ഹൈദരാബാദ് : തിരുപ്പതി പ്രസാദത്തിൽ മൃഗക്കൊഴുപ്പുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് തെലങ്കാന ഘടകം രംഗത്തെത്തി. ഇതിൽ ഉൾപ്പെട്ട എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് വിഎച്ച്പി വൈസ് പ്രസിഡൻ്റ് രാം സിംഗ് പറഞ്ഞു.
സർക്കാർ അത് ചെയ്തില്ലെങ്കിൽ ഹിന്ദു സംഘടനകളായ ബ്ജരംഗ്ദളും സംഘപരിവാറും ബാലാജിയുടെ ഭക്തരും ചേർന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ച ആളുകൾ അത് അവരുടെ ലാഭ നേട്ടത്തിനായുള്ള ബിസിനസിനായി ചെയ്തതാണെന്ന് രാം സിംഗ് ആരോപിച്ചു.
സാധാരണയായി 800-1000 രൂപ വിലയുള്ള നെയ്യ് കിലോയ്‌ക്ക് 380 രൂപയ്‌ക്ക് ലഭിച്ചതിനാൽ മൃഗക്കൊഴുപ്പുള്ള നെയ്യാണ് ഉപയോഗിച്ചത്. അവർ അതിനെ കച്ചവടമായി കണ്ടു. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് പഴയ സർക്കാരിന് അധികാരം നഷ്ടപ്പെട്ടത്. ഇനി ഇപ്പോഴുള്ള സർക്കാർ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിംഗ് പറഞ്ഞു.
വിവാദങ്ങൾക്കിടയിൽ നിരവധി നേതാക്കൾ ആന്ധ്രാപ്രദേശിലെ മുൻ ജഗൻ സർക്കാരിനെ വിമർശിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മുൻ വൈഎസ്ആർസിപി പാർട്ടിയുടെ കാലത്ത് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ സമർപ്പിക്കുന്ന മധുരപലഹാരമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉൾപ്പെടെ നിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് വിവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: