തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന് കീഴിലെ ബ്‌ളഡ് ബാങ്കുകളിലെ ജീവനക്കാര്‍ക്ക് 10 ദിവസത്തിനകം ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) ജനറൽ സെക്രട്ടറി വി. രഞ്ജിത്ത് കുമാർ കേന്ദ്ര മന്ത്രി ജെ പി നദ്ദക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.
ഡ്രൈവര്‍ മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ വരെ 170ല്‍ അധികം പേരുടെ ശമ്പളം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2021 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെ 2024 ജൂണ്‍ 21നാണ് ശമ്പളം വര്‍ധിപ്പിച്ചത്. എന്നാല്‍ കേരളം മാത്രം നടപ്പാക്കിയില്ല. ഇതേത്തുടര്‍ന്നാണ് ബിഎംഎസ് നിവേദനം നല്‍കിയത്.
10 ദിവസത്തിനകം ശമ്പള പരിഷ്‌കരണം നടപ്പാക്കിയ ശേഷം അക്കാര്യം നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിനെ അറിയിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. വിഷയം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ട ഇടപെടലുകൾ നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ് എന്നിവർക്ക് നന്ദി അറിയിക്കുന്നതായും രഞ്ജിത്ത് കുമാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: