Mollywood

വിവാദങ്ങളുടെ ‘വാട്ടര്‍ ബോംബ് ‘ തുറന്നുവിട്ട ‘ഡാം 999 ‘ തീയേറ്ററില്‍ എത്തുന്നു: മുല്ലപ്പെരിയാര്‍ ഡാമിന്റെ മാത്രം കഥയല്ലന്ന് ഡോ. സോഹന്‍ റോയി

Published by

തിരുവനന്തപുരം: ഒരു സിനിമയുടെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റു  രണ്ടു ദിവസം തടസ്സപ്പെടുക. രണ്ടു സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടച്ചു പരസ്പരം പോരാടുക. പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ സ്വയം ഒഴുകിയെത്തുക. സുപ്രീം കോടതി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനം തുടരുക. സിനിമാ സംഘടനകള്‍ വഴി പോസ്റ്റര്‍ പോലും പതിയ്‌ക്കാന്‍ സമ്മതിയ്‌ക്കാതിരിക്കുക. പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടു വന്ന തീയറ്ററുകളോട് കിട്ടിയ തുക മുഴുവന്‍ ഫൈന്‍ ആയി അടയ്‌ക്കാന്‍ പറഞ്ഞത് പ്രദര്‍ശനം നിര്‍ത്തിയ്‌ക്കുക, മലയാളികള്‍ നെഞ്ചിലേറ്റിയ, ഓസ്‌കാറിന്റെ പടിവാതില്‍ കണ്ട ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം മലയാളം ചാനലുകള്‍ പോലും എടുക്കാതിരിപ്പിക്കുക.  റേറ്റിംഗ് തകര്‍ക്കാന്‍ നൂറു കണക്കിന് സൈബര്‍ പോരാളികളെ ഇറക്കുക. ഒരു സിനിമയെ ഇങ്ങനെ നിഷ്ഠൂരമായി അരുംകൊല കൊല ചെയ്ത സംഭവം ലോക സിനിമാചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ല. ആ സിനിമയുടെ പേരാണ് ‘ഡാം 999 ‘

മലയാളിയായ ഡോ. സോഹന്‍ റോയിയുടെ സംവിധാനത്തില്‍, 2011 ല്‍ പുറത്തിറങ്ങിയ ‘ഡാം 999 ‘  തീയേറ്ററില്‍ എത്തുന്നു. ഡിസംബറില്‍ ക്രിസ്മസ് റിലീസായി 4 കെ ഫോമാറ്റില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഏരീസ് തീയേറ്റര്‍ ശ്യംഖലയുടെ ഉടമ കൂടിയായ സോഹന്‍ റോയി ‘ജന്മഭൂമി’യോട് പറഞ്ഞു.
‘ഇത് മുല്ലപ്പെരിയാര്‍ ഡാമിന്റെ മാത്രം കഥയല്ല. സംസ്ഥാനത്തെ എല്ലാ ‘അഴിമതി’ഡാമുകളുടേയും കഥയാണ്. 81 ഡാമുകളാണ് കേരളത്തിലുള്ളത്. അഴിമതിയുടെ കറപുരണ്ട ഡാമുകളാണ് എല്ലാം. കോണ്‍ക്രീറ്റ് നിര്‍മ്മിതികളുടെ ആയുസ്സ് 50-60 വര്‍ഷമാണ്. 50 വര്‍ഷത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഡാമിന് നാശം സംഭവിക്കാം.1895ല്‍ പണി കഴിഞ്ഞ മുല്ലപ്പെരിയര്‍ ഡാമിന് ഇപ്പോള്‍ 125 വര്‍ഷം പഴക്കം.മലയാളി എന്തുകൊണ്ട് ഇത് മനസ്സിലാക്കുന്നില്ല.’ ഇതെ കുറിച്ചുള്ള മുന്നറിയിപ്പാണ് ‘ഡാം 999 ‘ തിരക്കഥകൃത്തുകൂടിയായ സോഹന്‍ റോയി പറഞ്ഞു.

സിനിമ പുറത്തിറങ്ങിയതു തന്നെ വിവാദങ്ങളുടെ ഒരു ‘വാട്ടര്‍ ബോംബ് ‘ തുറന്നുവിട്ടുകൊണ്ടാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മടിത്തട്ടില്‍ തല വച്ച് കിടന്നുറങ്ങുന്ന മധ്യകേരളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, ലോകമെമ്പാടുമുള്ള മലയാളികളുടെ മുഴുവന്‍ ഉറക്കവും നഷ്ടപ്പെടുത്തിയിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഈ സിനിമയിലെ രംഗങ്ങളിലൂടെ, അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ച മനുഷ്യ സ്‌നേഹികള്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍, സിനിമയുടെ പ്രദര്‍ശനം തന്നെ നിരോധിക്കുകയായിരുന്നു തമിഴ്‌നാട് ചെയ്തത്.

രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്‌ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം തുടരുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘര്‍ഷങ്ങള്‍ അന്ന് ഉണ്ടായി. തുടര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തീയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവന്നു.

‘ഡാം 999 ‘ ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘ഡാം 999 ‘ കേരളത്തിലും പ്രദര്‍ശനത്ിനെടുക്കാന്‍ തീയേറ്റര്‍ ഉടമകള്‍ മടിച്ചു. ആ സാഹചര്യത്തിലാണ് 13 വര്‍ഷത്തിനു ശേഷം 4 കെ സംവിധാനത്തില്‍ സിനിമ റിലീസാകുന്നത്.ഒട്ടനവധി പ്രത്യേകതകളോടെയാണ് ‘ഡാം 999 ‘ റിലീസിംഗിന് തയ്യാറെടുത്തത്. പതിനാറ് ദേശീയ പുരസ്‌കാര ജേതാക്കള്‍ അണിനിരന്ന സിനിമ, 2ഡി യില്‍ നിന്ന് 3ഡി യിലേക്കുള്ള ‘കണ്‍വേര്‍ഷന്‍ ടെക്‌നോളജി’ പ്രവര്‍ത്തികമാക്കിയ ആദ്യ ഇന്ത്യന്‍ സിനിമ, ഒരേസമയം അഞ്ച് ഭാഷകളില്‍ ലോകവ്യാപകമായി റിലീസ് ചെയ്ത സിനിമ, അന്നുവരെ ലോകസിനിമകളില്‍ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കപ്പലില്‍ ചിത്രീകരിക്കപ്പെട്ട സിനിമ, ഇന്ത്യയില്‍ വാട്ടര്‍ ഗ്രാഫിക്‌സ് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയ ആദ്യ സിനിമ, ഹോളിവുഡ് ഫോര്‍മാറ്റില്‍ നിര്‍മ്മിയ്‌ക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സിനിമ, ലോക പ്രശസ്ത നിര്‍മ്മാണവിതരണക്കമ്പനി ‘വാര്‍ണര്‍ ബ്രോസ്’ വിതരണം ചെയ്യുന്ന സിനിമ, ഇറങ്ങുന്നതിന് മുന്‍പേ ഒരു സംസ്ഥാനത്ത് നിരോധിക്കപ്പെട്ട സിനിമ, തിലകന്‍ വിവാദവും മുല്ലപ്പെരിയാറും ചേര്‍ന്ന് വാര്‍ത്തകളിലൂടെ സൂപ്പര്‍ ഹിറ്റ് ആക്കിയ സിനിമ, തുടങ്ങി റിലീസിംഗിനും കിട്ടി പുതുമകള്‍ കൊണ്ടും വിവാദങ്ങള്‍ കൊണ്ടും നിറഞ്ഞ ‘ഒന്‍പത് ‘ പ്രത്യേകതകള്‍.

റിലീസിന് ശേഷം, പുരസ്‌കാരങ്ങളുടെ എണ്ണത്തിലും ചിത്രം ‘സൂപ്പര്‍ ഹിറ്റാ’യിരുന്നു.ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ നേടിയത് കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് 12 ക്യാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഡാം 999.
2013 ല്‍ തന്നെ നടന്ന സിനിറോക്കോം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ‘ബെസ്റ്റ് ഡയറക്ടര്‍ ‘, ‘ബെസ്റ്റ് ഫീച്ചര്‍ ഫിലിം’ എന്നീ അവാര്‍ഡുകള്‍ ;ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ഹെല്‍ത്ത് & കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ നിന്ന് ‘സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ‘, ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം’, ‘ബെസ്റ്റ് മൂവി ഓഫ് ഫെസ്റ്റിവല്‍ ‘ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍ ; സാംഗ്ലി ഫിലിംഫെസ്റ്റിവലിലെ ‘ബെസ്റ്റ് ഇംഗ്ലീഷ് ഫിലിം അവാര്‍ഡ് ‘, തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ‘ഡാം 999’ ആ വര്‍ഷം നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിലെ ‘ആന്റിഗ്വ & ബാര്‍ബുദ ‘ ഫിലിം ഫെസ്റ്റിവലില്‍ വച്ച് ‘ജഡ്ജസ് ഫേവറിറ്റ് ‘ പുരസ്‌കാരത്തിനും ഈ ചിത്രം അര്‍ഹമാവുകയും, തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകനായ സോഹന്‍ റോയിയെ പ്രത്യേക പുരസ്‌കാരം നല്‍കി സംഘാടകര്‍ ആദരിക്കുകയും ചെയ്തിരുന്നു.

വിശ്വ പ്രസിദ്ധമായ ടെഹ്‌റാന്‍ ഫിലിം ഫെസ്റ്റിവല്‍, ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മലേഷ്യയിലെ കോലാലംപൂര്‍ എക്കോ ഫിലിം ഫെസ്റ്റിവല്‍, അമേരിക്കയിലെ ചെയിന്‍  ഫിലിം ഫെസ്റ്റിവല്‍, ലൂയിസ്വില്ലി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ട്രിനിറ്റി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലാഫ്‌ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഇറ്റലിയിലെ സാലെന്റ്‌റോ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നൂറ്റിമുപ്പതോളം അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കാലിഫോര്‍ണിയയിലെ പ്രശസ്തമായ ഗ്ലോബല്‍ മ്യൂസിക്ക് അവാര്‍ഡും കരസ്ഥമാക്കി.

ജനങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുന്ന അണക്കെട്ടുകള്‍ക്ക്, അവരുടെ ജീവന്റെ വെളിച്ചം എന്നെന്നേയ്‌ക്കുമായി അണയ്‌ക്കുവാനുള്ള ശക്തിയുമുണ്ടെന്ന് ഡോ. സോഹന്‍ റോയിയോട്പറഞ്ഞത് ചരിത്രങ്ങളാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ചില്‍ 2,50,000 ആളുകളെയാണ് ചൈനയിലെ ബാങ്കിയ ഡാം കൊന്നൊടുക്കിയത്. ലോകത്തിലെ തന്നെ പഴക്കം ചെന്ന ഡാമുകളിലെ ഏറ്റവും ഉയരം കൂടുതലുള്ള അണക്കെട്ട് മുല്ലപെരിയാറിന്, ബാങ്കിയ ഡാമിന്റെ ഏഴ് ഇരട്ടി ഉയരമുണ്ട് എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് അതില്‍ ജലത്തിനൊപ്പം സംഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭീതിയുടെ ആഴം വ്യക്തമാവുക. വികാരങ്ങളും വിചാരങ്ങളുമുള്ള ഏതൊരു മനുഷ്യനേയുമെന്ന പോലെ സോഹന്‍ റോയിയേയും ഇരുത്തി ചിന്തിപ്പിച്ചതും ഇതായിരുന്നു. തുടര്‍ന്ന് ഡോക്യൂമെന്ററി ചിത്രീകരിച്ച്, തന്റെ ആശങ്കകള്‍ അദ്ദേഹം ജനങ്ങളുമായി പങ്കുവച്ചു. തൊട്ടടുത്ത മാസം ഹോളിവുഡില്‍ നടന്ന ലോസ് ആഞ്ചലസ് മൂവി ഫെസ്റ്റിവല്‍, മൂവി അവാര്‍ഡ്‌സ്, എന്നീ സിനിമാ മേളകളില്‍ നിന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഈ ഹ്രസ്വചിത്രം, തുടര്‍ന്നങ്ങോട്ട് ഇരുപത്തിമൂന്നോളം അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ നേടുകയുണ്ടായി.

ഇരുപത്തിയൊന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ഇത്രത്തോളം സ്വീകാര്യത ലഭിച്ചെങ്കില്‍, ഇതേ പ്രമേയത്തിലുള്ള കൊമേഴ്‌സ്യല്‍ സിനിമയ്‌ക്ക് ലഭിക്കാവുന്ന അപാരമായ സാധ്യതകളാണ് ഒരു വലിയ ക്യാന്‍വാസില്‍ സിനിമ ചെയ്യുന്നതിലേക്ക് സംവിധായകനെ നയിച്ചത്. ആകസ്മിക ദുരന്തം പ്രമേയമാക്കിയ ‘ടൈറ്റാനിക്കി’ നെക്കാള്‍, ഒരു മനുഷ്യനിര്‍മ്മിത ദുരന്തം പ്രമേയമാക്കുന്ന ഇത്തരത്തിലൊരു ചിത്രത്തിലൂടെ, സിനിമ എന്ന കലയുടെ യഥാര്‍ത്ഥ ലക്ഷ്യമായ ബോധവല്‍ക്കരണ പ്രക്രിയയും സംവിധായകന്‍ മനസ്സില്‍ക്കണ്ടു. ഒരു വലിയ ദുരന്തത്തിലേക്കാണ് ചുവടുവയ്‌ക്കുന്നതെന്നോര്‍ക്കാതെ 16 വര്‍ഷത്തെ തന്റെ സമ്പാദ്യം മുഴുവനാണ് 10 മില്യന്‍ ഡോളര്‍ ബഡ്ജറ്റില്‍ ഒരുക്കിയ കന്നിച്ചിത്രത്തിനു വേണ്ടി ഡോ. സോഹന്‍ റോയി നീക്കി വച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by