ഗാന്ധിനഗര്‍: ഇന്നത്തെ ഭാരതം അടുത്ത ആയിരം വര്‍ഷത്തേക്കുള്ള തയാറെടുപ്പിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസ്ഥിരമായ ഒരു ഊര്‍ജപാത കെട്ടിപ്പടുക്കാന്‍ ഭാരതം തീരുമാനിച്ചിട്ടുണ്ട്. ഭാവി സുരക്ഷിതമാക്കാനായി സൗരോര്‍ജം, കാറ്റ്, ആണവ, ജലശക്തി തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഗാന്ധിഗനറില്‍ നാലാമത് ആഗോള റിന്യൂവബിള്‍ എനര്‍ജി ഇന്‍വസ്‌റ്റേഴ്‌സ് മീറ്റില്‍ (റി ഇന്‍വെസ്റ്റ്) സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നമ്മുടെ ലക്ഷ്യം മുകളിലെത്തുകയല്ല, മുകളില്‍ത്തന്നെ തുടരുകയെന്നതാണ്. ഇന്ന് ഭാരതീയര്‍ മാത്രമല്ല ലോകം മുഴുവന്‍ ഭാരതത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മികച്ച സാധ്യതകളുള്ള രാഷ്‌ട്രമായി കാണുന്നു. ഈ മാസം ആദ്യം ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു. അതിന് ശേഷം ആദ്യത്തെ സോളാര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെല്ലാം പങ്കെടുത്തു. പിന്നീട് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ളവര്‍ ഗ്ലോബല്‍ സെമികണ്ടക്ടര്‍ സമ്മിറ്റിന്റെ ഭാഗമായി. ഇപ്പോള്‍ ഗ്രീന്‍ എനര്‍ജിയുടെ ഭാവി ചര്‍ച്ച ചെയ്യാനായി നാം ഒത്തുകൂടിയിരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ക്ക് എണ്ണയുടെയോ വാതകത്തിന്റെയോ ശേഖരമില്ല, ഞങ്ങള്‍ ഊര്‍ജ ഉത്പാദകരല്ല. അതുകൊണ്ടു തന്നെ ഭാവി സുരക്ഷിതമാക്കുവാന്‍ സൗരോര്‍ജം, കാറ്റ്, ആണവ, ജലശക്തി തുടങ്ങിയവയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സുസ്ഥിരമായ ഒരു ഊര്‍ജപാത കെട്ടിപ്പടുക്കാന്‍ ഭാരതം തീരുമാനിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2030ഓടെ 5000 ജിഗാവാട്ട് എന്ന നേട്ടം കൈവരിക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. ജി 20 രാജ്യങ്ങളില്‍ ഞങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നു. മുമ്പ് വികസിത രാജ്യമായി കാണാന്‍ കഴിയാതിരുന്ന ഭാരതം ഇന്ന് വികസ്വര രാജ്യമെന്ന നിലയില്‍ മാതൃകയാവുകയാണ്.
റി ഇന്‍വെസ്റ്റ് എന്നത് ഒറ്റപ്പെട്ട ഒന്നല്ല. ഭാരതത്തെ ഒരു വലിയ രാഷ്‌ട്രമാക്കാനുള്ള കാഴ്ചപ്പാടിന്റെയും പദ്ധതികളുടെയും ഭാഗമാണ്, അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ കുമാര്‍ യാദവ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: