അഭിമുഖം
ജോര്‍ജ്ജ് കുര്യന് X ആര് പ്രദീപ്
മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് സുരേഷ്ഗോപി മന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. കേരളത്തിന് ഒരു രണ്ടാം മന്ത്രികൂടിയുണ്ടാകുമെന്ന വാര്‍ത്ത പരന്നപ്പോഴേ ആകാംക്ഷയായി. ആരാകും കേരളത്തില്‍ നിന്നുള്ള രണ്ടാം മന്ത്രി? പല പേരുകളും അന്തരീക്ഷത്തില്‍ മുഴങ്ങി. എന്നാല്‍ കേന്ദ്ര മന്ത്രിയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്റെ പേരു പുറത്തുവന്നപ്പോള്‍ പലരും അദ്ഭുതപ്പെട്ടു. ജോര്‍ജ് കുര്യന് ആരെന്നറിയാത്തവര്ക്കായിരുന്നു അദ്ഭുതം ഏറെയും. ജൂണ്‍ 9ന് കേരളം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞതും ജോര്‍ജ്കുര്യന്‍ എന്ന പേരാണ്. വിദ്യാര്‍ത്ഥികാലം മുതല്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ജോര്‍ജ് കുര്യന് ഇതുവരെ പദവികള്‍ക്കു പിന്നാലെ പോയിട്ടില്ല. എന്നാല്‍ പദവികള്‍ പലതും അദ്ദേഹത്തെ തേടിയെത്തിയിട്ടുമുണ്ട്. അതെല്ലാം അപ്രതീക്ഷിതവുമായിരുന്നു. നരേന്ദ്രമോദി മന്ത്രിസഭയില്‍ ഒരു മന്ത്രി പദവി അപ്രതീക്ഷിതമായി ലഭിക്കുമെന്ന് ഒരിക്കലും അദ്ദേഹം കരുതിയിട്ടില്ല. മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങ് കാണാന്‍ ദില്ലിയിലെത്തിയ ജോര്‍ജ് കുര്യന് മന്ത്രിയായത് അദ്ഭുതമായത് അതിനാലാണ്.
വിദ്യാര്‍ത്ഥികാലം മുതല്‍
ദേശീയതയ്ക്കൊപ്പം
അടിയന്തിരാവസ്ഥക്കെതിരെയുള്ള ജെപി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായാണ് സ്കൂള്‍ പഠനകാലത്ത് ജോര്‍ജ് കുര്യന് പൊതുരംഗത്തെത്തുന്നത്. 1977ല്‍ പത്താംതരം കഴിഞ്ഞ് മാന്നാനം കെ ജി കോളജില്‍. 1977 മുതല്‍ 79 വരെയുള്ള കോളജ് കാലഘട്ടത്തില്‍ ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ വിദ്യാര്‍ത്ഥി ജനതയില്‍ സജീവമായി.
ആര്‍എസ്എസ് മുഖ്യശിക്ഷകനായിരുന്ന കെ.പി. ഓമനക്കുട്ടന്റെ സൗഹൃദമാണ് സംഘപരിവാര്‍ ബന്ധത്തിന് നാന്ദിയായത്. . പിന്നീട് നാട്ടകം ഗവ. കോളജിലേക്ക് പഠനം മാറിയപ്പോഴേക്കും ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. 1980ല്‍ ജനസംഘത്തില്‍ നിന്ന് പുതുതായി രൂപീകരിച്ച ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെ
പി) ചേരാന്‍ കുറച്ചുപേര്‍ കേരളത്തിലും ജനതാ പാര്‍ട്ടി വിട്ടപ്പോള്‍, കോട്ടയത്തെ ചെറിയ ഗ്രാമമായ കാണക്കാരിയില്‍ നിന്ന് അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള ജോര്‍ജ് കുര്യന് അവരില്‍ ഒരാളായി. ബിജെപി സ്ഥാപിതമായ ആദ്യ ദിവസം തന്നെ ജോര്‍ജ് കുര്യനും അംഗത്വമെടുത്തു.
യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നൊരാള്‍ അത്തരമൊരു തീരുമാനത്തിലെത്തിയപ്പോള്‍ പലരും വിമര്‍ശിച്ചു. ഇക്കാലമത്രയും നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് അദ്ദേഹം തന്റെ തീരുമാനങ്ങളില്‍ ഉറച്ചു നിന്നത്.
ബിജെപി എന്നെങ്കിലും കേന്ദ്രം ഭരിക്കുമെന്നോ തനിക്ക് മന്ത്രിസ്ഥാനമോ മറ്റെന്തെങ്കിലും പദവികള്‍ ലഭിക്കുമെന്നോ ഒരു പ്രതീക്ഷ പോലും ഇല്ലാത്ത കാലത്താണ് ബിജെപിക്ക് ഒപ്പം ജോര്ജ്കുര്യനും ചേര്‍ന്നത്. പിജിക്കു പഠിക്കുമ്പോള്‍ വിദ്യാര്‍ഥി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും ജില്ലാ അധ്യക്ഷനുമായി. പിന്നീട് യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റുമായി. 2007മുതല്‍ 2010വരെയും 2013മുതല്‍ 2016വരെയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഒ. രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി(ഒഎസ്ഡി)യായി. പിന്നീട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി. ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷനായും സേവനം അനുഷ്ഠിച്ചു. എംഎ, എല്‍എല്‍ബി ബിരുദധാരിയായ കുര്യന് ദേശീയ ന്യൂനപക്ഷ കമ്മിഷന് വൈസ് ചെയര്‍പേഴ്സണാകുന്ന ആദ്യ മലയാളിയാണ്. കെ. സുരേന്ദ്രന് കേരളത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായപ്പോള് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് കുര്യനെത്തി. കേന്ദ്രത്തില്‍ നിന്ന് കേരളത്തില്‍ പാര്‍ട്ടി പരിപാടികള്‍ക്കെത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നത് ജോര്‍ജ് കുര്യനായിരുന്നു.
‘സര്‍ക്കാര്‍ കുര്യന്
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനായി’
നാട്ടകം കോളജില്‍ പഠിക്കുമ്പോള്‍ ജോര്‍ജ് കുര്യന് ഒരു വിളിപ്പേരുണ്ടായിരുന്നു. സര്‍ക്കാര്‍ കുര്യന്! കോളജിലെ അധ്യാപകരും ജീവനക്കാരും സഹവിദ്യാര്ത്ഥികളുമെല്ലാം ‘സര്‍ക്കാര്‍’ എന്നാണ് ജോര്‍ജ് കുര്യനെ വിളിച്ചിരുന്നത്. അതിനൊരു കാരണമുണ്ട്. 1980ല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം കോളജില്‍ ജോര്‍ജ് എല്ലാവരോടും പറഞ്ഞു നടന്നു, 2000നു മുമ്പ് ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന്. ബിജെപി അധികാരത്തിലെത്തുന്നത് സ്വപ്നം കണ്ടുനടന്ന ജോര്‍ജ് കുര്യന് ‘സര്‍ക്കാര്‍ കുര്യനെന്ന്’ വിളിപ്പേരുവീണു. സര്‍ക്കാര്‍ കുര്യന് എന്നു പറഞ്ഞാല്‍ മാത്രമേ ജോര്‍ജ് കുര്യനെ അറിയൂ എന്ന നിലവന്നു. നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ക്യാമ്പുകളില്‍ ജോര്‍ജ് കുര്യന്റെ പേരു മൈക്കിലൂടെ അനൗണ്‍സ് ചെയ്യുന്നതും സര്‍ക്കാര്‍ കുര്യനെന്നായിരുന്നു. ജോര്‍ജ് പറഞ്ഞതുപോലെ 2000നു മുമ്പേ തന്നെ ബിജെപിയുടെ വാജ്പേയി മന്ത്രിസഭ അധികാരത്തിലെത്തി. ഒടുവില്‍ സര്‍ക്കാര്‍ കുര്യന് സര്‍ക്കാരിന്റെ ഭാഗവുമായി. ജോര്‍ജ് കുര്യനെന്ന ‘സര്‍ക്കാര്‍ കുര്യന്’ കേന്ദ്ര സഹമന്ത്രിയായപ്പോള്‍ കോളജില്‍ ഒപ്പം പഠിച്ചിരുന്നയാള്‍ ആശംസാ സന്ദേശമയച്ചു.
‘Now sarkar becomes part of sarkr.
Congratulations for the new assignment.’
”ഇത് കേരളത്തിലെ സാധാരണ ബിജെപി
പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം”
തന്റെ മന്ത്രിസ്ഥാനം കേരളത്തിലെ സാധാരണ ബിജെപി
പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമാണെന്നാണ് ജോര്‍ജ് കുര്യന്റെ പക്ഷം.
”നന്നായി പ്രവര്‍ത്തിക്കുന്ന, സാധാരണക്കാരായ ബിജെപി പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഏതു ഉന്നത പദവികളിലുമെത്താം. സാധാരണ പ്രവര്‍ത്തകനായി തുടങ്ങി പടിപടിയായി ഉയര്‍ന്നുവരുന്നവരെ പാര്‍ട്ടി പരിഗണിക്കും. ബിജെപി ദേശീയ നേതൃത്വം ഈ മന്ത്രി പദവികൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. പാര്‍ട്ടി സാധാരണ പ്രവര്‍ത്തകനു നല്കിയ അംഗീകാരമാണിത്. ബിജെപി അങ്ങനെയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളെയും പോലെ ഇതും കാണുന്നു. സന്തോഷത്തോടെ സ്വീകരിക്കുന്നു. സമൂഹത്തിനു വേണ്ടി കൂടുതല്‍ എന്തെങ്കിലും പ്രവര്‍ത്തിക്കാനുള്ള അവസരമായാണ് ഈ നേട്ടത്തെ കാണുന്നത്. സമൂഹത്തിലെ സാധാരണക്കാരുടെ പക്ഷത്തു നിന്നാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങള്‍ കൃഷി ഉപജീവനമാക്കിയവരാണ്. എന്റെ വകുപ്പിലൂടെ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും.”
”കാര്‍ഷിക മേഖലയില്‍
കേരളം മുന്നേറണം”
കാര്‍ഷിക രംഗത്ത് കേരളത്തിന് ഏറെ മുന്നേറാനാകുമെന്ന് കേന്ദ്ര കൃഷി, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുമന്ത്രി ജോര്‍ജ് കുര്യന് പറയുന്നു. മലയാളിയായ മന്ത്രിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം അതിനുവേണ്ടി കൂടിയുള്ളതാകും.
”രാജ്യത്തെ സമ്പദ്ഘടന കൃഷിയെക്കൂടി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മോദി ഭരണത്തില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കാര്‍ഷിക രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിയത്. നമ്മുടെ ഉല്പാദനം വലിയതോതില്‍ ഉയര്‍ന്നു. കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ബിജെപി ഭരണത്തില്‍ ലഭിച്ചു. കൃഷിക്ക് മുന്‍ഗണന നല്കുന്ന നയമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കൃഷിയെ ആധുനികവത്കരിക്കുന്നതിനൊപ്പം പരമ്പരാഗത കൃഷി സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുകയൂം ചെയ്യുന്നു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യയുടെ സജീവമായ സംയോജനത്തിന് മോദി സര്‍ക്കാര്‍ ഊന്നല്‍ നല്കി. ഫാമുകളില്‍ സൗരോര്‍ജ്ജത്തിന്റെ ഉല്പാദനവും ഉപയോഗവും, അനുയോജ്യമായ വിള തിരഞ്ഞെടുക്കുന്നതിന് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ ഉപയോഗം, പോഷകങ്ങള്‍ തളിക്കുന്നതിനും വിള നിരീക്ഷണത്തിനുമായി ഡ്രോണുകളുടെ വിന്യാസം തുടങ്ങിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. നവീകരണത്തിലൂടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെയും കര്‍ഷകരെ ശാക്തീകരിക്കേണ്ടതുണ്ട്. കേരളവും ഈ രീതിയില്‍ പരിവര്ത്തിതപ്പെട്ടാലേ കാര്‍ഷിക മേഖലയില്‍ ഉയര്‍ച്ചയുണ്ടാകൂ. കാര്‍ഷിക മേഖലയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. കൃഷി ഭൂമി കൃഷിക്കായി മാത്രം ഉപയോഗിക്കുകയും കൂടുതല്‍ ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും വേണം.”
”വികസനത്തില്‍ രാഷ്ട്രീയമില്ല”
വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കഴിഞ്ഞ പത്തു വര്‍ഷവും മോദി സര്‍ക്കാര്‍ രാഷ്ട്രീയം കലര്ത്തിയിട്ടില്ലന്ന് ജോര്‍ജ്കുര്യന്‍ വ്യക്തമാക്കുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും.
”കേരളത്തിന് അര്‍ഹിക്കുന്നതും അതിലപ്പുറവും നല്‍കിയിട്ടുണ്ട്. നിരവധി വികസന പദ്ധതികള്‍ കേരളത്തിലേക്കു വന്നു. മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ കേരളവും മോദി ഭരണത്തില്‍ മാറുകയാണ്. ആധുനിക രീതിയില്‍ അടിസ്ഥാന സൗകര്യമേഖലയില്‍ വലിയ വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ റോഡ്, റെയില്‍ വികസനം അതിനുദാഹരണമാണ്. രാഷ്ട്രീയ പ്രാദേശിക ഭേദമില്ലാതെ എല്ലാവര്ക്കും വികസനം എന്നതാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. വികസന പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരിനോടൊപ്പം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കി വരുന്നുണ്ട്. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ എത്രത്തോളം മുന്നോട്ടുപോയെന്നത് ചിന്തിക്കണം. പദ്ധതി പ്രഖ്യാപനങ്ങളില്‍ മാത്രമല്ല, സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാനും കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ മേല്‍ യാതൊരു കടബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നില്ല. കേരളത്തിന്റെ പ്രതീക്ഷകള്‍ക്കുമപ്പുറമുള്ള വികസന നേട്ടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ നിന്ന് കേരളത്തിനു മാറിനി
ല്‍ക്കാനാകില്ല. വികസന പദ്ധതികളുടെ ഗുണഭോക്താക്കളായി കേരളവും ഉണ്ടാകും. കേരളത്തിന്റെ വികസനത്തിനായുള്ള എല്ലാ ശ്രമങ്ങളും മന്ത്രിയെന്ന നിലയില്‍ നിര്‍വ്വഹിക്കും. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനനുസരിച്ച് നിയമം അനു
ശാസിക്കുന്ന രീതിയില്‍ രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. രാഷ്ട്രീയ ചിന്തയില്ലാതെ സംസ്ഥാനവും ഒപ്പം നിന്നാലെ പദ്ധതികള്‍ വിജയിപ്പിക്കാനാവൂ. കേരളം വികസിക്കണം എന്നാഗ്രഹിക്കുന്നവര്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചു. ബിജെപിയേയും നരേന്ദ്രമോദി സര്‍ക്കാരിനേയും അവര്‍ അംഗീകരിച്ചു കഴിഞ്ഞു. പുതിയ തലമുറ രാഷ്ട്രീയത്തിനല്ല, വികസനത്തിനാണ് പ്രധാന്യം നല്‍കുന്നത്.”
”കേരളത്തില്‍ ബിജെപി
അംഗീകരിക്കപ്പെട്ടു”
ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയം ഒത്തൊരുമയോടെയുള്ള, ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് പറയുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ ആസൂത്രകരില്‍ ഒരാളായിരുന്നു അദ്ദേഹം.
”കേരളം ബിജെപിക്കായി പാകപ്പെട്ടു കഴിഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ എന്‍ഡിഎ മുന്നണി തിളക്കമാര്‍ന്ന വിജയം നേടിയപ്പോള്‍ കേരളത്തിലുണ്ടായ വിജയം എടുത്തു പറയേണ്ടതാണ്. പ്രധാനമന്ത്രി മോദിജി അതു പ്രത്യേകം സൂചിപ്പിച്ചു. കേരളത്തില്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ബിജെപി നേടിയിട്ടുള്ള വിജയം ചരിത്രപരമാണ്. സുരേഷ് ഗോപി ബിജെപിയുടെ ആധികാരികമായ വിജയമാണ് നേടിയിരിക്കുന്നത്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും പൊന്നാനി
യിലും ആലത്തൂരും പാലക്കാടുമൊക്കെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാനായ വോട്ടുകള്‍ കേരള രാഷ്ട്രീയത്തിന്റെ ഭാവിയെ നിര്‍ണായകമായി സ്വാധീനിക്കും. ബിജെപിക്കെതിരെ പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന കുപ്രചാരണത്തെ അതിജീവിച്ചാണ് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ഇതുവരെ ബിജെപിക്ക് ലഭിക്കാത്ത വോട്ടുകളും ഇത്തവണ പാ
ര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഒരു ക്രോസ് സെക്ഷന്‍ ഇത്തവണ പാര്‍ട്ടിക്ക് വോട്ട് ചെയ്തു. ബിജെപിക്ക് ഇടതിന്റെയും വലതിന്റെയും വോട്ട് കിട്ടി എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഈ വലിയ നേട്ടത്തിന് കാരണം. സംസ്ഥാനത്ത് ബിജെപി നേടിയ നേട്ടമാണ് തനിക്ക് ലഭിച്ച മന്ത്രി പദവിക്കും കാരണം. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടുകയുമാണ്.”
”വയനാട്ടിലെ
ദുരന്തഭൂമിയിലേക്ക്
പ്രധാനമന്ത്രിയുടെ സന്ദേശവുമായി”വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ ദുരന്തഭൂമിയിലെ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിയോഗിച്ചത് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെയാണ്. ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് ആദ്യമണിക്കൂറുകളില്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര നടപടികള്‍ തുടങ്ങി. ഉരുള്‍പൊട്ടലിന്റെ ആഘാതം വളരെയധികമാണെന്ന വിലയിരുത്തല്‍ പുലര്‍ച്ചെ തന്നെ ലഭിച്ചു.
വിവിധ കേന്ദ്രമന്ത്രിമാര്‍ക്കും മന്ത്രാലയ സെക്രട്ടറിമാര്ക്കുമടക്കം പിഎംഒയില്‍ നിന്നുള്ള ഫോണ്‍ സന്ദേശങ്ങള്‍ പിന്നാലെയെത്തി. ജോര്‍ജ് കുര്യനോട് കേരളത്തിലേക്ക് തിരിക്കാനും രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല നിര്‍വഹിക്കാനുമുള്ള നിര്‍ദേശവും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു നല്കി.
ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞതു മുതല്‍ എല്ലാം തകര്‍ന്ന ഒരു നാടിനായി എല്ലാം മറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ജോര്‍ജ് കുര്യന്. ദുരന്തഭമിയില് സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും മറ്റ് കേന്ദ്ര ഏജന്‍സികളുടെയും രക്ഷാ പ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല അദ്ദേഹം കൃത്യമായി നിര്‍വ്വഹിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചു. ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മലയില്‍ മാത്രമല്ല, പുഴ കടന്ന് മുക്കൈയിലും ചെന്നെത്തിയ കേന്ദ്രമന്ത്രി രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്ത ബാധിതര്‍ക്കും ആശ്വാസമേകി.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന കര-വ്യോമ സേനാ
ഉദ്യോഗസ്ഥര്‍ എന്‍ഡിആര്‍എഫ് തലപ്പത്തുള്ളവര്‍ തുടങ്ങിയവരുമായി സംസാരിച്ചു. വിവിധ ആശുപത്രികളിലും മറ്റും കഴിയുന്നവരെയും ജീവഹാനി സംഭവിച്ചവരുടെ ബന്ധുക്കളെയും സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. നിശ്ചിത ഇടവേളകളില്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി ആശയവിനിമയം നടത്തി. എല്ലാം വേഗത്തിലാക്കി. ക്യാമറാ സംഘങ്ങളുടെ അകമ്പടിയില്ലാതെ, മുട്ടോളം മറയ്ക്കുന്ന ഷൂവിന്റെ സഹായമില്ലാതെ, ചവുട്ടിയാല്‍ താഴ്ന്നുപോകുന്ന ചെളിയിലൂടെ അദ്ദേഹം നടന്നു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ജോര്ജ്കുര്യനെന്ന കേന്ദ്രമന്ത്രി വലിയ പ്രചോദനമായിരുന്നു…
”ജീവിതത്തില്‍ ഇനിയൊരിക്കലും ഉണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കുന്ന കാഴ്ചകളാണ് ദുരന്തമേഖലയില്‍ കാണേിവന്നത്. അത്രയ്ക്ക് ഹൃദയഭേദകമായിരുന്നു അത്. ഭയങ്കരവും ദയനീയവുമാണ് അവസ്ഥ. മണ്ണിലേക്കാഴ്ന്നുപോകുന്ന ഓരോ കാല്ച്ചവിട്ടിനടിയിലും മൃതദേഹങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ വിവരിക്കാനാകില്ല. ഒരു പക്ഷേ, അതൊരു കുഞ്ഞിന്റെതാകാം, അല്ലങ്കില്‍ ഒരമ്മയുടെ, സ്ത്രീയുടെ…മനസ്സു മരവിച്ചുപോകുന്ന കാഴ്ചകളായിരുന്നു അത്”
ഏറ്റുമാനൂര്‍ കാണക്കാരി കുറുമുള്ളൂര്‍ നമ്പ്യാകുളം പൊയ്ക്കാരന്‍ കാലായില്‍ ജോര്‍ജ് കുര്യന് പാര്‍ട്ടി ഏല്‍പ്പിച്ച ജോലികളെല്ലാം ഭംഗിയായി നിര്‍വ്വഹിച്ച ചരിത്രമാണുള്ളത്. 63-ാം വയസ്സില്‍ പാര്‍ട്ടി നല്കിയ മന്ത്രി എന്ന ചുമതലയും കൃത്യമായി നിര്‍വ്വഹിക്കാനാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. നല്ല ട്രാക്ക് റിക്കോര്‍ഡുമായാണ് അദ്ദേഹം മന്ത്രിപദത്തിലേക്കെത്തിയത്. അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. മാധ്യമ വിചാരണയ്ക്കും വിധേയനായിട്ടില്ല. എല്ലാവരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധാലുവുമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ മുഖമായിരുന്നു ബിരുദാനന്തര ബിരുദധാരിയും എല്എല്ബിക്കാരനുമായ സുപ്രീംകോടതിയിലെ ഈ അഭിഭാഷകന്. സൈന്യത്തില്‍ ലഫ്. കേണലായിരുന്ന (നഴ്സിങ്) ഒ.ടി. അന്നമ്മയാണ് ഭാര്യ. ആദര്‍ശ്, ആകാശ് എന്നിവര്‍ മക്കളാണ്. ആദര്‍ശ് കാനഡയില്‍ ജോലി ചെയ്യുന്നു. ആകാശ് ജോര്‍ജിയയില്‍ എംബിബിഎസിന് പഠിക്കുന്നു. ജോര്‍ജ് കുര്യന്റെ സഹോദരന് പി.കെ. ജോണും മകനും ബിജെപി പ്രവര്‍ത്തകരാണ്.ആര് പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: