തിരുവനന്തപുരം: ഫ്ളാറ്റിന്റെ സ്ക്വയര്‍ ഫീറ്റിനു തുല്യമായ ഭൂമിയ്ക്ക് അവകാശം ലഭിക്കുന്ന വിധത്തില്‍ തണ്ടപ്പേര് നല്കാന് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍. ഫ്ളാറ്റുകളില്‍ താമസിക്കുന്നവരുടെ ഭൂമിക്ക് ആനുപാതികമായി കരം അടയ്ക്കാന്‍ കഴിയണമെന്ന ആവശ്യം നിലനില്‍ക്കുകയാണ്. സമുച്ചയത്തിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഉടമസ്ഥതാവകാശം ലഭിക്കുമെങ്കിലും നിലവില്‍ തണ്ടപ്പേര് ലഭിക്കില്ല. ഈ സാഹചര്യത്തില്‍ അണ് ഡിവൈഡഡ് ഷെയര്‍ എന്ന ആശയത്തില്‍ സ്ക്വയര്‍ ഫീറ്റിനു തുല്യമായ ഭൂമിയ്ക്ക് അവകാശം ലഭിക്കും വിധം തണ്ടപ്പേര് നല്‍കാനാണ് നീക്കം.
രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ റെലിസ്, സര്‍വേ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ ഒക്ടോബറില്‍ നിലവില്‍ വരുമെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണകള്‍, തട്ടിപ്പുകള്‍ എന്നിവ ഒഴിവാക്കുന്നതിന് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ വഴി സാധിക്കും. രജിസ്ട്രേഷന് സമയത്ത് തന്നെ ഭൂമിയുടെ പോക്കുവരവിന്റെ സാധ്യതകളും ലൊക്കേഷന്‍ സ്കെച്ചും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനത്തിലൂടെ രജിസ്ട്രേഷന് ഒരു കരാര്‍ മാത്രമല്ല റവന്യൂ, സര്‍വേ വകുപ്പുകളെ കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാക്കി മാറ്റുകയാണ് . ഇന്ത്യക്ക് പുറത്തുള്ള പത്ത് രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികളായ മലയാളികള്‍ക്ക് കേരളത്തിലുള്ള ഭൂമിക്ക് ഓണ്‍ലൈനായി കരം അടയ്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഇ ബാങ്കിംഗിന്റെയും ഇ ട്രഷറിയുടെയും സൗകര്യം ഉപയോഗിച്ച് സമ്പൂര്‍ണമായി റവന്യൂ വകുപ്പിനെ ഡിജിറ്റലാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: