കൊല്‍ക്കൊത്ത: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ക്കാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. നുണകള്‍ കൊണ്ട് കോട്ടകെട്ടി രക്ഷപ്പെടുന്ന മമത ബാനര്‍ജിയുടെ സ്ഥിരം പരിപാടി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മുന്പില് വിലപ്പോയില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി കഴിഞ്ഞ ഒരാഴ്ചയായി കാത്തിരിക്കുന്ന മമത ബാനര്‍ജിയ്ക്ക് മുന്‍പിലേക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇതുവരെ പോയിട്ടില്ല. കുറഞ്ഞത് 30 പേര്‍ക്കെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് മമത ബാനര്‍ജി പറഞ്ഞപ്പോള്‍ അതിന് കഴിയില്ലെന്നും 15 പേരെ മാത്രമേ അനുവദിക്കാന്‍ സാധിക്കൂ എന്നും മമത നിലപാടെടുത്തതോടെ ചര്‍ച്ച നടന്നിട്ടില്ല.
ഇപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ലൈവായി സമൂഹമാധ്യമങ്ങളില്‍ കാണിക്കണമെന്ന പുതിയൊരു ആവശ്യം കൂടി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്. അത് പറ്റില്ലെന്ന് മമത വാശിപിടിച്ചതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ച നീളുകയാണ്. “ഞങ്ങള്‍ മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ച എല്ലാവരും കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷെ അതിന് അവര്‍ തയ്യാറല്ല. “- സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടറായ അനുരാഗ് മണ്ഡല് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗുണ്ടകളെ വിട്ട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന് കൂടുതല്‍ തിരിച്ചടിയായിട്ടുണ്ട്. കാരണം ഇതിന്റെ വീഡിയോകള്‍ ജനരോഷം ആളിക്കത്തിക്കുകയാണ്.
Our fight will continue undeterred, till our sister Tilottama gets justice.. https://t.co/o6CNw1MX0f
— Dr.Indranil Khan (@IndranilKhan) September 13, 2024
അതിനിടെ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടറും ബംഗാളിലെ ബിജെവൈഎം പ്രസിഡന്റുമായ ഇന്ദ്രാനില്‍ ഖാന് തന്റെ രക്തം ഉപയോഗിച്ച് പോസ്റ്റര്‍ എഴുതിയത് മമതയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. രക്തം ഉപയോഗിച്ച് “ഞങ്ങള്‍ക്ക് നീതി വേണം” എന്നാണ് ഇന്ദ്രാനില്‍ ഖാന് പോസ്റ്റര്‍ എഴുതിയത്. ഇന്ദ്രാനില്‍ ഖാന് ഈ പോസ്റ്റര്‍ എഴുതുന്നതിന്റെയും ഇന്ദ്രാനില്‍ ഖാന്റെ ശരീരത്തില്‍ നിന്നും രക്തമെടുക്കുന്നതിന്റെയും വീഡിയോ വൈറലാണ്.
രാജിവെയ്ക്കാന്‍ ഒരുക്കമാണെന്ന് മമത ബാനര്‍ജി
താന്‍ രാജിവെയ്ക്കാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞതായി സമൂഹമാധ്യമവാര്ത്താസൈറ്റായ ട്രൂക്ലൊ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ ഒരു മൂലയില്‍ നിന്നുപോലും പിന്തുണ കിട്ടാതെ മമത ബാനര്‍ജി തളര്ന്നുതുടങ്ങിയതിന്റെ സൂചനയാണിത്. ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ബലാത്സംഗവും അത് മറച്ചുപിടിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനെ പിന്തുണച്ചതും ബംഗാളില്‍ ഇന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാമെന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിരോധത്തിലാണ്. സാധാരണ എന്ത് പ്രശ്നത്തിനും ഉറക്കെ മറുപടി പറയുന്ന തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രിയാനും മഹുവ മൊയ്ത്രയും ഈ പ്രശ്നത്തില്‍ മൗനം പാലിക്കുകയാണ്.
ബംഗാളിലെ സാംസ്കാരിക പ്രവര്‍ത്തകരും സിനിമക്കാരും സാമൂഹ്യപ്രവര്‍ത്തകരും സൗരവ് ഗാംഗുലിയെപ്പോലുള്ള പ്രമുഖ വ്യക്തികളും ഈ പ്രശ്നത്തില്‍ മമതയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. മമതയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസും മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: