കോട്ടയം: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങള്‍ സമര്‍പ്പിക്കാന്‍ മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂരില്‍ നിന്ന് യാത്ര തിരിച്ചു. ഇന്നലെ രാവിലെ മങ്ങാട്ടില്ലത്തെ തേവാരപ്പുരയിലെ ചടങ്ങുകള്‍ക്കുശേഷം 11.30 ഓടെ മങ്ങാട്ടുകടവില്‍ നിന്ന് ചുരുളന്‍ വള്ളത്തിലാണ് അനൂപ് നാരായണ ഭട്ടതിരി ആറന്മുളയിലേക്ക് തിരിച്ചത്.
വിദ്യാസാഗര്‍ വൈലപ്പള്ളി, വിനു എം. നായര്‍ കുമ്പളത്ത്, സുധീഷ് അമ്മാറയില്‍ എന്നീ മൂന്നു തുഴക്കാരാണ് വള്ളത്തിലുള്ളത്. ഇന്നലെ വൈകിട്ട് ചക്കുളത്തുകാവിലെത്തി. ഇന്നു രാവിലെ തിരുവല്ല മൂവടത്തുമഠത്തിലും തുടര്‍ന്ന് വൈകിട്ട് ആറന്മുള ഗസ്റ്റ്ഹൗസിലും രാത്രി വിശ്രമിക്കും. ഉത്രാടംനാള്‍ രാവിലെ യാത്രതിരിച്ച് ഉച്ചപൂജയ്‌ക്കു മുന്‍പ് അയിരൂര്‍ പു
തിയകാവിലെത്തും. അവിടെ നിന്ന് വൈകിട്ട് 5 മണിയോടെ കാട്ടൂരിലെത്തും. കാട്ടൂരിലെ 18 നായര്‍ തറവാട്ടുകാര്‍ ഒരുക്കുന്ന അരിയും ഓണവിഭവങ്ങളും തിരുവോണത്തോണിയില്‍ നിറയ്‌ക്കും.
കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനയ്‌ക്കു ശേഷം അവിടെ നിന്ന് കൊളുത്തുന്ന ഭദ്രദീപവുമായി തിരുവോണത്തോണി ആറന്മുളയ്‌ക്കു പുറപ്പെടും. നിരവധി ചുണ്ടന്‍ വള്ളങ്ങളും കുമാരനല്ലൂരില്‍ നിന്നുമുള്ള ചുരുളന്‍വള്ളവും തിരുവോണ തോണിക്ക് അകമ്പടി സേവിക്കും. അയിരൂര്‍ മനയില്‍ രാത്രി ഭക്ഷണത്തിനു ശേഷം, വെച്ചൂര്‍ മന വൈദ്യനെയും സന്ദര്‍ശിക്കും. തുടര്‍ന്ന് നിക്ഷേപമാലിയില്‍ എത്തും. തിരുവോണ നാളില്‍ പുലര്‍ച്ചെ ആറന്മുള ക്ഷേത്രത്തിലെ മധുക്കടവിലെത്തുന്ന തിരുവോണത്തോണിയില്‍ നിന്ന് ഭട്ടതിരിയെ വഞ്ചിപ്പാട്ടുപാടി എതിരേറ്റ് ശ്രീകോവിലിലേക്ക് ആനയിക്കും.
ഉത്രാട നാളില്‍ അത്താഴപൂജയ്‌ക്കു ശേഷം അണയ്‌ക്കുന്ന ആറന്മുള ശ്രീകോവിലിലെ കെടാവിളക്കില്‍ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് കൊളുത്തിയ ഭദ്രദീപം പ്രതിഷ്ഠിക്കും. തുടര്‍ന്ന് ഗണപതി പൂജയ്‌ക്കു ശേഷം മണ്ഡപത്തില്‍ ഓണസദ്യക്കുള്ള അരിയളക്കും. ഓണവിഭവങ്ങള്‍ കൊണ്ട് ഓണസദ്യയും ഒരുക്കും.
മണ്ഡപത്തില്‍ എല്ലാ പൂജകള്‍ക്കും മങ്ങാട്ട് ഭട്ടതിരിയുടെ സാന്നിദ്ധ്യം ഉണ്ടാകും. ഓണസദ്യക്കും ദീപാരാധനക്കും ശേഷം ചിലവു മിച്ചം തുക കാണിക്കയര്‍പ്പിച്ച് ഭട്ടതിരി തിരികെ കുമാരനല്ലൂരിലേയ്‌ക്കു തിരിക്കുന്നതോടെ ചടങ്ങുകള്‍ക്ക് സമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: