കൊൽക്കത്ത: ബംഗാളിൽ ഗവർണർക്കെതിരായ നീക്കങ്ങൾക്ക് പോലീസ് സേനയിൽ ചരടുവലിച്ച കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് ഒടുവിൽ കസേര തെറിച്ചു. ആർജി കാർ ബലാൽസംഗ കൊലക്കേസിലാണ് സ്ഥാനം നഷപ്പെട്ടതെങ്കിലും മറ്റു പല സംഭവങ്ങളിലും കമ്മീഷണർ വിനീത് ഗോയലിനെ ചുമതലയിൽ നിന്ന് നീക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് കർശനമായി താക്കീത് നൽകിയിരുന്നു.
രാജ്ഭവനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും രാജ്ഭവൻ അനുമതി നൽകിയിട്ടും ഗവർണർക്ക് നിവേദനം നൽകാൻ വന്ന സംഘത്തെ പോലീസ് തടയുകയും ചെയ്ത സംഭവങ്ങളിൽ കമ്മീഷണർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തുനൽകിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
ഒരു സിവിൽ സർവീസ് ഉദ്യാഗസ്ഥന്റെ പദവിക്കും അധികാരത്തിനും ചേരാത്ത പെരുമാറ്റവും പ്രവൃത്തികളുമാണ് വിനീത് ഗോയലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് രാജ്ഭവൻ പലതവണ ചൂണ്ടിക്കാട്ടുകയുണ്ടായി. ആർജി കർ സംഭവത്തിൽ തെളിവ് നശിപ്പിച്ച് പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചു എന്ന ആരോപണമുണ്ടായപ്പോഴും കമ്മീഷണറെ ഉടൻ നീക്കം ചെയ്യണമെന്ന് ഗവർണർ അന്ത്യശാസനം നൽകിയിരുന്നു.സുപ്രീം കോടതിയും പോലീസ് നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
നേരത്തെ സന്ദേശ് ഖലിയിൽ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച കൊടും കുറ്റവാളി ഷേക്ക് ഷാജഹാനെ സംരക്ഷിക്കാൻ കള്ളക്കളി നടത്തിയപ്പോഴും. 72 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയില്ലെങ്കിൽ താൻ താമസം സന്ദേശ് ഖലിയിലേക്ക് മാറ്റുമെന്ന് ഗവർണർ ആനന്ദ ബോസ് മുന്നറിയിപ്പ് നൽകിയ ശേഷമാണ് മമത സർക്കാർ പ്രതിയെ അറസ്റ്റു ചെയ്യാൻ നിർബന്ധിതമായത്
കളങ്കിതനായ ഉദ്യോഗസ്ഥൻ എന്ന കാരണത്താൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിലെ വിരുന്നിൽ കമ്മീഷണറെ ക്ഷണിക്കാതിരുന്നിട്ടും അനധികൃതമായി പങ്കെടുത്ത കമ്മീഷണർക്കെതിരെ ആ പ്രവൃത്തി ഭവനഭേദനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് രാജ്ഭവൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: