേക്ക് പോയി. അവിടെ ലോംഗ് ഐലന്‍ഡില്‍ നടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പരിപാടിയില്‍ പങ്കെടുക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അര്‍ദ്ധചാലകങ്ങള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമായും നരേന്ദ്ര മോദി ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക