Entertainment

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അട്ടിമറിച്ചെന്ന് ഉണ്ണി ശിവപാല്‍, ശരിവച്ച് വിനയന്‍, നിഷേധിച്ച് ഉണ്ണികൃഷ്ണന്‍

മുഴുവന്‍ തെളിവുകളുമായി ഉണ്ണി ശിവപാല്‍ മുന്നോട്ട് വരണമെന്നും ചെലവുകുറഞ്ഞ സിനിമ ടിക്കറ്റിംഗ് ആപ്പുമായും ഫെഫ്കയുമായും എന്താണ് ബന്ധമെന്നും ഉണ്ണികൃഷ്ണന്‍

Published by

കൊച്ചി: സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനാണ് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അട്ടിമറിച്ചതെന്ന് ആരോപിച്ച് നടനും സംവിധായകനുമായ ഉണ്ണി ശിവപാല്‍. കുറഞ്ഞ ചെലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വന്‍കിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണന്‍ അട്ടിമറിച്ചെന്നാണ് ഫെഫ്ക അംഗമായ ഉണ്ണി ശിവപാല്‍ ആരോപിച്ചത്.

ഉണ്ണി ശിവപാലിന്റെ ഐനെറ്റ് വിഷന്‍ എന്ന കമ്പനിയായിരുന്നു കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. ബി ഉണ്ണികൃഷ്ണന്റെ അട്ടിമറിക്ക് തെളിവുകള്‍ പുറത്തു വിടാന്‍ തയാറാണെന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു. സര്‍ക്കാര്‍ അപ്ലിക്കേഷനില്‍ സിനിമ ബുക്ക് ചെയ്യാന്‍ സര്‍വീസ് ചാര്‍ജ് ആയി 10 രൂപ മാത്രമായിരുന്നു വേണ്ടിയിരുനന്നത്. ഇതില്‍ അഞ്ച് രൂപ ക്ഷേമനിധിയിലേക്കും അഞ്ച് രൂപ തിയറ്റര്‍ ഉടമകള്‍ക്കുമായിരുന്നു.

കുറഞ്ഞ ടെണ്ടര്‍ തുക മുന്നോട്ട് വച്ചിട്ടും തന്റെ കമ്പനിയെ ഒഴിവാക്കിയെന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ വന്‍ ഇടപെടലുകള്‍ നടത്തി പദ്ധതിയെ അട്ടിമറിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍.നികുതി വെട്ടിപ്പ് പൂര്‍ണമായി തടയാന്‍ ഉപകരിക്കുന്ന സംവിധാനമായിരുന്നു സര്‍ക്കാരിന്റെ സിനിമ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷന്‍.

അതേസമയം ബി ഉണ്ണികൃഷ്ണന്‍ ആരോപണം നിഷേധിച്ചു. നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഴുവന്‍ തെളിവുകളുമായി ഉണ്ണി ശിവപാല്‍ മുന്നോട്ട് വരണമെന്നും ചെലവുകുറഞ്ഞ സിനിമ ടിക്കറ്റിംഗ് ആപ്പുമായും ഫെഫ്കയുമായും എന്താണ് ബന്ധമെന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

സര്‍ക്കാര്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്യുന്നുണ്ടെന്ന് അറിയാം.അതിന്റെ ഭാഗമായി ഒരുവര്‍ഷം മുന്നേ നടന്ന പരീക്ഷണം മൂന്ന് തീയറ്ററുകളിലായി ഷാജി എന്‍ കരുണ്‍ നടത്തി. സര്‍ക്കാരും കെല്‍ട്രോണും ചേര്‍ന്നായിരുന്നു അന്ന് ആ സംവിധാനം ചെയ്തിരുന്നത്.അതില്‍ എങ്ങിനെയാണ് മറ്റൊരു സ്വകാര്യ കമ്പനിക്ക് പങ്കെന്ന് അറിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കുറെ നാള്‍ മുന്നേ നടന്ന സംഭവം ഉണ്ണിശിവപാല്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ പറയുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗണേഷ്‌കുമാര്‍ മന്ത്രി ആയിരിക്കവെ അദ്ദേഹത്തെ സ്വാധീനിച്ചുവെന്ന വാര്‍ത്തയും ബി ഉണ്ണികൃഷ്ണന്‍ തള്ളി.

എന്നാല്‍ ഉണ്ണി ശിവപാലിന്റെ ആരോപണം സംവിധായകന്‍ വിനയന്‍ ശരിവെച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പുറമേ മറ്റ് ചിലരും ഇ ടിക്കറ്റിങ് അട്ടിമറിക്ക് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണന്റെ ഇടപെടല്‍ സംബന്ധിച്ച് ഉണ്ണി ശിവപാല്‍ തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്നും വിനയന്‍ വെളിപ്പെടുത്തി.

അട്ടിമറിക്ക് പിന്നില്‍ ആരൊക്കെയാണെന്ന് അന്വേഷിക്കണം. സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ജനങ്ങള്‍ക്ക് ഒരു ടിക്കറ്റില്‍ വലിയ തുകയുടെ കുറവ് ഉണ്ടാകുമായിരുന്നുവെന്നും വിനയന്‍ ചൂണ്ടിക്കാട്ടി. എന്തു വൃത്തികേട് കാണിക്കാനും സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നയാളാണ് ബി ഉണ്ണികൃഷ്ണനെന്നും വിനയന്‍ പറഞ്ഞു.

.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക