ഇസ്ലാമാബാദ് : പാകിസ്താനിൽ പോലീസ് സ്റ്റേഷനിൽ മതനിന്ദ ആരോപിച്ച് ഒരാളെ പോലീസുകാരൻ വെടിവച്ചു കൊന്നു. ആൾക്കൂട്ടത്തിന്റെ രോഷത്തിൽ നിന്ന് രക്ഷിക്കാൻ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ച വയോധികനെയാണ് സ്റ്റേഷനുള്ളിൽ വച്ച് പോലീസുകാരൻ വെടിവച്ച് കൊന്നത് .
ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലാണ് സംഭവം . സയ്യിദ് ഖാൻ (70) എന്ന വയോധികൻ നബിയെ പറ്റി ഫോണിലൂടെ അപകീർത്തികരമായ കാര്യങ്ങൾ സംസാരിച്ചുവെന്നാണ് ആരോപണം ഉയർന്നത് . ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്.
സയ്യിദ് ഖാനെ ജനക്കൂട്ടം ഉപദ്രവിക്കാതിരിക്കാൻ സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോയി . എന്നാൽ ഇവിടെ വെച്ച് ഒരു പോലീസുകാരൻ സയ്യിദ് ഖാന്റെ ബന്ധുവെന്ന വ്യാജേന വന്ന് വെടിവെയ്‌ക്കുകയായിരുന്നു. സെയ്ദ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.സയ്യിദ് ഖാനെ കൊലപ്പെടുത്തിയ പോലീസുകാരനെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരെ കേസെടുത്തതായും ക്വറ്റ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പോലീസുകാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സയ്യിദ് ഖാനെ ഖൈറോതാബാദ് പോലീസ് സ്‌റ്റേഷനിലാണ് ആദ്യം എത്തിച്ചത് . ഇവിടെ ഇയാൾക്കെതിരെ മതനിന്ദയ്‌ക്ക് കേസെടുത്തു. ഈ സമയത്ത് എത്തിയ ജനക്കൂട്ടം ഈ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. മതനിന്ദ കുറ്റം ചുമത്തിയയാളെ തങ്ങൾക്ക് കൈമാറണമെന്ന് ജനക്കൂട്ടം ആവശ്യപ്പെട്ടു.
പാകിസ്ഥാനിലെ ഇസ്‌ലാമിക മതമൗലികവാദി പാർട്ടിയായ തെഹ്‌രീകെ-ഇ-ലബ്ബൈക്കിൽ (ടിഎൽപി) നിന്നുള്ളവരും ഈ ജനക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഈ സംഭവത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. അതിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷന്റെ വാതിൽ തകർക്കാൻ ശ്രമിക്കുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: