തിരുവനന്തപുരം: മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് അവസാന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സും കണ്ണൂര്‍ വാരിയേഴ്സും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അന്‍പത്തിയേഴാം മിനിറ്റില്‍ കാമറൂണ്‍ താരം ഏണസ്റ്റന്‍ ലവ്സാംബ കണ്ണൂരിനായും കളി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ വാരിയേഴ്സിനായി ഗണേശന് സമനില ഗോളും നേടി. ലീഗില്‍ മൂന്ന് റൗണ്ട് മത്സരം പൂര്‍ത്തിയാവുമ്പോള്‍ കാലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂര്‍ ടീമുകള്‍ക്ക് അഞ്ച് പോയന്റ് വീതമാണ് ഉള്ളത്.
ഒന്നാം പകുതി അവസാനിക്കാനിരിക്കെ തിരുവനന്തപുരം നായകന് മോട്ട രണ്ടാം മഞ്ഞക്കാര്‍ഡും ഒപ്പം ചുവപ്പ് കാര്‍ഡും വാങ്ങി പുറത്തു പോയി.
പത്ത് പേരിലേക്ക് ചുരുങ്ങിയ കൊമ്പന്‍സിനെതിരെ രണ്ടാം പകുതിയില്‍ മുഹമ്മദ് ഫഹീസിനെ ഇറക്കി കണ്ണൂര്‍ ആക്രമണം കനപ്പിച്ചു. എന്നാല്‍ 4-4-1 ഫോര്‍മേഷനിലേക്ക് മാറി ഗോള്‍ വഴങ്ങാതിരിക്കാനായിരുന്നു കൊമ്പന്‍സിന്റെ നീക്കം.
അന്‍പത്തിയേഴാം മിനിറ്റില്‍ കണ്ണൂര്‍ നായകന് കോര്പ്പ നീക്കിനല്‍കിയ പന്തുമായി മുന്നേറിയ കാമറൂണ്‍ താരം ലവ്സാംബ ബോക്സിന് പുറത്ത് നിന്ന് പറത്തിയ ഷോട്ട് കൊമ്പന്‍സ് പോസ്റ്റില്‍ കയറി. എണ്‍പത്തിയഞ്ചാം മിനിറ്റില്‍ കൊമ്പന്‍സിന്റെ സമനില ഗോള്‍ പിറന്നു. കണ്ണൂര്‍ ബോക്സിന് തൊട്ടു മുന്നില്‍ വെച്ച് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് വന്ന പന്ത് പകരക്കാരന് ഗണേശന് വലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: