ന്യൂദൽഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി ഒരാൾ എത്രതവണ കോടതി കയറിയിറങ്ങണമെന്ന് ചോദിച്ച സുപ്രീംകോടതി ഒരാഴ്ചയ്‌ക്കുള്ളിൽ വിചാരണകോടതി ജാമ്യം നൽകണമെന്നും നിർദേശിച്ചു.
കേസിന്റെ വിചാരണ ഏറെ നാളായി നീണ്ടുപോകുന്നെന്ന് കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്. സാക്ഷികളെ ഇത്രയും ദിവസം ക്രോസ് വിസ്താരം ചെയ്തത് എന്തിനെന്ന് സുപ്രീംകോടതി ചോദിച്ചു.
ദിലീപിന്റെ അഭിഭാഷകന്‍ പല സാക്ഷികളെയും ക്രോസ് വിസ്താരം ചെയ്യുന്നത് നീണ്ടുപോകുകയാണ്. 85 ദിവസം വരെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ക്രോസ് വിസ്താരം ചെയ്തതെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അടക്കം എതിര്‍പ്പ് തള്ളിക്കൊണ്ടാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: