ബംഗളുരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ട്രക്ക്് ഡ്രൈവര്‍ അര്ജുന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വേണ്ടിയുളള തെരച്ചിലിനായി ഡ്രഡ്ജര്‍ ഷിരൂരിലെത്തി. ഡ്രഡ്ജര്‍ ടഗ് ബോട്ട് ഗംഗാവലിപ്പുഴയില്‍ എത്തിച്ചു. വെളളിയാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജര്‍ എത്തിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ഡ്രഡ്ജര്‍ കാര്‍വാറില്‍ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ വേലിയേറ്റ സമയമായത്ത് പാലം കടന്ന് മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ വേലിയിറക്ക സമയമായ വൈകുന്നേരത്തോടെയാണ് മുന്നോട്ട് പോകുന്നത്. നാവിക സേനയുടെ മേല്‍നോട്ടത്തിലാണ് ഡ്രഡ്ജറിന്റെ പ്രവര്‍ത്തനം. രണ്ട് പാലങ്ങള്‍ കടക്കുന്നത് ശ്രമകരമായ ദൗത്യമായതിനാല്‍ വേലിയിറക്ക സമയം കേന്ദ്രീകരിച്ചാണ് ഡ്രഡ്ജറിന്റെ യാത്ര ക്രമീകരിച്ചത്.ഡ്രഡ്ജര്‍ രാത്രിയോടെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് എത്തിക്കും. ഇക്കഴിഞ്ഞ ജൂലൈ 16നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
രണ്ട് മാസത്തിലേറെ ആയിട്ടും അപകടത്തില്‍ കാണാതായവരെ കുറിച്ച് യാതൊരു വിവരവും ഇല്ല. അര്ജുന് ഓടിച്ച ലോറി ഉണ്ടെന്ന് കരുതുന്ന മേഖല കണ്ടെത്തിയെങ്കിലും പുഴയ്ക്കടിലെ കല്ലും മണ്ണും വെല്ലുവിളി ആണ്. തുടര്‍ന്നാണ് ഡ്രഡ്ജര്‍ എത്തിച്ച് തെരച്ചിലിന് തീരുമാനിച്ചത്.
ഡ്രഡ്ജറിന്റെ ചെലവ് പൂര്‍ണമായി കര്‍ണാടക സര്‍ക്കാരാണ് വഹിക്കുന്നത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സില്‍ താഴെയെന്നാണ് നാവികസേന അറിയിച്ചത്. ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: