കൊച്ചി :ഉപഭോക്താക്കളുടെ എണ്ണം 45 ലക്ഷത്തില്‍ നിന്നും 1.8 കോടിയിലേക്ക് ഉയര്‍ത്തിയ ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് സെപ്തംബര്‍ 20 വെള്ളിയാഴ്ച പടിയിറങ്ങി. 14 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. 2010 സെപ്തംബര്‍ 23നായിരുന്നു ഫെഡറല്‍ ബാങ്കില്‍ ശ്യാം ശ്രീനിവാസന് എത്തുന്നത്.
തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഫെഡറല്‍ ബാങ്ക് ശാഖകളുടെയും ജീവനക്കാരുടെയും എണ്ണം ഏകദേശം ഇരട്ടിയിലധികമായി വര്‍ധിച്ചു. കേവലം സാമ്പത്തിക വളര്‍ച്ച മാത്രമായിരുന്നില്ല ലക്ഷ്യം. വളര്‍ച്ചയോടൊപ്പം ബാങ്കിന്റെ പ്രതിച്ഛായ മെച്ചപ്പെട്ട നിലയില്‍ നിലനിര്‍ത്തുന്നതിനും എല്ലാവരുടേയും ബഹുമാനം ആര്‍ജ്ജിക്കുന്നതിനും സാധിച്ചു എന്നത് മികച്ച വിജയമായി ശ്യാം ശ്രീനിവാസന് കരുതുന്നു. “ഇപ്പോഴും ബാങ്കിന്റെ ജീവനക്കാരുടെ ശരാശരി പ്രായമെടുത്താല്‍ 34 മാത്രം, വായ്പ ആരോഗ്യകരമായ രീതിയില്‍ നിലകൊള്ളുന്നു, മൂലധനത്തിന്റെ കാര്യത്തില്‍ നല്ല കരുത്തുണ്ട്. അതിനാല്‍ ബാങ്കിന് വളരാന്‍ ഒട്ടേറെ സാധ്യതകളാണ് മുന്നിലുള്ളത്. “- ശ്യാം ശ്രീനിവാസന് പറയുന്നു.
പടിയിറങ്ങുന്ന മാസങ്ങളില്‍ ബാങ്കിന്റെ വളര്‍ച്ചയും മെച്ചപ്പെട്ടതായിരുന്നുവെന്നതില് ശ്യാം ശ്രീനിവാസന് സമാധാനിക്കാം. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഫെഡറല്‍ ബാങ്ക് ഓഹരി വിലയില്‍ 25 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഏകദേശം 147 രൂപയുണ്ടായിരുന്ന ഓഹരിയുടെ വില 183 രൂപയിലേക്ക് ഉയര്‍ന്നിരുന്നു.
സേവനമേഖലയിലും ടൂറിസത്തിലും കേരളം കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കണമെന്ന അഭിപ്രായക്കാരനാണ് ശ്യാം ശ്രീനിവാസന്. ആരോഗ്യസേവനരംഗത്തും കേരളത്തിന് ഏറെ ചെയ്യാനുണ്ടെന്നും ശ്യാം ശ്രീനിവാസന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: