തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയികളാരെന്ന് ഇന്ന് തീരുമാനിക്കപ്പെടാനിരിക്കെ ഇതുവരെയുള്ള പ്രകടനത്തില്‍ ഏറ്റവുമധികം വ്യക്തിഗത സ്കോറും റണ്ണുകളും സിക്സറുകളും നേടിയ വിഷ്ണു വിനോദിന്റെ ടീം കളിക്കളത്തിലില്ല. ആലപ്പി റിപ്പിള്‍സുമായി നടന്ന ആദ്യ മല്‍സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് നേടിയ 218/2 ആണ് മല്‍സരത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. സെമിയില്‍ കൊല്ലം സെയിലേഴ്സ് നേടിയ 210/2 സ്കോര്‍കാര്‍ഡില്‍ രണ്ടാമതുണ്ട്. ആദ്യ ഘട്ടത്തിലെ പത്തു മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലും വിജയിച്ച കൊല്ലം സെയ്‌ലേഴ്സിനെ ആദ്യം പരാജയപ്പെടുത്തിയതും കൊച്ചി ബ്ലൂ ടൈഗേഴ്സ് ആയിരുന്നു. പക്ഷേ, അവസാനഘട്ട പോയിന്റ് നിലയില്‍ ഏറ്റവും താഴെയായിപ്പോയ കൊച്ചിക്ക് സെമിയിലേക്കുപോലും പ്രവേശനം നേടാനാകാതെ പുറത്താകേണ്ടിവന്നുവെന്നതും കളിയിലെ കൗതുകമായി.
സെമി ഫൈനലില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനോട് പരാജയപ്പെട്ട ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിലെ മുന്‍നിര ബാറ്റ്സ്മാനായ വിഷ്ണു വിനോദിന്റെ വ്യക്തിഗത സ്കോര്‍ 139 ആണ്. 438 റണ്ണുകളുമായി ഈ വിഭാഗത്തിലും ഒന്നാമതുള്ള വിഷ്ണു വിനോദ് 38 സിക്സറുകളുമായാണ് കളിയില്‍ മിന്നിത്തിളങ്ങിയത്. റണ്ണുകളുടെ എണ്ണത്തിലും സിക്സറുകളുടെ എണ്ണത്തിലും രണ്ടാമതുള്ള സല്‍മാന്‍ നിസാറിന്റെ (യഥാക്രമം 431, 27) കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സും റണ്ണുകളുടെ എണ്ണത്തില്‍ മൂന്നാമതുള്ള (423) സച്ചിന്‍ ബേബി ക്യാപ്റ്റനായ കൊല്ലം സെയ്‌ലേഴ്സും ഫൈനലില്‍ പ്രവേശിച്ചതിനാല്‍ ഇന്നത്തെ കളിയോടെ ഈ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനം മാറിമറിയാനുള്ള സാധ്യത ഏറെയാണ്.
കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിലെ അഖില്‍ സ്കറിയ ആണ് ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയത്- 24 എണ്ണം. 19 വിക്കറ്റുമായി കൊല്ലം സെയ്‌ലേഴിന്റെ എന്‍.എം. ഷറഫുദ്ദീന്‍ തൊട്ടുപിന്നിലുണ്ട്. 10 വീതം ക്യാച്ചുകളെടുത്ത കൊല്ലം സെയ്‌ലേഴ്സിലെ വത്സല്‍ ഗോവിന്ദ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിലെ രോഹന്‍ കുന്നുമ്മേല്‍, സല്‍മാന്‍ നിസാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ നിലവില്‍ മുന്നിലുള്ളത്. ഇവര്‍ എല്ലാവരുംതന്നെ ഇന്ന് കളിക്കളത്തിലിറങ്ങുന്നതിലൂടെ ഫൈനല്‍ മല്‍സരങ്ങളില്‍ തീ പാറുമെന്നുറപ്പ്.
മല്‍സരത്തില്‍ ഇതുവരെ അഞ്ചു സെഞ്ച്വറികളാണ് പിറന്നത്. മല്‍സരത്തിന്റെ പത്താംദിവസം ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ ഐക്കണ്‍ താരവും ക്യാപ്റ്റനുമായ സച്ചിന്‍ബേബിയായിരുന്നു കേരള ക്രിക്കറ്റിലെതന്നെ ആദ്യത്തെ സെഞ്ച്വറി നേടിയത്. തുടര്‍ന്ന് തൃശൂരിന്റെ വിഷ്ണു വിനോദും കാലിക്കറ്റിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ആനന്ദ് കൃഷ്ണനും സെഞ്ച്വറി നേടി. ഇന്നലെ നടന്ന സെമി ഫൈനലില്‍ കൊല്ലം സെയ്‌ലേഴ്സിന്റെ അഭിഷേക് നായരും സെഞ്ച്വറി നേടി.
ഇന്നു വൈകിട്ട് 6.45നാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഫൈനൽ മൽസരം. സ്റ്റാർ സ്‌പോർട്‌സ് ഒന്നിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലും മൽസരങ്ങൾ തൽസമയം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: