ജറുസലേം: ഹമാസ് ആളുകളെ ബന്ദികളാക്കി തടവിലിടുകയും കൊലപ്പെടുത്തുകയും ചെയ്ത തുരങ്കത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ സൈന്യം. ബന്ദികളുടെ മരണത്തെക്കുറിച്ച് ഫോറൻസിക് സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് ഇസ്രായേൽ സൈന്യം അവരുടെ പ്രതിരോധ സേനയുടെ ഔദ്യേഗിക എക്സ് പേജിലൂടെ വിഡിയോ പങ്കുവച്ചത്.
സൈന്യത്തിലുളള റിയർ അഡ്മിറൽ ഡാനിയൽ ഹഗാരിയാണ് വീഡിയോയിൽ തുരങ്കത്തിന്റെ പൂർണ വിശദീകരണം നൽകുന്നത്. ആറ് ബന്ദികളെ ഹമാസ് പിടികൂടി ആ തുരങ്കത്തിൽ വെച്ച് കൊന്നതായി വീഡിയോയിൽ പറയുന്നുണ്ട്. ഇരുമ്പ് വാതിലുകൊണ്ട് അടച്ച ഒരു ഇരുണ്ട തുരങ്കമാണ് വീഡിയോയിൽ ഉളളത്. നിലത്ത് രക്ത കറകളും, വെടിയുണ്ടകളും കിടക്കുന്നതായി കാണാം.
ആഗസ്റ്റ് 29 ന് രാത്രിയിലാണ് ആറ് ബന്ദികളും കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം മൃതദേഹങ്ങൾ തെക്കൻ ഗസ പ്രദേശമായ റഫയിൽ നിന്ന് ഇസ്രയേൽ സൈനികർ കണ്ടെത്തിയതായും ഹഗാരി പറയുന്നുണ്ട്.
ഭൂമിയിൽ നിന്നും ഏകദേശം 20 മീറ്റർ (66 അടി) താഴ്ചയും, 5.6 അടി ഉയരവും, 32 ഇഞ്ച് വീതിയുമാണ് തുരങ്കത്തിനുളളത്. ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയവരെ കൊല്ലപ്പെടുത്തുമ്പോൾ ഇസ്രായേൽ സൈന്യം പ്രദേശത്തുണ്ടായിരുന്നു. എന്നാൽ സൈനികർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് ഹഗാരി പറഞ്ഞു.
പ്രദേശത്ത് ബന്ദികളുടെ സാന്നിധ്യത്തെക്കുറിച്ച് സൈന്യത്തിന് കൃത്യമായ പരിശോധനാ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് ഉളളത്. 23 നും 40 നും ഇടയിൽ പ്രായമുള്ളവരായിരുന്നു.
ഇവരിൽ അഞ്ച് പേരെ കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനാണ് പിടിക്കൂടിയത്. നോവ ഡാൻസ് ഫെസ്റ്റിവലിൽ വെച്ചാണ് തീവ്രവാദികൾ ഇവരെ പിടിക്കൂടിയത്. ഈ കൊലപാതകങ്ങൾ ഇസ്രായേലിലെ ജനങ്ങളുടെ രോഷത്തിന് കാരണമായിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൈന്യം വീഡിയോ ചിത്രീകരിച്ചതെന്ന് വീഡിയോയിൽ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് പോസ്റ്റ് സാമുഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: