മലപ്പുറം: ഇതുവരെ എഡിജിപി അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ മാത്രം ആക്ഷേപം ഉന്നയിച്ചിരുന്ന സിപിഎം എംഎല്‍എ പി.വി. അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കൂടി ലക്ഷ്യംവച്ചാണ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. മുമ്പ് ഉന്നയിച്ചതിനേക്കാള്‍ ഗൗരവതരമായ രീതിയിലാണ് ഇന്നലെ മുഖ്യമന്ത്രിയെക്കൂടി അന്‍വര്‍ തന്ത്രപൂര്‍വ്വം വിവാദങ്ങളില്‍ വലിച്ചിട്ടത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്ന ഗുരുതര ആക്ഷേപം ഉന്നയിച്ചതോടെ വരുംദിവസങ്ങളില്‍ ഇടത് മുന്നണിയിലും സര്‍ക്കാരിലും പുതിയ ചര്‍ച്ചയ്ക്കുള്ള തുടക്കമാണ് അന്‍വര്‍ നടത്തിയത്.
പി. ശശിയുടെ മാത്രമല്ല എഡിജിപി അജിത് കുമാറിന്റെ വാക്കുകള്‍ കൂടി കേട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതെന്നും അജിത് കുമാര്‍ എഴുതി നല്കിയ വാചകങ്ങള്‍ അതേപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ പങ്ക് പി. ശശി പറ്റുന്നുണ്ട്. അതുകൊണ്ടാണ് പി. ശശി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
മുഖ്യമന്ത്രിയുടെ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് ശശിയും അജിത് കുമാറുമാണ്. ഇരുവരും എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെക്കൊണ്ട് ചെയ്യിക്കുന്നു എന്നാണ് അന്‍വര്‍ പറഞ്ഞുവയ്ക്കുന്നത്. മുഖ്യമന്ത്രിയെ കുഴിയില്‍ ചാടിച്ചിരിക്കുന്നു എന്നു പറയുകവഴി ആരോപണങ്ങളില്‍ പിണറായി വിജയനേയും ചേര്‍ത്തിരിക്കുകയാണ് അന്‍വര്‍.
തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച കോണ്‍ഗ്രസ് ബന്ധത്തെ ഇംഎംഎസും കോണ്‍ഗ്രസില്‍ നിന്നാണ് ഇടതുപക്ഷത്തിലേക്ക് വന്നതെന്ന ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രതിരോധിച്ചത്. പാര്‍ട്ടിയിലെ സഖാക്കളെ തന്റെ കൂടെ നിര്‍ത്താനുള്ള ചെപ്പടി വിദ്യയും അന്‍വര്‍ ഇംഎംഎസിനെ ഉദ്ധരിച്ച് നടത്തിയ പ്രസ്താവനയില്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്.
ആത്മഭയമുണ്ടെന്ന തരത്തില്‍ വാര്‍ത്താസമ്മേളനത്തിന്റെ അവസാനം അന്‍വര്‍ പറഞ്ഞു. തന്നെ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്നും ഇനി എത്രകാലം ജീവിക്കുമെന്ന് അറിയില്ലെന്നും ഭയമില്ലെന്നും പറഞ്ഞുവയ്ക്കുന്നതിലൂടെ പിണറായിക്കും വിഷയത്തില്‍ പങ്കുണ്ടെന്ന് ഒന്നുകൂടി ഉറപ്പിക്കുകയാണ് അന്‍വര്‍.
കള്ളക്കടത്തുകാരോട് പോലീസിന് നേരെ തെളിവുകള്‍ നല്കാന് താന്‍ ആവശ്യപ്പെട്ടെന്ന് പറയുകവഴി കള്ളക്കടത്തുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടാണ് ഇത്തരത്തിലുള്ള ആരോപങ്ങളും രാഷ്ട്രീയവിവാദങ്ങളും ഉന്നയിച്ചതെന്ന് അന്‍വര്‍ തന്നെ സമ്മതിക്കുകയായിരുന്നു. ഇതില്‍ വരും ദിവസങ്ങളില്‍ അന്‍വര്‍ മറുപടി പറയേണ്ടിവരും. പാര്‍ട്ടി ചവിട്ടിപ്പുറത്താക്കുംവരെ തുടരുന്നുമെന്നും പുറത്തുപോകേണ്ടിവന്നാല്‍ പോകുമെന്നും പറയുന്നതുവഴി ഇനി പിന്നോട്ടില്ലെന്ന സൂചന മുഖ്യമന്ത്രിക്ക് അന്‍വര്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: