ഐഎസ്എലില്‍ ഇത്തവണത്തെ പുതുടീം ആണ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബ്. കഴിഞ്ഞ സീസണ് ഐ ലീഗില്‍ ജേതാക്കളായതിന്റെ ബലത്തിലാണ് ഇക്കുറി ഐഎസ്എലിലേക്ക് പ്രമോഷന് കിട്ടിയത്.
രാജ്യത്തെ ഫുട്ബോള്‍ ആവേശം പാരമ്യത്തിലെത്തിക്കുന്ന ഐഎസ്എല്‍ ആവേശത്തിന്റെ ഭാഗമായി മുഹമ്മദന്‍ എസ് സി പുതുമുഖമാണെങ്കിലും ഭാരതത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ക്ലബ്ബ് ആണ് മുഹമ്മദന്‍ എസ് സി. 133 വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1891 ഫെബ്രുവരി 22നാണ് ക്ലബ്ബ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ഒരു നൂറ്റാണ്ടിലേറെ പ്രായമെത്തിയ ക്ലബ്ബ് ഇക്കാലയളവില്‍ നിരവധി ചരിത്ര നേട്ടങ്ങള്‍ കൈക്കലാക്കിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് 1960ലെ അകാ ഖാന് ഗോള്‍ഡ് കപ്പ് ജേതാക്കളായത്. ചരിത്രത്തില്‍ ആദ്യമായി ഒരു ഭാരത ക്ലബ്ബ് വിദേശ മണ്ണില്‍ വെന്നിക്കൊടി പാറിച്ച നേട്ടമായിരുന്നു അത്. പിന്നീട് നാഷണല്‍ ഫുട്ബോള്‍ ലീഗിന്റെയും ഐ ലീഗിന്റെയും ഭാഗമായി. ഇപ്പോള്‍ ഐഎസ്എല്‍ പ്രവേശം. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിച്ചുകൊണ്ടാണ് മുഹമ്മദന്‍ എസ് സിയുടെ ഐഎസ്എല്‍ അരങ്ങേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: