വയലാറിനെയാണ് എപ്പോഴും നമ്മള്‍ മലയാളികള്‍ മലയാള ചലച്ചിത്രഗാനത്തിന്റെ അമരക്കാരനായി സാധാരണ സങ്കല്‍പിക്കുക. പക്ഷെ കൂടുതല്‍ അറിയുമ്പോഴാണ് വയലാറിന്‍റേതെന്ന് നമ്മള്‍ സങ്കല്‍പിച്ചിരുന്ന പല ഗാനങ്ങളും പി. ഭാസ്കരന്‍റേതാണെന്ന് അറിയുക.
അക്കൂട്ടത്തില്‍പ്പെട്ട മലയാളി എക്കാലവും കൊണ്ട് ഒരു അനശ്വരപ്രണയഗാനമാണ് , പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടൂകാരന്‍ എന്ന ഗാനം. പ്രണയത്തിന്റെ നിത്യസ്മാരകമായ ഈ ഗാനം 70കളിലും 80കളിലും 90കളിലും ഒക്കെയുള്ള തലമുറകള്‍ എന്നും ജീവിതത്തില്‍ കൂടെക്കൊണ്ടു നടന്ന ഗാനമാണ്.
തീവ്രാനുരാഗം നിറച്ച, ഭാവനാസമ്പന്നമായ ഈ വരികള്‍ വയലാറിന്റെ ഗാനങ്ങളാണെന്നാണ് പലരും ധരിച്ചുവശായിരുന്നതെങ്കിലും ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് പി.ഭാസ്കരനാണ്. അവയെ മരണമില്ലാത്ത ഈണങ്ങളാക്കി മാറ്റിയതാകട്ടെ എം.എസ്. ബാബുരാജും.
പാമരനായ പാട്ടുകാരന്‍
പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ എന്ന ഗാനം പരീക്ഷ എന്ന സിനിമയിലേതാണ്. യേശുദാസ് ആലപിച്ച ഈ ഗാനം സംഗീതം ചെയ്തത് എം.എസ്. ബാബുരാജ്. സിന്ധു ഭൈരവി രാഗത്തിലാണ് ഈ ഗാനം ബാബുരാജ് ചിട്ടപ്പെടുത്തിയത്. മലയാളിക്ക് ഗസലിന്റെ ലഹരി പരിചയപ്പെടുത്തിയ ഗായകനാണ് ബാബുരാജ്. ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയർ ആസ്വദിച്ചത് എം.എസ്. ബാബുരാജ് എന്ന ഈ സംഗീതസംവിധായകനിലൂടെയാണെന്ന് പറയാം. ആ ഗസല്‍ സ്വഭാവം ഈ പ്രണയഗാനത്തില്‍ ഉണ്ട്. സിന്ധുഭൈരവി എന്ന രാഗം കര്‍ണ്ണാടകസംഗീതത്തിലേതുപോലെ ഹിന്ദുസ്ഥാനിയിലും ഉപയോഗിക്കുന്നു.
ഇതില്‍ കാമുകനെ പാമരനായ പാട്ടുകാരനായി അവതരിപ്പിച്ചതോടെയാണ് സാധാരണക്കാരായ കാമുകര്‍ ഈ ഗാനം ഏറ്റെടുത്തത്. അനശ്വരമായ പ്രണയത്തിന്റെ ഉടമയാകാന്‍ പാമരനായ ഗായകനും സാധിക്കുമെന്ന തിരിച്ചറിവിലൂടെ മലയാളികളായ സാധാരണക്കാര്‍ മുഴുവന്‍ ഈ ഗാനം ഏറ്റെടുത്തു. കാമുകിക്ക് തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഉയര്‍ത്താനും കാമുകിയെ മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ കൊണ്ടുപോകാനും പാവപ്പെട്ട കാമുകനും സാധിക്കുമെന്ന് പി.ഭാസ്കരന്‍ മാസ്റ്റര്‍ എഴുതിയും ഈ ഗാനത്തിന്റെ ജനപ്രീതിക്ക് കാരണമായി.
അനശ്വര പ്രേമസങ്കല്‍പം
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ എന്ന് കാമുകിയോട് അഭ്യര്‍ത്ഥിക്കുമ്പോള്‍ അനശ്വരപ്രേമത്തിലേക്കാണ് കാമുകിയെ എഴുത്തുകാരന്‍ ക്ഷണിക്കുന്നത്. ഈ അനശ്വരപ്രേമസങ്കല്‍പവും മലയാളിയുടെ പ്രണയഭാവനയ്‌ക്ക് പുതുമയാര്‍ന്ന അനുഭവമായി.
പി.ഭാസ്കരന്‍-ബാബുരാജ് ടീം
ബാബുരാജ് ഈണമിട്ട ഗാനങ്ങൾ അധികവും രചിച്ചത് പി. ഭാസ്കരനാണ്. വയലാർ-ദേവരാജൻ ടീം പോലെ വളരെ പ്രസിദ്ധമായിരുന്നു ഭാസ്കരൻ-ബാബുരാജ് ടീമും. കര്‍ണ്ണാടകസംഗീതത്തിലെ രാഗങ്ങളെ വരെ ഉപയോഗിച്ച് ഗസല്‍ ശൈലിയില്‍ അവിസ്മരണീയ ഗാനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബാബുരാജ്. ഗസലിന്റെ രീതികളില്‍ അനശ്വര പ്രണയസങ്കല്‍പങ്ങളെക്കുറിച്ച് ഊഷ്മളമായ വരികളും പി.ഭാസ്കരന്‍ കുറിച്ചു. ഇതു രണ്ടും ചേര്‍ന്നൊഴുകിയപ്പോഴാണ് മലയാളം ഗസല്‍ ഗാനശാഖ തന്നെ പിറന്നത്. 250 സിനിമകളില്‍ നിന്നായി 3000 ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതിര്‍ന്നു വീണിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: