ആറന്മുള: ആറന്മുള ഉതൃട്ടാതി ജലമേളയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി ബാച്ചില്‍ കോറ്റാത്തൂര്‍-കൈതക്കോടി പള്ളിയോടവും വേഗതാരങ്ങളായി മന്നം ട്രോഫിയില്‍ മുത്തമിട്ടു. എ ബാച്ചില്‍ ഉത്തൃട്ടാതി ജലമേളയില്‍ ആചാരവും അനുഷ്ഠാനവും പാലിച്ച് പാടിത്തുഴഞ്ഞ 51 പള്ളിയോടങ്ങള്‍ കാഴ്ചവെച്ച നയനാനന്ദകരമായ ഘോഷയാത്രയ്ക്ക് ശേഷം നടന്ന മത്സരത്തില്‍ പങ്കെടുത്ത പള്ളിയോടങ്ങളുടെ പ്രകടനം ആറന്മുളയ്ക്ക് ആവേശമായി.
വേഗതയുടെ അടിസ്ഥാനത്തില്‍ വിജയികളെ നിശ്ചയിച്ച മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പള്ളിയോടങ്ങളാണ് ഫൈനലിലെത്തിയത്. ഇത് ഫൈനല്‍ മത്സരങ്ങള്‍ ആവേശകരമാക്കി.
ഒന്‍പതു ഹീറ്റ്സുകളിലായി 33 പള്ളിയോടങ്ങള്‍ പങ്കെടുത്ത എ ബാച്ച് ഒന്നാംപാദ മത്സരത്തില്‍ വേഗതയില്‍ വിസ്മയം തീര്‍ത്ത നെല്ലിയ്ക്കല്‍, കോയിപ്രം, ഇടനാട്, ഇടപ്പാവൂര്‍ പേരൂര്‍ എന്നീ പള്ളിയോടങ്ങളാണ് ഫൈനലിലെത്തിയത്.
ആവേശകരമായ മത്സരത്തില്‍ കോയിപ്രം ഒന്നാമതും ഇടനാട് രണ്ടാമതും ഇടപ്പാവൂര്‍ പേരൂര്‍ മൂന്നാമതും നെല്ലിയ്ക്കല്‍ നാലാമതും ഫിനിഷ് ചെയ്തു. അഞ്ചും ആറും ഏഴും എട്ടും സ്ഥാനത്ത് വേഗതയുടെ അടിസ്ഥാനത്തിലെത്തിയ പള്ളിയോടങ്ങള്‍ക്ക് വേണ്ടി നടത്തിയ ലൂസേഴ്സ് ഫൈനലില്‍ കീഴുകര, ചിറയിറമ്പ്, ഒതറ കുന്നേകാട്, തെക്കേമുറി പള്ളിയോടങ്ങള്‍ പങ്കെടുത്തു.
മത്സരത്തില്‍ ഓതറ കുന്നേകാട് പള്ളിയോടം ഒന്നാമതെത്തിയപ്പോള്‍ ചിറയിറമ്പ് രണ്ടാമതെത്തി.
ബി-ബാച്ച് ഫൈനലില്‍ കോറ്റാത്തൂര്‍ കൈതക്കോടിക്ക് പിന്നാലെ തോട്ടപ്പുഴശ്ശേരി രണ്ടാമതും ഇടക്കുളം മൂന്നാമതും കോടിയാട്ടുകര നാലാമതും ഫിനിഷ് ചെയ്തു. ബി ബാച്ച് ലൂസേഴ്സ് ഫൈനലില്‍ തൈമറവുംകര ഒന്നാമതെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: