ന്യൂദൽഹി : ദൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷിയെ നിയമിച്ച എഎപിയുടെ തീരുമാനത്തെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ദൽഹിയിലെ പൊതുജനങ്ങൾ ആം ആദ്മി സർക്കാരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശക്തമായി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.
എഎപി സർക്കാരിൽ ദൽഹിയിലെ പൊതുജനങ്ങൾ വളരെ വിഷമത്തിലാണ്. അവർ അതിൽ ഖേദിക്കുന്നു. കള്ളം പറഞ്ഞ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെജ്‌രിവാൾ ദൽഹിയെ നശിപ്പിച്ചുവെന്ന് റിജിജു പറഞ്ഞു. കൂടാതെ അതിഷിയുടെ കുടുംബപ്പേര് സൂചിപ്പിക്കുന്നത് അവർ ഒരു ഇടതുപക്ഷക്കാരിയാണെന്നാണ്. അതിഷിയുടെ കുടുംബാംഗങ്ങൾ അഫ്സൽ ഗുരുവിനെ പിന്തുണക്കുകയും സുപ്രീം കോടതിയെ വിമർശിക്കുകയും ചെയ്തവരാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ എഎപി ദൽഹിയെ നശിപ്പിച്ചു. ഇപ്പോൾ അവർ പഞ്ചാബിനെയും നശിപ്പിക്കുകയാണ്. ഇത്തരം അരാജകവാദികളെ തിരഞ്ഞെടുത്തതിലൂടെ ദൽഹിയിലെ പൊതുസമൂഹം വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിജിജുവിന് പുറമെ ബിജെപി എംപി ബൻസുരി സ്വരാജ് എഎപി സർക്കാരിനെ പരിഹസിച്ചു. കഴിഞ്ഞ ദശാബ്ദമായി ഇവിടെ എഎപി സർക്കാരുണ്ടായത് ദൽഹിയുടെ ദൗർഭാഗ്യമാണെന്ന് ബൻസുരി പറഞ്ഞു. എഎപി സർക്കാർ അധികാരത്തിൽ ഉള്ളത് ദൽഹിയുടെ വികസനത്തിന് തടസമാണ്. അതേ സമയം ദൽഹിയുടെ വികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ വളരെ പ്രധാനമാണെന്ന് സ്വരാജ് പറഞ്ഞു.
ബിജെപി എംപി രാംവീർ സിംഗ് ബിധുരിയും എഎപിയെ നിശിതമായി വിമർശിച്ചു. ദൽഹിയുടെ സ്ഥിതി വളരെ മോശമാണ്. ജനങ്ങൾക്ക് കുടിവെള്ളമില്ല, റോഡുകൾ തകർന്നു, പൊതുഗതാഗത സംവിധാനം തകർന്നിരിക്കുന്നു. അതിഷി മുഖ്യമന്ത്രിയാകുമ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
നേരത്തെ ദൽഹി മുഖ്യമന്ത്രിയുടെ പുതിയ മുഖമായി അതിഷിയെ തിരഞ്ഞെടുത്തതിന് എഎപി സർക്കാരിനെതിരെ ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ലയും വിമർശിച്ചിരുന്നു. നിർഭാഗ്യവശാൽ ആദ്യം ദൽഹിയിൽ ഒരു ജയിൽവാല മുഖ്യമന്ത്രി ഉണ്ടായിരുന്നു, അദ്ദേഹം ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുകയും ‘ബെയിൽവാല’ ആകുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. കൂടാതെ അതിഷിയുടെ കൈവശമുള്ള എല്ലാ വകുപ്പുകളിലും അഴിമതികൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
2001ലെ പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ റദ്ദാക്കാൻ ദൽഹി മന്ത്രി അതിഷിയുടെ മാതാപിതാക്കൾ ദയാഹർജി നൽകിയെന്ന് രാജ്യസഭാ എംപി സ്വാതി മലിവാൾ നേരത്തെ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: