കൊല്‍ക്കത്ത: ഭാരത ഫുട്‌ബോള്‍ പൂരം ഐഎസ്എല്‍ 11-ാം സീസണിന് ഇന്ന് കൊടിയേറും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്ക് മുംബൈ സിറ്റി എഫ്‌സിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും.
കഴിഞ്ഞ സീസണില്‍ ഫൈനലില്‍ മുഖാമുഖം കണ്ട ടീമുകളാണ് ഇന്ന് ഉദ്ഘാടന മത്സരത്തിനൊരുങ്ങുന്നത്. കരുത്തോടെ മുന്നേറി ഫൈനലില്‍ മുംബൈ സിറ്റിക്ക് മുന്നില്‍ 3-1ന് കിരീടം നഷ്ടപ്പെട്ട ടീം ആണ് മോഹന്‍ ബഗാന്‍ എസ് ജി. ഇവരെ തോല്‍പ്പിച്ച മുംബൈ നിലവിലെ ജേതാക്കളായിരിക്കുന്നത് രണ്ടാം തവണയാണ്. നേരത്തെ 2020-21 സീസണിലും മുംബൈ ജേതാക്കളായിരുന്നു. അന്നും മോഹന്‍ ബഗാന്‍ എസ് ജിയെ ആണ് ഫൈനലില്‍ തോല്‍പ്പിച്ചത്. അക്കൊല്ലം ലീഗ് ഷീല്‍ഡും മുംബൈ സ്വന്തമാക്കിയിരുന്നു.
പുതിയ സീസണില്‍ പുതിയ പരിശീലകന് കീഴിലാണ് കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാന്‍ എസ്ജി ഇറങ്ങുന്നത്. സ്‌പെയിനില്‍ നിന്നുള്ള ജോസ് മൊളീന ആണ് മോഹന്‍ ബഗാന്‍ പരിശീലകന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൊളീനയുടെ രണ്ടാം വരവാണിത്. ആദ്യ വരവില്‍ 2016-17 സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്ക് രണ്ടാം ഐഎസ്എല്‍ കിരീടം നേടിക്കൊടുത്താണ് തിരികെ പോയത്. അക്കൊല്ലം ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കലൂര്‍ സ്റ്റേഡിയത്തില്‍ തോല്‍പ്പിച്ചാണ് എടികെ കപ്പടിച്ചത്. പിന്നീട് എടികെ വിട്ട മോലീന ഇപ്പോള്‍ വീണ്ടും തിരികെയെത്തിയിരിക്കുകയാണ്. മോഹന്‍ ബഗാന്റെ ദൗത്ത്വവും ഏറ്റെടുത്തുകൊണ്ട്.
4-2-3-1 ശൈലിയാണ് ജോസ് മൊളീനയുടെ പതിവ് ശൈലി. മോഹന്‍ ബഗാന്‍ താരങ്ങളായ സഹര്‍ അബ്ദുല്‍ സമദ്, അനിരുദ്ധ് ഥാപ്പ എന്നിവരെല്ലാം ഈ ഫോര്‍മേഷനോട് ഏറെ പൊരുത്തപ്പെട്ട് കളിക്കുന്ന താരങ്ങളാണ്. ആക്രമണ നിരയില്‍ ലിസ്റ്റന്‍ കൊളാസോ, മന്‍വീര്‍ സിങ്, ഓസ്‌ട്രേലിയക്കാരായ ദിമിത്രിയോസ് പെട്രാറ്റോസ്, ജേസന്‍ കമ്മിന്‍സ്, മക്‌ലാറെന്‍ തുടങ്ങിയ താരങ്ങളുണ്ട്.
ഐലന്‍ഡേഴ്‌സ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മുംബൈ സിറ്റി എഫ്‌സി വലിയ ആത്മ വിശ്വാസത്തോടെയാണ്. ചെക്ക് റിപ്പബ്ലിക് പരിശീലകന്‍ പെട്ര് ക്രാറ്റ്കി ആണ് മുംബൈയ്‌ക്ക് കഴിഞ്ഞ വര്‍ഷം കിരീടം നേടിക്കൊടുത്തത്. സീസണ്‍ പാതിക്കുവച്ച് ഡെസ് ബുക്കിങ്ഹാം മറ്റൊരു ലീഗിലേക്ക് ചുവട് മാറിയതോടെയാണ് കാര്‍റ്റ്കിയുടെ പക്കല്‍ പന്തെത്തിയത്. എഫ്‌സി ഗോവയ്‌ക്കെതിരെ ഗോള്‍ രഹിത സമനിലയില്‍ തുടങ്ങിയ ക്രെറ്റ്കി ഒടുവില്‍ ടീമിന് കപ്പ് നേടിക്കൊടുക്കുകയായിരുന്നു. ഡ്യൂറന്റ് കപ്പില്‍ രണ്ടാം നിര ടീമുമായി ഇറങ്ങിയ മുംബൈ പ്രാഥമിക ഘട്ടത്തില്‍ വലിയ തോല്‍വികള്‍ വഴങ്ങിയാണ് പുറത്തായത്. ടീം പൂര്‍ണ സജ്ജമായി ഇറങ്ങുന്നത് ഇന്ന് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: