പട്‌ന: ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശത്തിന് അംഗീകാരം നൽകാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ പ്രകീർത്തിച്ച് ബിജെപി എംപി രവിശങ്കർ പ്രസാദ്. തീരുമാനം രാജ്യതാൽപ്പര്യം മുൻനിർത്തിയുള്ളതാണെന്നും ഒരുപാട് ചെലവുകൾ ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ തീരുമാനമാണ് കൈക്കൊണ്ടതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. മുൻ രാഷ്‌ട്രപതിയുടെ ശുപാർശയിൽ വന്ന റിപ്പോർട്ട് അംഗീകരിച്ചു. ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെയും വോട്ടർമാരുടെയും താൽപ്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് ചെലവ് കുറയ്‌ക്കാനും വോട്ടർമാർക്ക് സുഖകരമായി തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഏർപ്പെടാനും സാധിക്കും. ഏറെ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. മറ്റ് പാർട്ടികൾ പിന്തുണയ്‌ക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു. 2029-ൽ ഇത് നടപ്പിലാക്കാനുള്ള നിർദ്ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെ പ്രശംസിച്ചിരുന്നു. ശുദ്ധമായ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ ഇച്ഛാശക്തിയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം പരിവർത്തനാത്മകമായ പരിഷ്‌കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഇതിനു പുറമെ ഇന്ന് ഈ ദിശയിൽ ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് എന്നതിനായുള്ള ഉന്നതതല സമിതിയുടെ ശുപാർശകൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചുകൊണ്ട് ഭാരതം സുപ്രധാനമായ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലേക്ക് ഒരു വലിയ മുന്നേറ്റം നടത്തുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
100 ദിവസത്തിനകം നഗര-പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്തി ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താൻ നിർദേശിക്കുന്ന ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതി ഒരേസമയം തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല റിപ്പോർട്ട് ഈ വർഷം ആദ്യം രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു. 18,626 പേജുകളുള്ളതാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: