മാറനല്ലൂര്‍: പെട്രാള്‍ അടിച്ച ശേഷം പമ്പില്‍ കള്ളനോട്ട് നല്കിയ സിപിഎം നേതാവിനെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്. മാറനല്ലൂരിലെ പെട്രോള്‍ പമ്പില്‍ 9ന് രാവിലെയാണ് സംഭവം. സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ തങ്കരാജിനെതിരെയാണ് പമ്പുടമ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
പമ്പില്‍ പലതവണ അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് ലഭിച്ചതിനെ തുടര്‍ന്ന് പമ്പുടമ ജീവനക്കാര്‍ക്ക് നോട്ട് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയപ്പോഴാണ് കള്ളനോട്ടുണ്ടെന്ന വിവരം പമ്പുടമയെ ബാങ്ക് അറിയിക്കുന്നത്. തങ്കരാജ് പമ്പ് ജീവനക്കാരന് കൈമാറിയ അഞ്ഞുറ് രൂപ നോട്ട് പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണെന്ന് ബോധ്യപ്പെടുകയും വിവരം തങ്കരാജിനെ അറിയിക്കുകയും ചെയ്തു. നോട്ട് പിടിച്ചുവാങ്ങി തങ്കരാജ് മുങ്ങി. മാറനല്ലൂര്‍ പോലീസ് അന്ന് പമ്പിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. കള്ളനോട്ട് കത്തിച്ച് കളഞ്ഞുവെന്ന് തങ്കരാജ് പോലീസിന് മൊഴി നല്കി. പത്താം തീയതി തങ്കരാജിന്റെ വീട്ടിലെത്തിയ പോലീസ് കള്ളനോട്ട് കത്തിച്ചുവെന്ന് പറയുന്ന സാമ്പില്‍ പരിശോധനക്ക് ശേഖരിച്ച് തങ്കരാജിനെ ചോദ്യം ചെയ്തു. എന്നാല്‍ തെളിവില്ലാത്തിതിനാല്തങ്കരാജിനെതിരെ കേസെടുക്കാനാവില്ലെന്നാണ് പോലീസിന്റെ വാദം.
ഇതിനിടയില്‍ മുന്‍പ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ തങ്കരാജ് പിടിക്കപ്പെട്ടിട്ടുണ്ടെന്നും സിപിഎം നേതാക്കള്‍ ഇടപെട്ട് ഇയാളെ രക്ഷപെടുത്തി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തില്‍ തങ്കരാജിനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ഉത്രാട തലേന്ന് മാറനല്ലൂരില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം എരുത്താവൂര്‍ ചന്ദ്രന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. തങ്കരാജിനെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി വന്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: